
ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ലാബില്‍ വലിയ മാറ്റം വരുത്താനൊരുങ്ങി ജി.എസ്.ടി കൗണ്‍സില്‍. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളാണ് ജി.എസ്.ടിയില്‍ ഉള്ളത്. ഇതില്‍ നിന്നും 12 ശതമാനം ജി.എസ്.ടി എന്ന സ്ലാബ് അധികം വൈകാതെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം അവസാനത്തോടെ നടക്കുന്ന 56ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തരം യോഗങ്ങള്‍ക്ക് 15 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതാണെന്നും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണെന്നുമാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാധാരണക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും 12 ശതമാനം സ്ലാബിലാണുള്ളത്. ഇതില്‍ മാറ്റം വരുത്തുന്നതോടെ സാധാരണക്കാരുടെ ഭാരം കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ 12 ശതമാനം ചുമത്തിയിരിക്കുന്ന ഉത്പന്നങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കുകയോ അല്ലെങ്കില്‍ 12 ശതമാനം സ്ലാബ് പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തീരുമാനം നടപ്പിലായാല്‍ ജി.എസ്.ടി ഘടനയില്‍ സമൂലമായ മാറ്റമുണ്ടാകും. കൂടാതെ രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം പിടിച്ചുകെട്ടാനും ഉപകരിക്കുമെന്നാണ് കരുതുന്നത്. 12 ലക്ഷം രൂപ വരെ വരുമാനമുള്ള സാധാരണക്കാര്‍ ആദായനികുതി അടക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു നികുതി പരിഷ്‌ക്കാരത്തിന് ഒരുങ്ങുന്നത്.
മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിംഗ് ബോട്ടില്‍, ചില സാനിട്ടറി നാപ്കിനുകള്‍, സോപ്പുകള്‍, ചില ടൂത്ത് പേസ്റ്റുകള്‍, തയ്യല്‍ മെഷീന്‍, കണ്ടെന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിലുകള്‍, വാക്കിടോക്കി, ടാങ്കുകള്‍, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്‍ടാക് ലെന്‍സുകള്‍, ചീസ്, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ്, ഫ്രോസണ്‍ വെജിറ്റബ്ള്‍സ്, സോസേജ്, മത്സ്യ ഉത്പന്നങ്ങള്‍, പാസ്ത, ജാമുകള്‍, ജെല്ലി, ഫ്രൂട്ട് ജൂസ് പാനീയങ്ങള്‍, കറി പേസ്റ്റ്, കുടകള്‍, തൊപ്പി, സൈക്കിള്‍, വീട്ടുപകരണങ്ങള്‍, മുള-തടി ഫര്‍ണിച്ചറുകള്‍, പെന്‍സില്‍, ക്രയോണ്‍, ഹാന്‍ഡ്ബാഗ്, 1,000 രൂപയില്‍ താഴെ വരുന്ന പാദരക്ഷകള്‍, ഡയഗ്‌നോസ്റ്റിക് കിറ്റ്സ്, മാര്‍ബിള്‍, ഗ്രാനൈറ്റ് കട്ടകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍, ജ്യോമട്രി ബോക്‌സ്, ചില ആയുര്‍വേദ, യൂനാനി മരുന്നുകള്‍, പ്രഷര്‍ കുക്കറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നിലവില്‍ 12 ശതമാനം നികുതി ഈടാക്കിയിരിക്കുന്നത്.
ഇത് കൂടാതെ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, പ്രതിദിനം 7,500 രൂപ വരെയുള്ള ഹോട്ടല്‍ റൂമുകള്‍, നോണ്‍ ഇക്കണോമി ക്ലാസിലുള്ള വിമാന യാത്ര, മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍, ടെക്നിക്കല്‍ ആന്‍ഡ് ബിസിനസ് സര്‍വീസുകള്‍, ചില പ്രൊഫഷണലുകള്‍ എന്നിവയും 12 ശതമാനം നികുതി സ്ലാബില്‍ വരും. ഇവയില്‍ എല്ലാത്തിന്റെയും നികുതി 5 ശതമാനമാക്കാന്‍ സാധ്യതയില്ല. ചിലതിന്റേത് 18 ശതമാനമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine