Top

ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കുമെന്ന് യൂസഫലി

കൊറോണ വൈറസ് വ്യാപനം മൂലം ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി താല്‍ക്കാലികമാകുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഇപ്പോഴത്തെ ബുദ്ധിമട്ടുകള്‍ തരണം ചെയ്ത് കൂടുതല്‍ ശക്തിയോടെയുള്ള തിരിച്ചുവരവുണ്ടാകുമെന്ന്
സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളത്തിലേക്ക് 80% ഗള്‍ഫ് പ്രവാസികള്‍ മടങ്ങിയെത്തിയേക്കും. ഇവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്- എം.എ യൂസഫലി പറഞ്ഞു.ഇപ്പോള്‍ തന്നെ പലരുടെയും ശമ്പളം 50% വരെ വെട്ടിക്കുറച്ചു. ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരുമേറെ.കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശങ്ങളിലുള്ള മലയാളി സംരംഭകര്‍ ശ്രദ്ധ ചെലുത്തണം.

എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. ലുലു അടക്കമുള്ള റീട്ടെയില്‍ വ്യാപാരികള്‍ വലിയ വിഷമതകളിലൂടെയാണ് കടന്നുപോകുന്നത്. കുവൈറ്റ് യുദ്ധാനന്തരം എണ്ണവില ഇടിഞ്ഞപ്പോഴും ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ഭീതി അതിരൂക്ഷമായിരുന്നു. പക്ഷേ, ശക്തമായി തിരിച്ചുവരാന്‍ ഗള്‍ഫിനു കഴിഞ്ഞു. അന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ലക്ഷക്കണക്കിന് പേര്‍ക്ക് വീണ്ടും ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ അഭയമേകി.ആ ചരിത്രം ആവര്‍ത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും യൂസഫലി പറഞ്ഞു. കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാന്‍. ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫിലെ ദീര്‍ഘദൃഷ്ടിയുള്ള ഭരണകര്‍ത്താക്കള്‍ അവശ്യസാധനങ്ങള്‍ ഉറപ്പുവരുത്താന്‍ ബദ്ധശ്രദ്ധാലുക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വദേശികള്‍, വിദേശികള്‍ എന്ന വ്യത്യാസമില്ലാതെയാണ് യുഎഇയിലെ ഭരണാധികാരികള്‍ കോവിഡ് കാലത്ത് ജനങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നത്.ലുലുവിന്റെ ഗള്‍ഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനാവുന്ന കാര്യങ്ങളില്‍ നോര്‍ക്കയ്ക്ക് പരിമിതിയുണ്ട്. ഗള്‍ഫില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേരളത്തിലേ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക പ്രയാസമാണ്. അതിനുള്ള ഫണ്ട് നോര്‍ക്കയുടെ കൈവശമില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. സന്ദര്‍ശക വീസയിലുള്ളവരുടെയും മറ്റും കാര്യങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം.

യുഎഇയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യന്‍ ബിസിനസുകാരന്‍ ബി.ആര്‍.ഷെട്ടിയുടെ തകര്‍ച്ചയുടെ പിന്നിലെ കാരണം തനിക്കറിയില്ല. കോവിഡ് കാലത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ പ്രവാസി ബിസിനസുകാരന്‍ ജോയ് അറയ്ക്കലിനെ പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെന്തായിരുന്നെന്ന് അറിയില്ലെന്നും യൂസഫലി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it