

രാജ്യത്തെ ആഭ്യന്തര വിപണി കൂടുതല്‍ ചലനാത്മകമാക്കാന്‍ നികുതി ഘടനയില്‍ പൊളിച്ചെഴുത്തുമായി കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്രദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജി.എസ്.ടിയില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്കിയത്. യു.എസ് തീരുവ 50 ശതമാനമാക്കിയതിന് പിന്നാലെ ആഭ്യന്തര വിപണിയുടെ പ്രധാന്യം എടുത്തു പറഞ്ഞ് മോദി ഒരു പരിപാടിയില്‍ പ്രസംഗിച്ചിരുന്നു.
ചൈനയെ പോലെ കൂടുതലായി കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യമല്ല ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിപണി വളരെ വലുതാണ്. ഈ തിരിച്ചറിവില്‍ തന്നെയാണ് ജി.എസ്.ടിയില്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നതും. നിത്യോപയോഗ സാധനങ്ങളുടെ അടക്കം നികുതി കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. നികുതി കുറയുമ്പോൾ സ്വാഭാവികമായും കൂടുതല്‍ ക്രയവിക്രയം നടക്കും.
ഇത് ആഭ്യന്തര വിപണിയെ ഉത്തേജിപ്പിക്കും. ഇടത്തരക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ നടത്തുന്നവർക്കും ഇതുവഴി വലിയ ഗുണം ലഭിക്കുകയും ചെയ്യും. ദീപാവലി വേളയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതും ജി.എസ്.ടിയുമായി ബന്ധപ്പെടുത്തിയാണ്.
ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത യോഗം നടക്കുന്നത് സെപ്റ്റംബര്‍ ഒന്‍പതിനാണ്. നികുതി ഘടനയിലെ കാതലായ മാറ്റത്തിന് ഈ യോഗം അംഗീകാരം നല്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ജി.എസ്.ടിക്ക് 4 സ്ലാബാണുള്ളത്. 5%, 12%, 18%, 28% എന്നിങ്ങനെ. ഇതില്‍ 12, 28 സ്ലാബുകള്‍ എടുത്തു കളഞ്ഞ് മദ്യം ഉള്‍പ്പെടെ ചില ഇനങ്ങള്‍ക്ക് 40 ശതമാനത്തിന്റെ സ്ലാബ് കൊണ്ടുവരാനുമാണ് നീക്കം.
ജി.എസ്.ടി കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനൊപ്പം ഉപഭോഗം വലിയ രീതിയില്‍ വര്‍ധിപ്പിക്കാന്‍ പുതിയ മാറ്റം വഴിയൊരുക്കും. റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍, പാല്‍, ജ്യൂസ്, നെയ്യ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം നികുതിയും വിലയും കുറയും. സാധനങ്ങളുടെ വില കുറയുന്നതോടെ വില്പനയില്‍ ഉണര്‍വുണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
ജി.എസ്.ടി സ്ലാബുകള്‍ കുറയ്ക്കുന്നതു വഴി 80,000 കോടി രൂപയോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ഈ കുറവ് കൂടിയ വില്പനയിലൂടെ പൊതുവിപണിയിലേക്കും തൊഴില്‍ സൃഷ്ടിക്കലിലേക്കും എത്തിക്കാമെന്നാണ് പ്രതീക്ഷ.
നിലവില്‍ 12 ശതമാനം സ്ലാബില്‍ ഉള്ള 99 ശതമാനം ഉത്പന്നങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറും. 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉത്പന്ന, സേവനങ്ങള്‍ 18 ശതമാനത്തിലേക്ക് മാറും. ഒക്ടോബര്‍ പകുതിയോടെ പുതിയ ജി.എസ്.ടി നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് സൂചന. വരുമാന നഷ്ടം വരുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ നീക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine