

ധനലക്ഷ്മി ബാങ്കിലെ സാരഥ്യപ്രശ്‌നം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. ഓഹരി ഉടമകള്‍ വോട്ട് ചെയ്ത പുറത്താക്കിയ മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സുനില്‍ ഗുര്‍ബക്‌സാനി വീണ്ടും തിരിച്ചുവരാന്‍ ഇടയുണ്ടെന്ന് 'ബിസിനസ് സ്റ്റാര്‍ഡേര്‍ഡ്' ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 90 ശതമാനം ഓഹരി ഉടമകള്‍ എതിരായി വോട്ട് ചെയ്താണ് സുനില്‍ ഗുര്‍ബക്‌സാനിയെ പുറത്താക്കിയത്. അദ്ദേഹം രാജിവെയ്ക്കുകയായിരുന്നില്ല. പുറത്താക്കപ്പെടുകയായിരുന്നുവെന്ന് ധനലക്ഷ്മി ബാങ്കിന്റെ ഔദ്യോഗിക വക്താക്കള്‍ വിശദീകരിക്കുന്നു. ഓഹരി ഉടമകള്‍ നിരാകരിച്ച മാനേജിംഗ് ഡയറക്റ്ററെ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 10ബിബി വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് തിരിച്ച് നിയമിക്കാനാണ് ആര്‍ബിഐ നീക്കമെന്നാണ് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഇത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നും ബാങ്കിന്റെ ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. ''ഓഹരി ഉടമകള്‍ പുറത്താക്കിയ ഒരു മാനേജിംഗ് ഡയറക്റ്ററെ ആര്‍ ബി ഐ എങ്ങനെ വീണ്ടും തിരിച്ചുകൊണ്ടുവരും? ഗുര്‍ബക്‌സാനി രാജി വെയ്ക്കുകയായിരുന്നില്ല. പുറത്താക്കുകയായിരുന്നു. പുറത്താക്കിയ ആളുടെ രാജിക്കത്ത് സ്വീകരിച്ചില്ലെന്ന വാദം എങ്ങനെ ശരിയാകും? ഭൂരിഭാഗം ഓഹരിയുടമകള്‍ നിരാകരിച്ച ഒരാളെ ആര്‍ബിഐയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല,'' ബാങ്കിന്റെ ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് മുകളിലാണ് ബാങ്കിംഗ് റെഗുലേഷന്‍ ആക്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗുര്‍ബക്‌സാനിയുടെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
അതിനിടെ ധനലക്ഷ്മി ബാങ്കില്‍ പുതിയ മാനേജിംഗ് ഡയറക്റ്ററെ നിയമിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ സാരഥിയെ കണ്ടെത്താനുള്ള അഭിമുഖം കഴിഞ്ഞു. ചുരുക്കപ്പട്ടിക ഉടന്‍ ആര്‍ബിഐയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. അതിനിടെയാണ് ഗുര്‍ബക്‌സാനിയുടെ തിരിച്ചുവരവ് സൂചന നല്‍കി കൊണ്ട് മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം ഇന്ന് ചേരുന്ന ബാങ്ക് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.
തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍ രവി പിള്ള, സി കെ ഗോപിനാഥന്‍, കപില്‍കുമാര്‍ വാധ്വാന്‍, എം എ യൂസഫലി എന്നിവരാണ്.
ഗുര്‍ബക്‌സാനിയെ ഓഹരി ഉടമകള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മൂന്ന് ഡയറക്റ്റര്‍മാര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ്. ജി. സുബ്രഹ്മണ്യ അയ്യര്‍ ചെയര്‍മാനായ സമിതിയില്‍ ജി രാജഗോപാലന്‍ നായര്‍, പി കെ വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളായുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine