

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവു വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ പ്രതിദിനം 10 മില്യണ്‍ ബാരലിലധികം ക്രൂഡ് ഓയിലാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മേയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 3 മില്യണ്‍ ബാരലിലധികം വര്‍ധന രേഖപ്പെടുത്തിയതായി പ്രമുഖ കാര്‍ഗോ അനലിറ്റിക്‌സ് വെബ്‌സൈറ്റായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് മേഖലയിലെ എണ്ണ വിപണിയുടെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത് യുഎഇ ആണ്. എന്നിരുന്നാലും യുദ്ധത്തിന് മുന്‍പുള്ള ശരാശരിയേക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോഴത്തെ കയറ്റുമതി. പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ സൂചനകളാണ് സജീവമായ എണ്ണ ഉത്പാദനം സൂചിപ്പിക്കുന്നത്. ഗള്‍ഫ് തീരങ്ങളില്‍ കുടുങ്ങിക്കിടന്ന ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ യുഎഇക്ക് സാധിച്ചു.
കെപ്ലര്‍ ഡാറ്റ പ്രകാരം ജൂണില്‍ യുഎഇയുടെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 3.7-3.8 മില്യണ്‍ ബാരലില്‍ എത്തി. മേയ് മാസത്തേക്കാള്‍ ഒരു മില്യണ്‍ ബാരലിലധികം അധികമാണിത്.
സൗദി അറേബ്യയുടെ ജൂണിലെ കയറ്റുമതി 7,68,000 ബാരല്‍ വര്‍ധിച്ച് പ്രതിദിനം 4.52 മില്യണ്‍ ബാരലിലെത്തി. ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ കയറ്റുമതി 8,00,000 ബാരല്‍ വീതമായി ഉയര്‍ന്നു. കുവൈറ്റ് തങ്ങളുടെ ഉത്പാദനം ജൂണില്‍ 1.65 മില്യണ്‍ ബാരലായി കുത്തനെ കൂട്ടിയിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് വന്നതോടെ ഇറാന്റെ കയറ്റുമതിയില്‍ 70 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
യുദ്ധസമയത്ത് ഹോര്‍മൂസ് കടലിടുക്ക് ഒഴിവാക്കാനായി സൗദി അറേബ്യയും യുഎഇയും തങ്ങളുടെ ബദല്‍ പൈപ്പ്ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. കൂടാതെ യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് (ADNOC) കയറ്റുമതി സുഗമമാക്കാന്‍ പ്രത്യേക ടാങ്കര്‍ ഷട്ടില്‍ സര്‍വീസും നടത്തി. എന്നാല്‍ ഇറാഖിനും കുവൈറ്റിനും ഇത്തരം ബദല്‍ പൈപ്പ്ലൈന്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നു.
ഹോര്‍മൂസിലൂടെയുള്ള സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതോടെ കപ്പല്‍ ഉടമകള്‍ വീണ്ടും ഗള്‍ഫ് റൂട്ടിലേക്ക് സജീവമായി തിരിച്ചെത്തി തുടങ്ങി. എണ്ണ വിതരണം സാധാരണ നിലയിലായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില യുദ്ധത്തിന് മുന്‍പുള്ള നിരക്കിലേക്ക് താഴാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ബ്രെന്റ് ക്രൂഡ് 72 ഡോളറാണ്. മര്‍ബന്‍ ക്രൂഡ് 66 ഡോളറിലുമാണ് വില്പന.
Read DhanamOnline in English
Subscribe to Dhanam Magazine