
ഗസയില്‍ 60 ദിവസത്തെ വെടിനിറുത്തല്‍ പ്രഖ്യാപിക്കാന്‍ യു.എസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചെന്ന് ഹമാസ്. ബന്ദികളെ വിട്ടയക്കുന്നതിനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 638 ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. ഇരുവിഭാഗവും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹമാസ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ പൂര്‍ത്തിയായെന്നും ഇനി ചര്‍ച്ചകളിലേക്ക് കടക്കാമെന്നുമാണ് ഹമാസ് നിലപാട്. ഇതോടെ മേഖലയില്‍ സമാധാനം തിരിച്ചുവരുമെന്ന പ്രതീക്ഷ ശക്തമായി. അതേസമയം, ഹമാസ് ഉന്നയിച്ച ഗസയിലെ പലസ്തീനികള്‍ക്കുള്ള സഹായം, റഫ വഴി ഈജ്പിതിലേക്കുള്ള അതിര്‍ത്തി തുറക്കുന്നത്, ഗസയില്‍ നിന്നും ഇസ്രയേല്‍ സേനയുടെ പിന്മാറ്റം എന്നീ മൂന്ന് വിഷയങ്ങളില്‍ ഇനിയും തടസങ്ങള്‍ നേരിടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിനിറുത്തല്‍ 60 ദിവസത്തേക്ക് മാത്രമായി ഒതുക്കരുതെന്നും ഹമാസ് മധ്യസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് മുന്നോട്ടുവെച്ച വെടിനിറുത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കുമെന്ന് നേരത്തെ തന്നെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന സൈനിക ശക്തി തിരിച്ചുപിടിക്കാനും വീണ്ടും ശക്തിയാര്‍ജ്ജിക്കാനും വെടിനിറുത്തല്‍ ഉപകരിക്കുമെന്നാണ് ഹമാസ് കരുതുന്നത്.
വെടിനിറുത്തലുമായി ബന്ധപ്പെട്ട് ഹമാസ് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഹമാസിന്റെ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ പൂര്‍ണമായും അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്. യുദ്ധം അവസാനിപ്പിക്കുന്നത് ഹമാസിന് വീണ്ടും സംഘടിക്കാനും പലസ്തീനില്‍ അധികാരം പിടിക്കാനുമുള്ള അവസരം കൊടുക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. എന്നാല്‍ ഇതിനോടകം തകര്‍ന്ന ഹമാസിന് ഇനിയും തിരിച്ചുവരാനുള്ള ശേഷിയുണ്ടാകില്ലെന്ന വാദവും ഇസ്രയേലില്‍ ഉയരുന്നുണ്ട്.
ഇസ്രയേല്‍ പിന്തുണയുള്ള ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) വഴിയല്ലാതെ സഹായമെത്തിക്കുന്നതിനെയും ഇസ്രയേല്‍ എതിര്‍ക്കുമെന്നാണ് സൂചന. വിവിധ അന്താരാഷ്ട്ര സംഘടനകള്‍ നല്‍കുന്ന സഹായങ്ങള്‍ അടങ്ങിയ 70 ട്രക്കുകളെങ്കിലും പ്രതിദിനം ഗസയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയുടെ നിയന്ത്രണം ജി.എച്ച്.എഫില്‍ നിന്ന് മാറ്റിയാല്‍ ഹമാസ് കയ്യടക്കുമെന്നും ഇസ്രയേല്‍ കരുതുന്നു. ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുന്നുണ്ട്.
തടസങ്ങളുണ്ടെങ്കിലും ഗസയില്‍ വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഞായറാഴ്ച ദോഹയില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലവത്താകുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയും നിര്‍ണായകമാണ്.
ഇറാനുമായി നടന്ന യുദ്ധത്തില്‍ നേടിയ വിജയത്തിന്റെ ആഘോഷത്തിന് വേണ്ടിയാണ് സന്ദര്‍ശനമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഗസയിലെ വെടിനിറുത്തലും ഇരുനേതാക്കളുടെയും അജണ്ടയിലുണ്ട്. നേരത്തെ താന്‍ മുന്നോട്ടുവെച്ച വെടിനിറുത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്നും ഹമാസും അനുകൂല നിലപാടെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ നടന്ന ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് തുടക്കമിട്ടത്. 1,200 പേര്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ആക്രമണത്തില്‍ 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. ഇതില്‍ നിരവധി പേരെ മോചിപ്പിക്കുകയും ചിലരുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇനിയും 50 പേരെ മോചിപ്പിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിച്ച് ഇസ്രയേല്‍ സേന പിന്മാറിയാല്‍ ഇവരെ വിട്ടയക്കാമെന്നാണ് ഹമാസ് പറയുന്നത്. ഹമാസിനെ തകര്‍ത്ത് എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാകുന്നത് വരെ പിന്നോട്ടില്ലെന്ന് ഇസ്രയേലും. ഇതിനിടയില്‍ ജനുവരി 19ന് മേഖലയില്‍ വെടിനിറുത്തല്‍ നിലവില്‍ വന്നെങ്കിലും മാര്‍ച്ച് 18ന് ഇസ്രയേല്‍ വീണ്ടും സൈനിക നടപടി തുടങ്ങി. ഇതില്‍ 6,000ത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. യുദ്ധം തുടങ്ങിയതിന് ശേഷം 60,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Hamas says it's ready to negotiate a 60-day ceasefire with Israel in “a positive spirit.” Proposal includes hostages, phased troop withdrawal & humanitarian aid.
Read DhanamOnline in English
Subscribe to Dhanam Magazine