പ്രായം മുപ്പതോ അറുപതോ ആകട്ടെ! ലൈവാക്കാം ലൈഫ്, എന്നും, എപ്പോഴും

നന്നായി ചിരിക്കൂ, കൂട്ടുകാരുമായി കഴിയുന്നത്ര അടിച്ചുപൊളിക്കൂ, കുടുംബത്തിനൊപ്പം ചേര്‍ന്നുനില്‍ക്കൂ... ഇഴയടുപ്പമുള്ള ബന്ധങ്ങളാണ് ഹാപ്പി ലൈഫിന്റെ സീക്രട്ട് ഫോര്‍മുല
പ്രായം മുപ്പതോ അറുപതോ ആകട്ടെ! ലൈവാക്കാം ലൈഫ്, എന്നും, എപ്പോഴും
Published on

നിങ്ങളുടെ പ്രായം മുപ്പതോ അറുപതോ ആകട്ടെ, ജീവിതം കുറച്ചുകൂടി മികച്ചതാക്കണം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍, ലൈഫിന് ഒരു റീസെറ്റ് ബട്ടണുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ്. ചില ചെറിയ മാറ്റങ്ങളിലൂടെ ജീവിതം ഒരു ഉത്സവമാക്കാം, പ്രായത്തെ പേടിക്കാതെ നൂറാം വയസിലും കൂളാകാം എന്ന് ഇതിലൂടെ വായിച്ചറിയാം

'How to boost energy naturally?' ഇടയ്ക്കെങ്കിലും ഗൂഗിളിനോട് ഇങ്ങനെ ചോദിക്കാറുണ്ടോ നിങ്ങള്‍? അല്ലെങ്കില്‍ ''തിങ്കളാഴ്ച ഓഫീസില്‍ പോകാനുള്ള മടിമാറ്റാന്‍ എന്തെങ്കിലും ജാപ്പനീസ് വിദ്യയുണ്ടോ, ഇക്കിഗായ് പോലെ'' എന്നും പറഞ്ഞ് ചാറ്റ് ജിപിടിയുമായി ഒരു ചര്‍ച്ച? മുറ്റത്തെ മണ്ണില്‍ ചവിട്ടാറില്ലെങ്കിലും ആമസോണിന്റെ ഷോപ്പിംഗ് കാര്‍ട്ടില്‍ ചെടികളും ചെടിച്ചട്ടികളും നിറയ്ക്കാന്‍ മറക്കാറില്ല.

80-ാം വയസിലും ഷട്ടില്‍ കളി മുടക്കാത്ത അയല്‍ക്കാരന്‍ അങ്കിളിനോട് ചെറിയ കുശുമ്പുമുണ്ട് - ഈ പ്രായത്തിലും എങ്ങനെയാണ് ഇതുപോലെ ആക്ടീവാകുന്നത്? എന്റെ ജീവിതം കുറച്ചുകൂടി കളറാക്കാന്‍ എന്താണ് വഴി?

വഴിയുണ്ട്, ഒന്നല്ല, ഒരുപാട്! ഗില്‍സന്‍ മാനുവല്‍ എഴുതിയ Living to 100 The Forever Young Blueprint. പക്ഷേ, ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ. ഇതൊരു സെല്‍ഫ് ഹെല്‍പ്പ്/മോട്ടിവേഷണല്‍ ബുക്കല്ല, വാര്‍ധക്യം മനോഹരമാക്കാനുള്ള ഗൈഡുമല്ല. കൊച്ചുകൊച്ചു കാര്യങ്ങളിലൂടെ, ചെറിയ ചില മാറ്റങ്ങളിലൂടെ എങ്ങനെ ജീവിതം ഒരു ഉത്സവമാക്കാമെന്നാണ് ഈ പുസ്തകം പറയുന്നത്.

കാരണം, സയന്‍സും ടെക്‌നോളജിയും മത്സരിച്ചാണ് വികസിക്കുന്നത്. 100 വയസ് കടക്കുന്നത് ഇനിയൊരു അപൂര്‍വ നേട്ടമാകില്ല. അതുകൊണ്ട്, ബോണസായി ലഭിക്കുന്ന വര്‍ഷങ്ങള്‍ പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍, ആരെയും ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ ജീവിക്കണമെങ്കില്‍ നമ്മുടെ ഇന്നത്തെ ലൈഫ്‌സ്റ്റൈല്‍ മാറ്റിയേ തീരൂ. അതെങ്ങനെ സാധ്യമാക്കാമെന്ന് വളരെ ലളിതമായി ഗില്‍സണ്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു.

''ഞാനൊരു ഡോക്ടറല്ല, ന്യുട്രിഷനിസ്റ്റോ ലൈഫ് കോച്ചോ അല്ല. എന്റെ ജോലി റിസര്‍ച്ചുമല്ല,'' എന്ന് തുടക്കത്തില്‍ തന്നെ ഗില്‍സണ്‍ പറയുന്നു. ''ഞാനൊരു സംരംഭകനാണ്, ഭര്‍ത്താവാണ്, അച്ഛനാണ്. അതോടൊപ്പം, എങ്ങനെ ദീര്‍ഘകാലം അടിപൊളിയായി ജീവിക്കാമെന്ന വിഷയത്തെക്കുറിച്ചറിയാന്‍ വളരെ താല്‍പ്പര്യമുള്ള ഒരു വ്യക്തിയുമാണ്.''

ഈ താല്‍പ്പര്യവും ഇതിനെക്കുറിച്ചുള്ള അറിവ് നേടാന്‍ വര്‍ഷങ്ങളായി തുടരുന്ന അന്വേഷണങ്ങളുടെ ഫലവുമാണ് Living to 100. ഇതില്‍ ആയുര്‍വേദത്തിന്റെ പാരമ്പര്യ ഗുണങ്ങളുണ്ട്, ശാസ്ത്രത്തിന്റെ തെളിവുകളുണ്ട്, നൂറ് വയസിനപ്പുറം ആരോഗ്യത്തോടെ ജീവിക്കുന്ന ജനങ്ങള്‍ ഏറ്റവും കൂടുതലുള്ള ബ്ലൂ സോണുകളുടെ സവിശേഷതകളുണ്ട്, ലളിതമായ ജീവിതശൈലി എന്ന സത്യവുമുണ്ട്.

ഏത് പ്രായക്കാര്‍ക്കും സ്വീകരിക്കാവുന്ന ശീലങ്ങള്‍, എപ്പോഴും ആക്ടീവായിരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍... ഇതെല്ലാം ഈ പുസ്തകത്തില്‍ വായിച്ചറിയാം. എന്നുകരുതി ഇതൊരു Book of Rules അല്ല.

ആയുര്‍വേദ രീതികളെയും മോഡേണ്‍ മെഡിസിനെയും കുറിച്ച് നല്ല അറിവുള്ള ഒരു മുത്തച്ഛന്‍ വൈകിട്ടത്തെ ചായയ്‌ക്കൊപ്പം കൈമാറുന്ന അറിവിന്റെ നുറുങ്ങുകള്‍. അല്ലെങ്കില്‍, പ്രിയപ്പെട്ട ഒരു ചങ്ങാതി സ്നേഹത്തോടെ നിര്‍ദേശിക്കുന്ന ചില തിരുത്തലുകള്‍. അത്ര ഹൃദ്യവും സൗമ്യവുമായാണ് ഇതിലെ വിവരങ്ങള്‍ മനസില്‍ പതിയുന്നതും. ഈ പുസ്തകത്തോട് ഇഷ്ടംകൂടാന്‍ മറ്റൊരു കാരണം ഇതിലെ ജീവിതകഥകളാണ്.

കേരളത്തിലെ ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്കെല്ലാം ബന്ധപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍. അധ്വാനത്തിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ച അച്ഛന്റെയും മുത്തച്ഛന്റെയും ഓര്‍മകള്‍, മഴക്കാലത്തിന് മുമ്പേയുള്ള അടുക്കളയൊരുക്കങ്ങള്‍, ശീലമായി മാറിയ നടപ്പുകള്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മ... നാല് ചുവരുകളിലൊതുങ്ങി ജീവിക്കാന്‍ കഴിയാതിരുന്ന ആ ജനതയുടെ ആരോഗ്യത്തിന്റെ രഹസ്യവും ബ്ലൂ സോണിന്റെ അടിത്തറയും ഒന്നുതന്നെ- കഴിയുന്നത്ര പ്രകൃതിയോടിണങ്ങി, അലസതയില്ലാതെ, നല്ല ഭക്ഷണം മനസറിഞ്ഞ് കഴിച്ച്, അര്‍ത്ഥപൂര്‍ണമായി ജീവിക്കുക.

ഈ പുസ്തകത്തില്‍ നിന്ന് നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താവുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ:

ഇന്നത്തെ ശീലങ്ങള്‍ മെച്ചപ്പെടുത്താം, നാളേയ്ക്കായി

രാവിലെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതിന് പകരം വര്‍ക്കൗട്ട് ചെയ്താലോ? ഓഫീസിലെ ജോലിത്തിരക്കിനിടയില്‍ കുടിക്കുന്ന കാപ്പിയുടെയും ചായയുടെയും എണ്ണം കുറച്ച് വെള്ളത്തിന്റെ അളവ് കൂട്ടാം. രാത്രി ഫോണിന് റെസ്റ്റ് കൊടുത്ത് നന്നായി ഉറങ്ങാനും ശീലിക്കാം. അസുഖങ്ങള്‍ വരുമ്പോള്‍ മാത്രം പ്ലാന്‍ ചെയ്യുന്ന 'നല്ലനടപ്പ്' ഇന്നുതന്നെ തുടങ്ങിയാലോ? 'വൈകിട്ടെന്താ പരിപാടി' എന്ന ചോദ്യം മൈന്‍ഡ് ചെയ്യാതിരിക്കാനും പഠിക്കാം.

മദ്യപാനവും പുകവലിയും ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീലങ്ങള്‍ പതിയെ ഉപേക്ഷിക്കാനും കഴിയണം. എന്നുകരുതി റെഡ് മീറ്റ് ഇനി കഴിക്കുന്ന പ്രശ്നമേയില്ല, ഓഫീസിലേക്ക് സൈക്കിളില്‍ പോയാലോ എന്നൊക്കെ പ്ലാന്‍ ചെയ്ത് നിങ്ങളുടെ ജീവിതചര്യകള്‍ ഒറ്റയടിക്ക് മാറ്റിമറിക്കേണ്ട. ചെറിയ, സ്ഥിരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. കഴിക്കുന്ന ഭക്ഷണം പ്രധാനമാണ്, ശ്വസിക്കുന്ന രീതിയും. ഫോണുമായി വെറുതെ ചടഞ്ഞുകൂടിയിരിക്കുന്ന സ്വഭാവത്തിനും വേണം ഒരു മാറ്റം.

നിങ്ങളുടെ പ്ലേറ്റിലെന്തുണ്ട്?

നിങ്ങളുടെ പ്ലേറ്റിലെന്തുണ്ട്? കഴിക്കാന്‍ ഇഷ്ടമുള്ളതെല്ലാം എന്നാണോ? അത് വേണ്ട. അത് വേണ്ടെന്ന് സയന്‍സ് പറയും. എന്ത് കഴിക്കണമെന്നതു പോലെ പ്രധാനമാണ് എത്ര കഴിക്കണമെന്നത്. അത് മറ്റുള്ളവരുമായി പങ്കിടാന്‍ സാധിച്ചാല്‍ അത്രയും നല്ലത്. നമ്മുടെ മുന്‍ തലമുറക്കാര്‍ ചെയ്തിരുന്നതു പോലെ ലളിതമായ ഭക്ഷണം വീട്ടുകാര്‍ ഒരുമിച്ചോ സുഹൃത്തുക്കള്‍ ചേര്‍ന്നോ കഴിക്കുന്നത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് മാത്രമല്ല, ആയുസിനും ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബ്ലൂ സോണ്‍ ഡയറ്റിന്റെ പ്രത്യേകതയും ഇതുതന്നെ. പ്രാദേശികമായി ലഭിക്കുന്ന ഇലക്കറികളും പഴങ്ങളും പയര്‍-പരിപ്പ് വര്‍ഗങ്ങളുമാണ് അവര്‍ കൂടുതലും കഴിക്കുന്നത്. മധുരം തീരെ കുറവ്, മാംസാഹാരം വിരുന്നുകളില്‍ മാത്രം. ഡയറ്റ് ഏതായാലും മൂക്കുമുട്ടെ തിന്നുക എന്ന ശീലം വേണ്ട, ''ഹര ഹാച്ചി ബൂ'' എന്ന ജാപ്പനീസ് ശൈലിയാണ് ആരോഗ്യത്തിന് നല്ലത്-വയര്‍ 80ശതമാനം നിറയുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക.

എളുപ്പം ദഹിക്കുന്ന, വയറിന് പ്രശ്നം സൃഷ്ടിക്കാത്ത ഭക്ഷ്യവസ്തുക്കളാണ് പ്ലേറ്റില്‍ വേണ്ടത്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വയറിന്റെ ആരോഗ്യത്തില്‍ ഇപ്പോള്‍ ശ്രദ്ധ കൂടുതലാണ്. വയര്‍ പണിമുടക്കിയാല്‍ പണിപാളുമെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. അതുകൊണ്ടാണ് ഗട്ട്- ഫ്രണ്ട്‌ലി ഫുഡ് (നല്ല ബാക്ടീരിയകളെ വളര്‍ത്തി, ദഹനപ്രക്രിയ സുഗമമാക്കുന്ന ഭക്ഷണം) എല്ലാ ഡയറ്റുകളുടെയും ഭാഗമാകുന്നത്. തൈരും കിംചി പോലെ പുളിപ്പിച്ച പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. വെറുതെയാണോ നമ്മുടെ പഴങ്കഞ്ഞി ഇപ്പോള്‍ ലോകമെങ്ങും പോപ്പുലറാകുന്നത്!

കലോറി കണക്കുകൂട്ടുന്നത് നല്ലതാണ്, അതോടൊപ്പം വിറ്റാമിനുകള്‍, ഒമേഗ-3 ഫാറ്റി ആസിഡ് ഇവയെല്ലാം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തണമെന്ന കാര്യം മറക്കരുത്. ഏത് പ്രായത്തിലും ആവശ്യമായ പ്രോട്ടീനിന്റെ അളവും പ്രധാനമാണ്. ഭക്ഷണം കഴിയുന്നത്ര ഫ്രഷ് ആക്കുക. പച്ചക്കറികളുടെയും പഴങ്ങളുടെയും അളവില്‍പിശുക്ക് വേണ്ട. ജങ്ക് ഫുഡ്ഡ് ഒഴിവാക്കാം, അല്ലെങ്കില്‍ കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുകയെങ്കിലും ചെയ്യാം. പുളിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ ധാരാളം കഴിക്കാം. പഞ്ചസാര ഏറ്റവും കുറച്ച് മതി.

മടി വേണ്ട, മനസിലും ശരീരത്തിലും

നടക്കാം, ഓടാം, മുറ്റത്തൊരു തോട്ടമുണ്ടാക്കാം, യോഗ ചെയ്യാം, അല്ലെങ്കില്‍ ബെസ്റ്റിയെ കൂട്ടി ജിമ്മില്‍ ചേരാം. ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും കസേരയിലും കട്ടിലിലും ചെലവഴിക്കുന്ന ഡിജിറ്റല്‍ കാലത്തില്‍ എങ്ങനെ മൂവ്മെന്റുകള്‍ ഒരു ശീലമാക്കാമെന്ന് ഗില്‍സണ്‍ Stay Active, Beat Age, Live Betteer എന്ന അധ്യായത്തില്‍ വിശദമായി പറയുന്നുണ്ട്.

വ്യായാമം ദൈനംദിന കാര്യങ്ങളുടെ ഭാഗമാക്കാം, ഇഷ്ടമുള്ള ഫിറ്റ്നസ് പ്രോഗ്രാം തിരഞ്ഞെടുക്കാം -ഡാന്‍സ്, നീന്തല്‍, ജോഗിംഗ്... എപ്പോഴും ആക്ടീവായിരിക്കാനും വ്യായാമത്തിലുള്ള താല്‍പ്പര്യം നഷ്ടപ്പെടാതിരിക്കാനും ചില എളുപ്പവഴികളും നടത്തി, നല്ല ഊര്‍ജം കിട്ടാനായി കേള്‍ക്കാവുന്ന പാട്ടുകളുടെ ഒരു ലിസ്റ്റും ഗില്‍സണ്‍ പങ്കുവെയ്ക്കുന്നു. ജിമ്മില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പോലെ പ്രധാനമാണ് സ്വാഭാവികമായ മൂവ്മെന്റുകളും. അതുകൊണ്ട്, എത്ര മടിയുണ്ടെങ്കിലും എന്ത് തിരക്കിലായാലും ഇടയ്ക്ക് എഴുന്നേറ്റ് നടക്കാം, അല്‍പ്പനേരം ഓടാം, സൈക്കിളില്‍ ഒന്നു ചുറ്റിവരാം, അതുമല്ലെങ്കില്‍ ഇഷ്ടമുള്ള പാട്ടിനൊത്ത് രണ്ട് ചുവടുവെയ്ക്കാം.

എന്താണ് നിങ്ങളുടെ Purpose? Passion?

'ഇന്നെനിക്ക് എന്തെല്ലാം ചെയ്യാനുണ്ട്' എന്ന് വളരെ പോസിറ്റീവായി ചിന്തിച്ചാണോ ഓരോ ദിവസവുംനിങ്ങള്‍ ഉണരുന്നത്? എങ്കില്‍, അതിലും വലിയൊരു പ്രചോദനവും എനര്‍ജിയും നിങ്ങള്‍ക്കാവശ്യമില്ല. യാതൊരു ലക്ഷ്യവുമില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് പലപ്പോഴും ജീവിതത്തിന്റെ ഭംഗി നഷ്ടപ്പെടുന്നത്. 'ഡാര്‍ക്ക് സീനാണ്' എന്ന് അറിയാതെ തന്നെ പറഞ്ഞുപോകും. പക്ഷേ, മനസില്‍ പാഷനുണ്ടെങ്കില്‍ സീന്‍ വേറെയാകും, ഉറപ്പ്. അതിനായി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി. ഇതാണ് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല മിശേമഴശിഴ മരുന്നും. ജോലിയുടെ തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന ഹോബികള്‍ക്കായി സമയം മാറ്റിവെയ്ക്കുക.

വിരമിച്ചവര്‍ക്ക് ഓണ്‍ലൈനായും അല്ലാതെയും ചെയ്യാവുന്ന ജോലികള്‍ പലതുണ്ട്, താല്‍പ്പര്യമുള്ളവ തിരഞ്ഞെടുക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പ്രായം ഒരു പരിധിയല്ല. ഇഷ്ടമുള്ള ഇവന്റുകളില്‍ വൊളന്റിയറാകാം, കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന പ്രോഗ്രാമുകളില്‍ ചേരാം, അങ്ങനെ മനസും ശരീരവും ആക്ടീവാക്കാം.

ശക്തമായ ബന്ധങ്ങള്‍ = സുന്ദരമായ ജീവിതം

നന്നായി ചിരിക്കൂ, കൂട്ടുകാരുമായി കഴിയുന്നത്ര അടിച്ചുപൊളിക്കൂ, കുടുംബത്തിനൊപ്പം ചേര്‍ന്നുനില്‍ക്കൂ... ഇഴയടുപ്പമുള്ള ബന്ധങ്ങളാണ് ഹാപ്പി ലൈഫിന്റെ സീക്രട്ട് ഫോര്‍മുല.

അതോടൊപ്പം വീടിന് പുറത്തുള്ള കൂട്ടായ്മകളിലും സജീവമാകണം. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത്തരം കമ്മ്യൂണിറ്റി നെറ്റ് വര്‍ക്കുകള്‍ അത്യാവശ്യമാണ്. പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഒട്ടേറെ പരിപാടികളും സെന്ററുകളും സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാല്‍ ഇന്ന് പലരും നമ്മുടെ സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന് മികച്ച പരിഹാരമാകും.

ഇങ്ങനെ ശാസ്ത്രവും കഥകളും ഒരുപോലെ ചേര്‍ന്ന ഈ പുസ്തകത്തില്‍ പരിചയപ്പെടാന്‍ ഒട്ടേറെ ആളുകളുണ്ട്- നൂറാം വയസിലും കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഭക്ഷണം തന്നെയാണ് ഏറ്റവും നല്ല മരുന്നെന്ന സൂത്രമറിയാവുന്ന മുത്തശ്ശിമാര്‍, മത്സരം നിറഞ്ഞ ലോകത്തില്‍ ജീവിതത്തിന് അര്‍ത്ഥം തേടുന്ന യുവാക്കള്‍... ഇവരുടെ അനുഭവങ്ങളും അറിവുകളും കൂടി ചേരുന്ന Living to 100 ഒന്ന് വായിച്ചു നോക്കൂ. ഗൂഗിളിനും ചാറ്റ് ജിപിടിക്കും ഇനി റെസ്റ്റ് കൊടുക്കാം.

ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കം പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com