'16 വര്‍ഷത്തെ അധ്വാനമാണ്, ഒക്കെ വെറുതെയായി' മാതമംഗലത്തെ കടയുടമ റബീഹ് പറയുന്നു

'പ്രവാസലോകത്ത് 16 വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ പണവും വായ്പയുമൊക്കെ എടുത്ത് തുടങ്ങിയ സ്ഥാപനമാണ്, ഒടുവില്‍ ഒരു സമരത്തോടെ അടച്ചുപൂട്ടേണ്ടി വന്നു.... ഒലിച്ചുപോവുക 70 ലക്ഷം രൂപയാണ്... ജീവിതം തന്നെ ആശങ്കയിലാണുള്ളത്.. മന്ത്രി ഇടപെടുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ഏക ആശ്വാസം' കണ്ണൂര്‍ മാതമംഗലത്ത് അടച്ചുപൂട്ടിയ എസ് ആര്‍ അസോസിയേറ്റ് ഹാര്‍ഡ്വയര്‍ കടയുടമ റബീഹിന്റെ വാക്കുകളാണിത്. 2021 ഓഗസ്റ്റ് രണ്ടിന് ഏറെ ശുഭാപ്തി പ്രതീക്ഷകളുമായി തുടങ്ങിയ സ്ഥാപനമാണ് 50 ദിവസമായി തുടരുന്ന സിഐടിയു തൊഴിലാളി സമരത്തെ തുടര്‍ന്ന് അടുച്ചുപൂട്ടേണ്ടി വന്നത്. തൊഴില്‍ നിഷേധമാണ് സമരത്തിന് കാരണമെന്ന് സിഐടിയു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെ പോലും മര്‍ദിക്കുകയാണെന്ന് റബീഹ് ആരോപിക്കുന്നു.

നേരത്തെ, കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാമെന്ന ഉത്തരവ്‌ കടയുടമ ഹൈക്കോടതിയില്‍നിന്ന് നേടിയിരുന്നു. പിന്നാലെയാണ് പ്രദേശത്തെ സിഐടിയു തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. പിന്നീട് സാധനം വാങ്ങാനെത്തുന്നവരെ പോലും അക്രമിക്കുന്ന സ്ഥിതിയായതോടെയാണ് കട അടച്ചുപൂട്ടേണ്ടതായി വന്നതെന്ന് റബീഹ് പറഞ്ഞു. അതേസമയം, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തൊഴില്‍ നിഷേധിച്ചുകൊണ്ടാണ് സമരം നടത്തിയതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം.
'കടയിലേക്ക് ലോഡ് എത്തിക്കാന്‍ സിഐടിയു തൊഴിലാളികള്‍ സമ്മതിക്കുന്നില്ല. ലോഡുമായി വരുന്ന വാഹനങ്ങള്‍ തടയുകയാണ്. കൂടാതെ, വാഹനങ്ങള്‍ തടയുന്നത് കാരണം സാധനങ്ങള്‍ ഓര്‍ഡറനുസരിച്ച് എത്തിക്കാന്‍ പോലും സാധിക്കുന്നില്ല. ആദ്യം നോക്കുകൂലി ആവശ്യപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ തൊഴില്‍ വേണമെന്നാണ് പറയുന്നത്. നിലവില്‍ നാല് പേര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഉപഭോക്താക്കളെയടക്കം തടയുന്നത് കാരണം കുറേ ദിവസങ്ങളായി ഒരു രൂപയുടെ കച്ചവടം പോലും സ്ഥാപനത്തില്‍ നടന്നിട്ടില്ല' - റബീഹ് ധനത്തോട് പറഞ്ഞു. കേരളം ബിസിനസ് സൗഹൃദമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പ്രശ്‌ന പരിഹാരത്തിനായി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it