

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്‌സിനെ വില്ക്കാനുള്ള ശ്രമങ്ങളുമായി ഫ്രാഞ്ചൈസി ഉടമകള്‍. ഓരോ വര്‍ഷം കഴിയുന്തോറും ക്ലബിന്റെ വരുമാനം കുറയുന്നതും ചെലവും നഷ്ടവും ഉയരുന്നതുമാണ് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഉടമകളെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ അടക്കം നഷ്ടം രേഖപ്പെടുത്തിയ ക്ലബിന് ലാഭത്തിന്റെ അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല.
സമീപകാലത്ത് കളത്തിലും പ്രകടനം മോശമായതോടെ ആരാധകരെ ടീമിനെ താല്ക്കാലികമായി കൈവിട്ട അവസ്ഥയിലാണ്. കഴിഞ്ഞ സീസണില്‍ അവസാന ഹോം മത്സരങ്ങള്‍ കാണാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയത് 10,000ത്തില്‍ താഴെ ആരാധകരാണ്. കാണികള്‍ കുറഞ്ഞതോടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐഎസ്എല്ലില്‍ കളിക്കുന്ന ക്ലബുകളില്‍ ജെംഷഡ്പൂര്‍ എഫ്‌സി മാത്രമാണ് ഇതുവരെ ലാഭം രുചിച്ചു നോക്കിയ ക്ലബ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന് സ്വന്തമായി സ്റ്റേഡിയം, അക്കാഡമി, പരിശീലന ഗ്രൗണ്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇത്തരത്തില്‍ യാതൊന്നുമില്ല. പരിശീലന ഗ്രൗണ്ട് ഉള്‍പ്പെടെ എല്ലാം വാടകയ്ക്കാണ്.
കൊല്‍ക്കത്തയില്‍ നിന്നുള്ള ഐഎസ്എല്‍ ടീമുകള്‍ക്ക് സ്വന്തമായി ക്ലബ് ഹൗസ് ഉള്‍പ്പെടെയുണ്ട്. കൂടുതല്‍ വരുമാന സാധ്യതകളും അവര്‍ക്കുണ്ട്. ബ്ലാസ്റ്റേഴ്‌സിന് ഇത്രയും നാളുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ സാധിച്ചുവെന്നതിനപ്പുറം കാര്യമായ ആസ്തി ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2023-24 സീസണിനെ അപേക്ഷിച്ച് 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം കമ്പനിയുടെ നഷ്ടം വര്‍ധിച്ചുവെന്നാണ് വിവരം.
അഞ്ചുവര്‍ഷം മുമ്പേ ക്ലബിന്റെ വില്പന സംബന്ധിച്ച വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചു.
ഗള്‍ഫ് ആസ്ഥാനമായുള്ള ചില കമ്പനികളുമായി വില്പന സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ വില്പന കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സിനെ ഗുജറാത്തിലേക്ക് പറിച്ചുനടാന്‍ ഇടയ്ക്ക് മാനേജ്‌മെന്റ് സാധ്യത തേടിയിരുന്നു. എന്നാല്‍ ഇതും നടക്കാതെ പോയി. ഇന്ത്യന്‍ ഫുട്‌ബോള്‍ ഓരോ വര്‍ഷം ചെല്ലുന്തോറും പ്രകടനം മോശമായി വരുന്നതും ഐഎസ്എല്ലിന്റെ വാണിജ്യ വിജയത്തെ ബാധിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine