സമാധാനത്തിന്റെ മണിമുഴക്കം; ഗസയില്‍ വെടിനിര്‍ത്തല്‍ അരികെ; പ്രതീക്ഷയുടെ മുനമ്പിലെന്ന് ഖത്തര്‍

ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് കരാര്‍ ഒപ്പുവെക്കാന്‍ സമ്മര്‍ദ്ദം; പിന്‍മാറ്റത്തിന് മൂന്നു ഘട്ടങ്ങള്‍
war planes missiles tanks battle filed
image credit : canva
Published on

ഒന്നര വര്‍ഷമായി യുദ്ധം തുടരുന്ന ഗസയുടെ മണ്ണില്‍ സമാധാനം പുലരുന്നതിന്റെ സൂചനകള്‍. വെടിനിര്‍ത്തല്‍ കരട് കരാര്‍ അംഗീകരിക്കാന്‍ ഹമാസ് തയ്യാറായതായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍അന്‍സാരി പറഞ്ഞു. കരാറിന്റെ പൂര്‍ണരൂപം പുറത്തു വിട്ടിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ഹമാസ് വക്താവ് പ്രതികരിച്ചത്. ഹമാസിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചാല്‍ ഇസ്രായേല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണം. അംഗീകാരത്തിന് ശേഷമാണ് നടപ്പാക്കുക. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതുവരെ ശുഭപ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് ദോഹയില്‍ പറഞ്ഞു. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ ഏറ്റവും ആശാവഹമായ നിലയിലാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ഏറെക്കുറെ അന്തിമ ഘട്ടത്തിലാണെന്ന് ഈജിപ്ത് നയതന്ത്ര വകുപ്പ് വക്താവും പ്രതികരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാൾഡ്  ട്രംപ് ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഗസ സമാധാന കരാര്‍ ഒപ്പു വക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

പിന്‍മാറ്റത്തിന് മൂന്നു ഘട്ടങ്ങള്‍

യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ മൂന്നു ഘട്ടങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറാക്കിയതും യുഎന്‍ രക്ഷാ സമിതി  അംഗീകരിച്ചതുമായ ഒരു ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ് കരാര്‍. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, പരിക്കേറ്റ സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും. ഇതോടൊപ്പം ഇസ്രായേല്‍ തടവിലാക്കിയ പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. അഞ്ച് വനിതാ ഇസ്രായേലി സൈനികരെയും 30 ഹമാസ് തടവുകാരെയും മോചിപ്പിക്കാനും കരാറില്‍ ധാരണയുണ്ട്. ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് പിന്‍വാങ്ങും, പലസ്തീന്‍കാരെ വടക്കന്‍ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കും, കൂടാതെ പ്രതിദിനം 600 ട്രക്കുകള്‍ എന്ന കണക്കില്‍ മാനുഷിക സഹായങ്ങളും ഗസയിലെത്തിക്കും.

രണ്ടാം ഘട്ടത്തില്‍ പൂര്‍ണ പിന്‍മാറ്റം

രണ്ടാം ഘട്ടത്തില്‍, തടവുകാരുടെ മോചനം സജീവമാക്കുന്നതിനും ഗസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റത്തിനുമാണ് ഊന്നല്‍. ഗസ അതിര്‍ത്തിയില്‍ നിന്നുള്ള ഇസ്രായേല്‍ പിന്‍മാറ്റമാണ് പ്രധാനം. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറില്ല. ഇവിടെ നിന്ന് ഒഴിയണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. അതേസമയം, മധ്യ ഗാസക്ക് കുറുകെയുള്ള നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറും. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാതെയും ഇസ്രായേലിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ ഇല്ലാതെയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാട് ഹമാസ് തുടരുന്നുണ്ട്. ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കണമെന്നും ഗസക്ക് പുതിയ സര്‍ക്കാര്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഇസ്രായേലും ഉറച്ചു നില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടി ചര്‍ച്ചകള്‍ ഫലപ്രദമാകേണ്ടതുണ്ട്.

മൂന്നാം ഘട്ടത്തില്‍ പുനര്‍നിര്‍മാണം

തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകര്‍ന്ന ഗസയുടെ പുനര്‍നിര്‍മാണമാണ് മൂന്നാം ഘട്ടത്തിലുള്ളത്. അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഗസയില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പുനര്‍നിര്‍മ്മാണ പദ്ധതിയാണ് കരാറിലുള്ളത്. ഇതിനകം എല്ലാ ബന്ദികളുടെയും കൈമാറ്റം പൂര്‍ണമാക്കണമെന്നും കരാറില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com