
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാക്കുമ്പോള്‍ തട്ടിപ്പുകാര്‍ പുതിയ വഴികളിലേക്കാണ് കടക്കുന്നത്. ഒ.ടി.പി ചോദിച്ചും ലിങ്കുകള്‍ അയച്ചും തട്ടിപ്പ് നടത്തിയ കാലം മാറുകയാണ്. ഇപ്പോള്‍ ചിത്രങ്ങളിലൂടെയാണ് പണി വരുന്നത്. കണ്ണുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ വാട്‌സ്ആപ്പ് ഇമേജുകളില്‍ അപകടകാരികളായ സോഫ്ട്‌വെയറുകളെ ഒളിപ്പിച്ച് സൈബര്‍ ക്രിമിനലുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നിരവധി പേരാണ് പുതിയ തട്ടിപ്പിന്റെ ഇരകളാകുന്നത്.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ അടുത്തിടെ വാട്‌സ്ആപ്പ് ഉപയോക്താവിന് നഷ്ടമായത് 2 ലക്ഷം രൂപ. വാട്‌സ്ആപ്പില്‍ വന്ന ഒരു ഇമേജ് ഡൗണ്‍ലോഡ് ചെയ്തപ്പോളാണ് തട്ടിപ്പിന് ഇരയായത്. ഡിജിറ്റല്‍ തട്ടിപ്പിലെ പുതിയ രീതിയാണ് ഇമേജുകളിലൂടെ അരങ്ങേറുന്നത്. ആശയവിനിമയ രംഗത്ത് മുമ്പ് ഉപയോഗിച്ചിരുന്ന സ്‌റ്റെഗനോഗ്രാഫി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പാണിത്.
പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ ഇമേജുകളില്‍ ഒളിപ്പിക്കുന്നു. ഇത്തരം ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ സോഫ്റ്റര്‍വെയര്‍ വഴി ചോര്‍ത്തുകയാണ് ചെയ്യുന്നത്. സ്വകാര്യ പാസ്‌വേഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തി അക്കൗണ്ടുകളില്‍ നിന്ന് പണം കവരും. അക്കൗണ്ട് ഉടമക്ക് ഒ.ടി.പി പോലുള്ള ഒരു സൂചനയും ലഭിക്കില്ല.
ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് വഴികളാണ് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ സോഫ്റ്റ് വെയര്‍ ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുക, വിശ്വാസ യോഗ്യമായ ആന്റി വൈറസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിവയാണിത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേഷനുകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. അപകടകാരികളായ സോഫ്റ്റ്‌വെയറുകളെ കണ്ടെത്താന്‍ ഇത് സഹായിക്കും. പരിചിതമല്ലാത്ത നമ്പരുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ തുറക്കരുതെന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുതെന്നും ടെലികോം വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine