

എച്ച് വണ്‍ ബി വീസ ഫീസ് 88 ലക്ഷം രൂപയാക്കി വര്‍ധിച്ച പരിഷ്‌കാരം സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ യു.എസ് കമ്പനികള്‍ നെട്ടോട്ടത്തില്‍. മൈക്രോസോഫ്റ്റ്, ജെപി മോര്‍ഗന്‍ ഉള്‍പ്പെടെ കമ്പനികളെല്ലാം തങ്ങളുടെ ജീവനക്കാരെ തിരിച്ചു വിളിക്കുന്ന തിരക്കിലാണ്. യു.എസിന് പുറത്തുള്ള ജീവനക്കാരെല്ലാം എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരിച്ചെത്തണമെന്ന് കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അവധിക്ക് നാട്ടില്‍ പോയ എച്ച് വണ്‍ ബി വീസ ഉള്ള എല്ലാവരും എത്രയും പെട്ടെന്ന് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ സന്ദേശം അയച്ചിട്ടുണ്ട്. യുഎസിലുള്ള ജീവനക്കാരോട് അവിടെ തന്നെ തുടരാനും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിങ്ങളുടെയും കമ്പനിയുടെയും നല്ല ഭാവിക്കുവേണ്ടി ജാഗ്രതയോടെ ഇരിക്കാനും ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
ആമസോണും ജീവനക്കാര്‍ക്ക് സമാനമായ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എച്ച് വണ്‍ ബി വീസയുള്ള ജീവനക്കാര്‍ തല്ക്കാലം അന്താരാഷ്ട്ര യാത്ര ഒഴിവാക്കണമെന്നാണ് അറിയിപ്പ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ ജീവനക്കാരോട് സെപ്റ്റംബര്‍ 21 അര്‍ധരാത്രിക്ക് മുന്നേ യു.എസില്‍ തിരിച്ചെത്താനും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടതല്ലാത്ത വിദേശ മീറ്റിംഗുകള്‍ കമ്പനി റദ്ദാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരം മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ബഹുരാഷ്ട്ര കമ്പനികളും ഈ നീക്കത്തോട് അനുകൂലമല്ലെന്നാണ് വിവരം. വൈദഗ്ധ്യം വേണ്ട മേഖലകളില്‍ അമേരിക്കയില്‍ നിന്നുള്ളവരെ കിട്ടുകയെന്നത് എളുപ്പമല്ല. അമേരിക്കന്‍ കമ്പനികള്‍ക്ക് ആഗോള വമ്പന്മാരുമായി മത്സരിക്കാനുള്ള ക്ഷമത കുറയ്ക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്ന് പലരും അഭിപ്രായപ്പെടുന്നു.
വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ ഏതൊരു ജീവനക്കാരനും ആറ് വര്‍ഷം വരെ പ്രതിവര്‍ഷം 100,000 ഡോളര്‍ നല്‍കേണ്ടിവരും. ഈ മാറ്റം പുതിയ അപേക്ഷകരെയും വീസ പുതുക്കുന്നവരെയും ബാധിക്കും. എച്ച് വണ്‍ ബി വീസകള്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് കാലാവധിയുള്ളത്. ഇപ്പോള്‍ വീസ ലഭിച്ചവര്‍ തല്‍ക്കാലം ഇതില്‍ നിന്ന് സുരക്ഷിതരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine