
2,000 രൂപയില്‍ താഴെയുള്ള ഇടപാടുകളില്‍ പേയ്‌മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതില്‍ വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ തിങ്കളാഴ്ച ചേരുന്ന 54-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,000 രൂപയില്‍ താഴെയുള്ള ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് പേയ്‌മെന്റ് അഗ്രഗേറ്റര്‍മാരില്‍ നിന്ന് നികുതി ചുമത്താനാണ് ജി.എസ്.ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി ആലോചിക്കുന്നത്. ഈ തീരുമാനം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് കമ്മിറ്റിയുടെ വാദം. എന്നാല്‍ ഇടപാടുകള്‍ക്ക് നികുതി ചുമത്തപ്പെട്ടാല്‍ ബിസിനസ് നടത്തിപ്പുകാര്‍ അതിന്റെ ഭാരം താങ്ങേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്.
ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ക്യൂ.ആര്‍ കോഡ്, പി.ഒ.എസ് യന്ത്രം, നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനും ബിസിനസ് ഉടമയ്ക്ക് അത് സ്വീകരിക്കാനും പറ്റുന്ന തേര്‍ഡ് പാര്‍ട്ടി സേവനങ്ങള്‍ നല്‍കുന്നവരെയാണ് പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ എന്ന് വിളിക്കുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് സ്വന്തമായി പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനുള്ള എളുപ്പ മാര്‍ഗമാണിത്. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പണം നിശ്ചിത സമയത്തിനുള്ളില്‍ വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. ഉപയോക്താവും ബിസിനസ് ഉടമയും തമ്മിലുള്ള ഇടപാടുകളിലെ ഇടനിലക്കാരനെന്ന നിലയില്‍ ലഭിക്കുന്ന യൂസര്‍ഫീയാണ് ഇത്തരം സേവനദാതാക്കളുടെ വരുമാനം. 0.5 ശതമാനം മുതല്‍ രണ്ട് ശതമാനം വരെയാണ് ഗേറ്റ്‌വേ ഫീസ് എന്ന പേരില്‍ ഇവര്‍ ഈടാക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍ പേ, റേസര്‍പേ, ക്യാഷ്ഫ്രീ തുടങ്ങിയവര്‍ പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ക്ക് ഉദാഹരണമാണ്. എന്നാല്‍ യു.പി.ഐ ഇടപാടുകളെ ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല.
രാജ്യത്തെ നിയമപ്രകാരം ഇത്തരം സേവനദാതാക്കളെ ബാങ്കിംഗ് കമ്പനി, സാമ്പത്തിക സ്ഥാപനം, ബാങ്കിതര സാമ്പത്തിക സ്ഥാപനം എന്നീ വിഭാഗങ്ങളില്‍ പെടുത്താന്‍ കഴിയില്ല. ഉപയോക്താവിനെയും ബിസിനസ് ഉടമയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനിലക്കാരന്‍ എന്ന നിലയിലേ ഇവരെ പരിഗണിക്കാന്‍ കഴിയൂ എന്നാണ് ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ നിലപാട്. ഇത്തരം ഇടനിലക്കാരെ ജി.എസ്.ടി പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും കമ്മിറ്റി നിലപാടെടുത്തു. എന്നാല്‍ ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവിലെ നിയമം
2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നിലവില്‍ ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 2017ലാണ് ഇത് നടപ്പിലാക്കിയത്.
ഇത്തരത്തിലൊരു തീരുമാനം ചെറുകിട ബിസിനസുകാരെ സാരമായി ബാധിക്കാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിലെ രീതിയനുസരിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ ഫീസായി ഒരു ശതമാനമാണ് സേവനദാതാക്കള്‍ ഈടാക്കുന്നത്. അതായത് 1,000 രൂപയുടെ ഇടപാട് നടത്തിയാല്‍ 10 രൂപ യൂസര്‍ഫീ നല്‍കണം. എന്നാല്‍ 18 ശതമാനം നികുതി നടപ്പിലാക്കിയാല്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ അധികഭാരം വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാധ്യത. ഇത് കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ബിസിനസുകാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
Read DhanamOnline in English
Subscribe to Dhanam Magazine