ആശുപത്രികളില്‍ ക്യാഷ്‌ലെസ് സൗകര്യം ഒരു മണിക്കൂറിനുള്ളില്‍; പുതിയ മാറ്റം ഇങ്ങനെ

ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനാണ് ഓഗസ്റ്റ് സാക്ഷ്യംവഹിക്കുന്നത്. ഇനി മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്യാഷ്‌ലെസ് സ്‌കീമിലേക്കുള്ള അപേക്ഷ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് രംഗത്തു കൊണ്ടുവരുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം.
ഉപയോക്താക്കള്‍ക്ക് ആശ്വാസം
മുമ്പ് 24 മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥ ക്യാഷ്‌ലെസ് സംവിധാനത്തില്‍ ഉണ്ടായിരുന്നു. ഇതുമൂലം ഉപയോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉപയോക്താക്കളാണ്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) കഴിഞ്ഞ മെയില്‍ പുറത്തിറക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സര്‍ക്കുലര്‍ പ്രകാരമാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളോടും പുതിയ മാറ്റം നടപ്പിലാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ജി.എസ്.ടി ഒഴിവാക്കണമെന്ന് ആവശ്യം
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. നിലവില്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനമാണ് ജി.എസ്.ടി.
ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി 12 ശതമാനമായി കുറയ്ക്കണമെന്നാണ് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്.
Related Articles
Next Story
Videos
Share it