
3,706 കോടി രൂപയുടെ സെമിക്കണ്ടക്ടര്‍ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കി കേന്ദ്രമന്ത്രിസഭ. പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എല്ലും ഐഫോണ്‍ അടക്കമുള്ളവയുടെ നിര്‍മാതാക്കളായ ഫോക്‌സ്‌കോണുമാണ് യു.പിയിലെ ജെവാറില്‍ പ്ലാന്റ് തുടങ്ങുന്നത്.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഓട്ടോമൊബൈല്‍ തുടങ്ങിയവയിലെ ഡിസ്‌പ്ലേ ഡ്രൈവറുകളില്‍ ഉപയോഗിക്കുന്ന ചിപ്പുകളാണ് ഇവിടെ നിര്‍മിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് അഞ്ച് സെമിക്കണ്ടക്ടര്‍ പ്ലാന്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആറാമത്തേതാണ് ജെവാറില്‍ സ്ഥാപിക്കുന്നത്. സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ മുന്നിലെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ പ്ലാന്റുകള്‍ ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമാസം 20,000 വേഫറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. 2,000 പേര്‍ക്ക് തൊഴിലും ലഭിക്കും. പ്രതിവര്‍ഷം 3.6 കോടി ചിപ്പുകള്‍ നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷ. 2027 മുതല്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും നിര്‍ണായക ഘടകമാണ് സെമി കണ്ടക്ടറുകള്‍. എന്നാല്‍ ഇതിന്റെ സാധ്യത വൈകി മനസിലാക്കിയ രാജ്യവും ഇന്ത്യയാണ്. എന്നാല്‍ വൈകിത്തുടങ്ങിയതിന്റെ ക്ഷീണം മറികടക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിനായി 84,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ മിഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റ ഇലക്ട്രോണിക്‌സും തായ്‌വാന്‍ കമ്പനിയായ പി.എസ്.എം.സിയുമായി ചേര്‍ന്ന് 92,485 കോടി രൂപ ചെലവില്‍ രാജ്യത്തെ ആദ്യ സെമി കണ്ടക്ടര്‍ നിര്‍മാണ ശാല ഗുജറാത്തിലെ ധൊലേരയിലാണ് തുടങ്ങുന്നത്. ഇതിന് പുറമെ അസാമിലെ ജഗിറോഡില്‍ 27,325 കോടി രൂപ മുടക്കി മറ്റൊരു പ്ലാന്റും നിര്‍മിക്കും. ജാപ്പനീസ് കമ്പനിയായ റെനെസാസ്, തായ് കമ്പനി സ്റ്റാര്‍സ് മൈക്രോ ഇലക്ട്രോണികസ്, ഇന്ത്യന്‍ കമ്പനിയായ സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷ്യന്‍സ് എന്നിവര്‍ ചേര്‍ന്ന് 7,500 കോടി രൂപ മുടക്കി ഗുജറാത്തിലെ സാനന്ദില്‍ മറ്റൊരു പ്ലാന്റും സ്ഥാപിക്കുന്നുണ്ട്. ഗുജറാത്തിലും ആസാമിലുമാണ് അഞ്ച് പ്ലാന്റുകളും വരുന്നത്.
Union Cabinet approves ₹3,706 crore HCL-Foxconn semiconductor plant in Jewar, Uttar Pradesh, set to commence operations by 2027.
Read DhanamOnline in English
Subscribe to Dhanam Magazine