കോവിഡ് വാക്‌സിന്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വേകിയോ?

ലോകമൊട്ടുക്കും കോവിഡിനെതിരെയുള്ള വാക്‌സിന്‍ കുത്തിവയ്പ്പ് വ്യാപകമായതോടെ ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍
കോവിഡ് വാക്‌സിന്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വേകിയോ?
Published on

വിചാരിച്ചതിലും വേഗത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും എല്ലായിടത്തും ലഭ്യമാവുകയും ചെയ്തതോടെ എല്ലാ രാജ്യങ്ങളിലും പരമാവധി പേരില്‍ വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എങ്കിലും വാക്‌സിന്‍ എടുത്തതിന്റെ ഫലം പ്രകടമായി തുടങ്ങാന്‍ ഇനിയും സമയം എടുക്കും. ഇപ്പോള്‍ യു എ ഇ യാണ് ലോകത്ത് വാക്‌സിനേഷന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നില്‍ ഇസ്രായേല്‍, ചിലി, യു കെ, പിന്നെ അമേരിക്ക.

ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തിന് ശേഷമോ അല്ലെങ്കില്‍ നാലാം പാദത്തിലോ മാത്രമേ വാക്‌സിനേഷന്‍ പ്രോഗ്രാമുകളുടെ ഫലപ്രാപ്തി ആഗോളതലത്തില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളൂ. അപ്പോള്‍ മാത്രമേ ജനസംഖ്യയുടെ വലിയ വിഭാഗങ്ങളില്‍ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ, ആഗോള തലത്തില്‍ മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചയിലേക്ക് വ്യാപാരം എത്താന്‍ ഇനിയും സമയമെടുക്കും. കോവിഡിന്റെ വ്യാപനം പല രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥകളെയും ബിസിനസുകളെയും സാരമായി ബാധിച്ചു. ഇപ്പോഴും പലരും ചെലവ് കണക്കു കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക സംഭവവികാസങ്ങള്‍ കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലും രാജ്യാടിസ്ഥാനത്തിലും കൈക്കൊള്ളുന്ന നടപടികളുടെ കാഠിന്യത്തെയും ആഗോളതലത്തില്‍ വാക്‌സിനേഷന്‍ പരിപാടികളുടെ ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കുമെന്ന് ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഐ എച്ച് എസ് മാര്‍ക്കിറ്റിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധന്‍ തോമസ് ബ്രോഡ്‌സിക്കി പറയുന്നു.

ഇപ്പോള്‍ ലോകമെമ്പാടുമുള്ള വിവിധ സമ്പദ്‌വ്യവസ്ഥകള്‍ നേരിടുന്ന വലിയൊരു വെല്ലുവിളി നിയന്ത്രണ വിധേയമാക്കി എന്ന് കരുതിയിരുന്ന കൊറോണ വൈറസ് വീണ്ടും പല വകഭേദങ്ങളായി പൊട്ടിപ്പുറപ്പെടുന്നു എന്നതാണ്.

അതേത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ വീണ്ടും ഒഴിവാക്കുന്നു, കുറഞ്ഞ തൊഴിലാളികളുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്ന ഫാക്ടറികള്‍, റെസ്‌റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ ഒരിക്കല്‍ കൂടി നിര്‍ത്തേണ്ടി വരികയോ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയോ ചെയ്യുന്നു.

ദുബായിലും മറ്റു ഗള്‍ഫ് നഗരങ്ങളിലും ലോക്ക് ഡൌണ്‍ കാലത്തിന് സമാനമായ സ്ഥിതി തിരിച്ചു വര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും വിദൂര പഠന സമ്പ്രദായം തിരികെ കൊണ്ട് വന്നിരിക്കുന്നു. പൊതുപരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. മാളുകളിലും മറ്റും ആളുകളുടെ എണ്ണം കുറഞ്ഞു.

ഇങ്ങനെ പല അനിശ്ചിതത്വങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും 2021 ല്‍ ആഗോള വ്യാപാരം വീണ്ടും ഉയരും എന്ന് തന്നെയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഐ എച്ച് എസ് മാര്‍ക്കിറ്റ് പഠനം അനുസരിച്ച് ആഗോള വ്യാപാരത്തിന്റെ യഥാര്‍ത്ഥ മൂല്യം 2021 ല്‍ പ്രതിവര്‍ഷം 7.6 ശതമാനവും 2022 ല്‍ 5.2 ശതമാനവും ഉയരും. 2020 ല്‍ ഇത് 13.5 ശതമാനമായി (16.4 ട്രില്യണ്‍ ഡോളര്‍) ചുരുങ്ങിയിരുന്നു. ലോകത്തെ വ്യാപാരത്തിന്റെ കണക്ക് ഇങ്ങനെയാണെങ്കില്‍ ആഗോള സമ്പദ്‌വ്യവസ്ഥ 2021 ല്‍ 5.5 ശതമാനവും 2022 ല്‍ 4.2 ശതമാനവും വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു

ഈ വര്‍ഷത്തെ വളര്‍ച്ചയ്ക്ക് കാരണം 2021 ല്‍ ആഗോള ജി ഡി പിയുടെ മുന്‍കൂട്ടി പ്രതീക്ഷിച്ച വീണ്ടെടുക്കലും രണ്ടാം പാദത്തില്‍ പ്രതീക്ഷിക്കുന്ന ശക്തമായ വളര്‍ച്ചാ പ്രേരണയുമാണെന്ന് ഐ എച്ച് എസ് മാര്‍ക്കിറ്റ് അഭിപ്രായപ്പെട്ടു.

എന്നാല്‍, 2021 ല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക വീണ്ടെടുക്കല്‍ ക്രമേണ മാത്രമേ ഉണ്ടാവൂ എന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) അഭിപ്രായപ്പെടുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യ 2021 ല്‍ 2.6 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ലെ ജി ഡി പി വളര്‍ച്ചയില്‍ 3.9 ശതമാനം സങ്കോചമുണ്ടായതിനെ അപേക്ഷിച്ച് 2022 ല്‍ 4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐ എം എഫ് പറയുന്നു.

ഐ എം എഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് 2020 ലെ സൗദി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ പ്രതീക്ഷ ഒക്ടോബര്‍ മാസത്തില്‍ പ്രവചിച്ച 5.4 ശതമാനത്തില്‍ നിന്ന് ഗണ്യമായി പരിഷ്‌കരിച്ചു. എന്നിരുന്നാലും, 2021 ലെ വളര്‍ച്ചാ പ്രതീക്ഷ നേരത്തെ പ്രവചിച്ച 3.1 ശതമാനത്തില്‍ നിന്ന് താഴേക്ക് വരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഐ എം എഫ്.

20212030 കാലയളവിലെ ആഗോള വ്യാപാരത്തിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പ്രവചിക്കപ്പെട്ട സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.5 ശതമാനമാണ്. വ്യാപാരത്തിന്റെ വ്യാപ്തിയുടെ കാര്യത്തില്‍, 2020 ല്‍ 11.2 ശതമാനം (12.7 ബില്യണ്‍ മെട്രിക് ടണ്‍) വരെ ചുരുങ്ങുമെന്ന് ഐ എച്ച് എസ് മാര്‍ക്കിറ്റ് കണക്കാക്കുന്നു. 2021 ല്‍ 7.5 ശതമാനം വളര്‍ച്ചയും 2022 ല്‍ 4.1 ശതമാനം വര്‍ധനയും പ്രവചിക്കുന്നു.

''ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രത്യേകിച്ചും ഗതാഗത മേഖലയെ തിരിച്ചു പിടിക്കാനും 2020 ലെ വ്യാപാര തകര്‍ച്ചയില്‍ നിന്നുള്ള നഷ്ടം നികത്താനും സഹായിക്കും,'' ഐ എച്ച് എസ് മാര്‍ക്കിറ്റ് അഭിപ്രായപ്പെട്ടു. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 202130 കാലയളവില്‍ 3.2 ശതമാനമാണ് പ്രവചിക്കുന്നത്.

2020 ല്‍ ആഗോള വ്യാപാരം 11.2 ശതമാനമായി ചുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്, എന്നാല്‍ ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ 7.7 ശതമാനം സങ്കോചത്തേക്കാള്‍ കൂടുതലാണ്.

ചരക്കുകളുടെ വ്യാപാരം മൂലം 2020 ന്റെ അവസാന പാദത്തില്‍ ആഗോള വ്യാപാരം വീണ്ടെടുത്തു. അങ്ങനെ ഈ വര്‍ഷത്തെ മൊത്തത്തിലുള്ള ഇടിവ് ഏകദേശം 9 ശതമാനമായി കുറച്ചതായി ഐക്യരാഷ്ട്ര സഭയുടെ വ്യാപാരവികസന സമ്മേളനം (യു എന്‍ സി ടി എ ഡി) ഒരു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com