ടയര്‍ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ജിഎസ്ടി നിരക്കിളവ് സഹായിച്ചു, ആവശ്യകത ഇനിയും വര്‍ധിക്കും: അരുണ്‍ മാമന്‍

അടുത്ത വര്‍ഷത്തോടെ 30,000 ഹെക്ടറില്‍ കൂടി റബര്‍ മരങ്ങള്‍ നടും. ടാപ്പിംഗ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷം കൂടിയെടുക്കും.
ടയര്‍ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ജിഎസ്ടി നിരക്കിളവ് സഹായിച്ചു, ആവശ്യകത ഇനിയും വര്‍ധിക്കും: അരുണ്‍ മാമന്‍
Published on

രാജ്യത്ത് ടയറിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഡിമാന്‍ഡില്‍ വലിയ ഉണര്‍വേകാന്‍ ജിഎസ്ടി പരിഷ്‌കരണത്തിന് സാധിച്ചുവെന്ന് എംആര്‍എഫ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമന്‍.

ജിഎസ്ടി പരിഷ്‌കാരത്തിന് മുമ്പുവരെ ടയര്‍ ഡിമാന്‍ഡില്‍ അത്ര പോസിറ്റീവായിരുന്നില്ല കാര്യങ്ങള്‍. എന്നാല്‍ ജിഎസ്ടി വെട്ടിക്കുറച്ച ശേഷം കാര്യങ്ങള്‍ മാറി. വാഹന വിപണിയിലെ വളര്‍ച്ചയ്‌ക്കൊപ്പം ടയര്‍ ഡിമാന്‍ഡിലും വലിയ വളര്‍ച്ചയുണ്ടായി. ടയര്‍ വില്പന കൂടിയത് പ്രകൃതിദത്ത റബറിന്റെ ആവശ്യകതയിലും മാറ്റങ്ങളുണ്ടാക്കി.

രാജ്യത്ത് പ്രകൃതിദത്ത റബര്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഓട്ടോമോറ്റീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (ആത്മ) നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിപുലമായ പദ്ധതികളാണ് നടത്തുന്നത്. അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയര്‍, എംആര്‍എഫ് എന്നീ കമ്പനികളുടെ നേതൃത്വത്തിലാണിത്. രണ്ടുലക്ഷം ഹെക്ടറില്‍ റബര്‍ നടാനാണ് പദ്ധതി. ഇതുവരെ 1.7 ലക്ഷം ഹെക്ടറില്‍ നടീല്‍ പൂര്‍ത്തിയായി.

അടുത്ത വര്‍ഷത്തോടെ 30,000 ഹെക്ടറില്‍ കൂടി റബര്‍ മരങ്ങള്‍ നടും. ടാപ്പിംഗ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷം കൂടിയെടുക്കും. വിപണിയിലേക്കുള്ള റബര്‍ വരവ് വര്‍ധിക്കാനും ടയര്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള പ്രകൃതിദത്ത റബര്‍ ലഭ്യത ഉയര്‍ത്താനും ഇതുവഴി സാധിക്കുമെന്ന് അരുണ്‍ മാമന്‍ വ്യക്തമാക്കി.

വില്പന വര്‍ധിച്ചു

ടയറിന്റെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറച്ചത് വില കുറയുന്നതിന് വഴിയൊരുക്കി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള മികച്ച തീരുമാനമായിരുന്നു ഇത്. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ ടയര്‍ വില്പനയില്‍ പോലും ഈ മാറ്റം ദൃശ്യമാണ്.

കൂടുതല്‍ വാഹനങ്ങള്‍ വില്ക്കാനും അതുവഴി ടയര്‍ ഡിമാന്‍ഡ് ഉയര്‍ത്താനും സാധിക്കുന്നുവെന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബറിന്റെ രാജ്യാന്തര വില നിലവില്‍ കിലോഗ്രാമിന് 194 രൂപയാണ്. ആര്‍എസ്എസ്1ന്റെ വിലയാണിത്. ആഭ്യന്തര വിലയാകട്ടെ കിലോഗ്രാമിന് 183 രൂപ നിരക്കിലുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com