

മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് ജിഎസ്ടി പരിഷ്കരണം എന്നാണ് കരുതുന്നത്. കുടുംബങ്ങളുടെ മാസ ബജറ്റില്‍ അവഗണിക്കാനാവാത്ത തുകയാണ് ജിഎസ്ടി 2.0 പരിഷ്‌കരണം വഴി ലാഭിക്കാനാവുകയെന്ന അവകാശവാദമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. പുതിയ ജിഎസ്ടി മാറ്റം ജനങ്ങളിലേക്ക് കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടാല്‍ ഉണ്ടാകാനിടയുളള ഇളവുകളാണ് ഇവിടെ പരിശോധിക്കുന്നത്.
സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ഷാംപൂ, മുടിയില്‍ ഉപയോഗിക്കുന്ന എണ്ണ, പല്ല് പൊടി തുടങ്ങിയ വീട്ടു സാധനങ്ങള്‍ ഇപ്പോൾ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉൾപ്പെടുന്നത്. ഡയപ്പറുകൾ, കുഞ്ഞ് കുട്ടികള്‍ക്ക് ആവശ്യമായ കുപ്പികള്‍, അടുക്കള പാത്രങ്ങൾ, തയ്യൽ മെഷീനുകൾ, തീപ്പെട്ടികൾ, മെഴുകുതിരികൾ തുടങ്ങിയവക്കും ഇന്ന് മുതൽ വിലകുറയും. പ്രതിമാസം 5,000 രൂപയുടെ വീട്ടു സാധനങ്ങളുടെ ബില്ലില്‍ ഏകദേശം 500 രൂപ ഇത് ലാഭിക്കാൻ കാരണമാകുമെന്നാണ് കരുതുന്നത്.
പനീർ, യുഎച്ച്ടി പാൽ, പായ്ക്ക് ചെയ്ത പറോട്ടകൾ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കി. വെണ്ണ, നെയ്യ്, ചീസ്, ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ, നംകീൻ, പാസ്ത, നൂഡിൽസ്, ജ്യൂസുകൾ തുടങ്ങിയ മറ്റ് ഭക്ഷ്യവസ്തുക്കളെ ഇപ്പോൾ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോക്ലേറ്റുകളും ബിസ്കറ്റുകളും ഏകദേശം 15 ശതമാനം വിലകുറവില്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. പലചരക്ക് സാധനങ്ങൾക്കായി പ്രതിമാസം 8,000–10,000 രൂപ ചെലവഴിക്കുന്ന ഒരു കുടുംബത്തിന് 800–1,000 രൂപ ഇതിലൂടെ ലാഭിക്കാന്‍ സാധിക്കും.
നോട്ട്ബുക്കുകൾ, മാപ്പുകൾ, പെൻസിലുകൾ, ക്രയോണുകൾ, ഷാർപ്പനറുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനറി ഇനങ്ങൾ ഇപ്പോൾ 0–5 ശതമാനം നികുതി ബ്രാക്കറ്റിലാണ് വരുന്നത്. നേരത്തെ ഇത് 12 ശതമാനമായിരുന്നു. 1,000 രൂപ വിലയുണ്ടായിരുന്ന ഒരു സ്കൂൾ കിറ്റിന് ഇപ്പോള്‍ 850 രൂപയായി കുറയും.
സിമന്റ് ഉള്‍പ്പെടെയുളള ഭവന നിര്‍മാണ വസ്തുക്കളുടെയും ജിഎസ്ടിയില്‍ കുറവുണ്ട്. 50,000 രൂപയുടെ സിമന്റ് വാങ്ങുന്നവര്‍ക്ക് ഇപ്പോൾ ഏകദേശം 5,000 രൂപ ലാഭിക്കാനാകും. സിമന്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. മാർബിൾ, ഗ്രാനൈറ്റ്, മുള, മര ഉൽപ്പന്നങ്ങൾ എന്നിവയും കുറഞ്ഞ നികുതി ബ്രാക്കറ്റുകളിൽ ഉൾപ്പെടുന്നു.
32 ഇഞ്ചിൽ കൂടുതലുള്ള ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, ഡിഷ്‌വാഷറുകൾ, മോണിറ്ററുകൾ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. 40,000 രൂപയുടെ ടിവിക്ക് ഏകദേശം 4,000 രൂപയും 35,000 രൂപയുടെ എയർ കണ്ടീഷണറിന് 3,500 രൂപയും കുറയും. സോളാർ വാട്ടർ ഹീറ്ററുകൾക്ക് 5 ശതമാനമായിരിക്കും ജിഎസ്ടി. 60,000 രൂപയുടെ യൂണിറ്റിന് ഏകദേശം 7,000 രൂപ ലാഭിക്കാം.
GST 2.0 cuts prices on groceries, biscuits, stationery, and home appliances, easing middle-class family budgets.
Read DhanamOnline in English
Subscribe to Dhanam Magazine