

വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ചുള്ള ബന്ദികളുടെ മോചനം തുടരുമെന്ന് ഹമാസ്. ഇതോടെ 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പൊളിയുമെന്ന ആശങ്കക്ക് ശമനം. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും യുദ്ധത്തില്‍ തകര്‍ന്ന ഗാസക്കുള്ള സഹായം തടയുന്നുവെന്നും ആരോപിച്ചാണ് ഹമാസ് ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന നിലപാടെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലും ഈജിപ്തിലും നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ സമവായ നീക്കങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മോചിപ്പിക്കുന്ന ബന്ദികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇസ്രയേലും പൂര്‍ത്തിയാക്കി. കരാറിലെ വ്യവസ്ഥ പ്രകാരം ആനുപാതികമായി പാലസ്തീന്‍ തടവുകാരെയും ശനിയാഴ്ച മോചിപ്പിക്കും. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇസ്രയേല്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പക്ഷേ വെടിനിര്‍ത്തല്‍ കരാറിന് പുറത്തുള്ള ബന്ദികളുടെ മോചനത്തിന് ഹമാസ് തയ്യാറായേക്കില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഗാസയില്‍ വീണ്ടും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഹമാസ് റോക്കറ്റാക്രമണത്തില്‍ ഒരു പാലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതായും ഇസ്രയേലി സേന തിരിച്ചടിച്ചെന്നുമാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും സുരക്ഷിത മേഖലയിലേക്ക് മാറ്റിയ ഇസ്രയേല്‍ സേനയുടെ റോക്കറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് ഹമാസ് ആരോപിക്കുന്നത്.
അതേസമയം, ബന്ദികളെ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ നിന്നും ഹമാസ് പിന്മാറാന്‍ കാരണം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രതിനിധി ആദം ബോലര്‍ പറഞ്ഞു. ഇനിയും ഏഴ് അമേരിക്കന്‍ പൗരന്മാര്‍ കൂടി ഹമാസ് തടങ്കലിലാണ്. ഇവരെ കൂടി മോചിപ്പിക്കേണ്ടതുണ്ടെന്നും ആദം വിശദീകരിച്ചു. മുഴുവന്‍ ബന്ദികളെയും ശനിയാഴ്ചക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഗാസയെ നരകത്തീയില്‍ ചുട്ടെരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും നിലപാടെടുത്തിരുന്നു.
15 മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ജനുവരി 19ന് 42 ദിവസത്തെ ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതനുസരിച്ച് ബന്ദികളുടെ മോചനം നടന്നുവരികയാണ്. ഇതിനിടയില്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ നിരന്തരമായി ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ അപ്രതീക്ഷിത പ്രഖ്യാപനം തിങ്കളാഴ്ച പുറത്തുവരുന്നത്. ഇത് സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുമെന്ന ആശങ്കയിലായിരുന്നു ലോകം. എന്നാല്‍ കരാറിലെ വ്യവസ്ഥകളെ മാനിക്കുന്നുവെന്നും ബന്ദികളുടെ മോചനം കരാര്‍ പ്രകാരം തുടരുമെന്നും കഴിഞ്ഞ ദിവസം ഹമാസ് നിലപാട് മാറ്റി.
കരാറില്‍ നിന്ന് പിന്മാറാനും യുദ്ധം പുനരാരംഭിക്കാനും ഹമാസിനും താത്പര്യമില്ലെന്നതിന്റെ സൂചനയാണ് നിലപാട് മാറ്റമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. ഹമാസ് കരാറില്‍ നിന്നും പിന്നോട്ട് പോകുമെന്ന് ഇസ്രയേലും കരുതുന്നില്ല. എന്നാല്‍ ഗാസ പുനര്‍നിര്‍മാണത്തിനുള്ള ആധുനിക യന്ത്രങ്ങള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഹമാസ് നിലപാട് മാറ്റിയതെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. വെടിനിറുത്തല്‍ കരാറുമായി മുന്നോട്ടുപോകണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine