
മുംബൈ ലീലാവതി മെഡിക്കല്‍ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗദീശന്‍ സുപ്രീം കോടതിയെ സമീപിച്ചു. മുൻ ട്രസ്റ്റി ചേതൻ മേത്തയിൽ നിന്ന് ജഗദീഷൻ 2.05 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ലീലാവതി മെഡിക്കൽ ട്രസ്റ്റിന്റെ ആരോപണം. ട്രസ്റ്റിന്റെ ഭരണത്തിൽ നിയന്ത്രണം നിലനിർത്താൻ ചേതൻ മേത്തയെ ജഗദീഷൻ സഹായിച്ചതായും എഫ്‌ഐആറിൽ ആരോപിക്കുന്നു.
ബോംബെ ഹൈക്കോടതി കേസ് വേഗത്തില്‍ പരിഗണിക്കാന്‍ വിസമ്മതിക്കുകയും അടുത്ത വാദം ജൂലൈ 14 ലേക്ക് മാറ്റുകയും ചെയ്തതിനെത്തുടർന്നാണ് ജഗദീശന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നാളെ (വെള്ളിയാഴ്ച) സുപ്രീംകോടതി വാദം കേൾക്കും. ബോംബെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്ന ജഗദീശന്റെ ഹർജിയിൽ അടിയന്തര നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ബോംബെ ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് ഹർജി നിരസിക്കുകയായിരുന്നു.
ലീലാവതി ആശുപത്രിയുടെ ട്രസ്റ്റികൾ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അടിസ്ഥാനരഹിതമാണെന്നും സംഭവങ്ങളെ വളച്ചൊടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എച്ച്ഡിഎഫ്‌സി ബാങ്കിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുള്‍ റോഹതഗി ജസ്റ്റിസ് എം.എം സുന്ദരേഷിന്റെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ലീലാവതിയുടെ ആരോപണങ്ങള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് നിഷേധിച്ചു. ബ്യൂട്ടിഫുൾ ഡയമണ്ട്‌സിന്റെ ഉടമകളും ആശുപത്രിയുടെ ട്രസ്റ്റികളുമായ മേത്ത കുടുംബത്തിൽ നിന്ന് വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്ക് സ്വീകരിച്ച നിയമനടപടികൾ പരാജയപ്പെടുത്താൻ മാത്രമാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് ബാങ്ക് ആരോപിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നായ എച്ച്ഡിഎഫ്സിയും പ്രശസ്തമായ മുംബൈ ലീലാവതി ആശുപത്രി ട്രസ്റ്റും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തർക്കം വലിയ വിവാദത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആശുപത്രി ട്രസ്റ്റികൾ ആരംഭിച്ച ക്രിമിനൽ നടപടികളിൽ നിന്ന് ജഗദീശന് ഇടക്കാല സംരക്ഷണം ലഭിക്കുമോ എന്ന് നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
HDFC Bank CEO moves Supreme Court seeking quashing of FIR filed by Leelavati Medical Trust in a high-profile financial dispute.
Read DhanamOnline in English
Subscribe to Dhanam Magazine