ജിഎസ്ടി വെട്ടിക്കുറച്ചിട്ടും ഡിസംബര്‍ കളക്ഷനില്‍ 6% വര്‍ധന; കേന്ദ്രത്തിന് ആശ്വാസമായി കണക്കുകള്‍

ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം 1.2 ശതമാനം ഉയര്‍ന്ന് 1.22 ലക്ഷം കോടിയായി. ഇറക്കുമതി നികുതിയുടെ വരുമാനം 19.7 ശതമാനം വര്‍ധിച്ച് 51,977 കോടി രൂപയായി.
ജിഎസ്ടി വെട്ടിക്കുറച്ചിട്ടും ഡിസംബര്‍ കളക്ഷനില്‍ 6% വര്‍ധന; കേന്ദ്രത്തിന് ആശ്വാസമായി കണക്കുകള്‍
Image Courtesy: x.com/PMOIndia, x.com/nsitharaman
Published on

വിപ്ലവകരമായൊരു തീരുമാനത്തിലൂടെയായിരുന്നു ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചത്. നികുതി നിരക്കുകള്‍ കുറച്ചതുവഴി സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ജിഎസ്ടി കുറച്ചത് വരുമാനം ഉയര്‍ത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

ഡിസംബറില്‍ ജിഎസ്ടി പിരിവ് 6.1 ശതമാനം വര്‍ധിച്ച് 1.74 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബറിലിത് 1.64 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം 1.2 ശതമാനം ഉയര്‍ന്ന് 1.22 ലക്ഷം കോടിയായി. ഇറക്കുമതി നികുതിയുടെ വരുമാനം 19.7 ശതമാനം വര്‍ധിച്ച് 51,977 കോടി രൂപയായി. റീഫണ്ട് 31 ശതമാനം വര്‍ധിച്ച് 28,980 കോടി രൂപയായി. റീഫണ്ടിനു ശേഷമുള്ള ജിഎസ്ടിയില്‍ വര്‍ധന 2.2 ശതമാനം.

സെസ് കളക്ഷന്‍ കഴിഞ്ഞ മാസം 4,238 കോടി രൂപയായി കുറഞ്ഞിരുന്നു. 2024 ഡിസംബറില്‍ ഇത് 12,003 കോടി രൂപയായിരുന്നു. 2025 സെപ്റ്റംബര്‍ 22 മുതലാണ് രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നത്. 375 ഇനങ്ങളുടെ നികുതിയാണ് വെട്ടിക്കുറച്ചത്. ഉപഭോഗം വര്‍ധിപ്പിച്ച് രാജ്യത്ത് സാമ്പത്തികരംഗത്ത് ഉണര്‍വേകുകയെന്നതായിരുന്നു ലക്ഷ്യം.

നവംബറിലെ കണക്ക്

നവംബറില്‍ ആകെ ജിഎസ്ടി കളക്ഷന്‍ 0.7 ശതമാനം ഉയര്‍ന്ന് 1,70,276 കോടി രൂപയിലെത്തിരുന്നു. മുന്‍വര്‍ഷം സമാന മാസത്തില്‍ ഇത് 1,69,016 കോടി രൂപയായിരുന്നു. ഒക്ടോബറില്‍ ജിഎസ്ടി കളക്ഷനില്‍ 4.6 ശതമാനം വര്‍ധിച്ചിരുന്നു. 2024 ഒക്ടോബറിലെ 1.87 ലക്ഷം കോടിയില്‍ നിന്ന് 1.95 ലക്ഷം കോടി രൂപയായിട്ടായിരുന്നു വളര്‍ച്ച. ഏപ്രില്‍-നവംബര്‍ കാലത്തെ ജിഎസ്ടി പിരിവില്‍ 8.9 ശതമാനം വര്‍ധനയുണ്ട്. 14,75,488 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com