വരുന്നു, മികച്ച ചികിത്സയ്ക്ക് കനത്ത വില

നിലവില്‍ 10,013 കിടക്കകളുള്ള അപ്പോളോ ഹോസ്പിറ്റല്‍സാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശ്യംഖല
Hospital Bed
Image by Canva
Published on

രാജ്യത്തെ ഹോസ്പിറ്റല്‍ മേഖല വന്‍തോതില്‍ മാറ്റങ്ങള്‍ക്ക് സാക്ഷിയാവുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ ചെറു ആശുപത്രി ശൃംഖലകളെയും ഇടത്തരം ആശുപത്രികളെയും കൊച്ചുകൊച്ചു ആശുപത്രികളെയും ഏറ്റെടുത്തുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എല്ലാ രംഗത്തേക്കും കടന്നുവന്നതും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായതും രോഗനിര്‍ണയ, ചികിത്സാ രംഗത്ത് വലിയ നിക്ഷേപം നടത്താന്‍ ആശുപത്രികളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ഏറ്റെടുക്കലിന് ആശുപത്രികള്‍ സ്വയം സജ്ജമാവുകയോ അല്ലെങ്കില്‍ അത്തരമൊരു നിര്‍ബന്ധിത സാഹചര്യം ഉടലെടുക്കുകയോ ചെയ്യും.

മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ് (മണിപ്പാല്‍ ഹോസ്പിറ്റല്‍സ്) മെഡിക്ക സിനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനെ ഏകദേശം 1,400 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ഏറ്റവും അവസാനമായി പുറത്തുവന്നിരിക്കുന്നത്. ഈ ഏറ്റെടുക്കല്‍ നടന്നാല്‍ 10,700 കിടകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായിമണിപ്പാല്‍ ഹോസ്പിറ്റല്‍സ് മാറും.

നിലവില്‍ 10,013 കിടക്കകളുള്ള അപ്പോളോ ഹോസ്പിറ്റല്‍സാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശ്യംഖല. മണിപ്പാലിനും മെഡിക്കയ്ക്കും കൊല്‍ക്കത്തയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും ശക്തമായ സാന്നിധ്യമുണ്ട്.

കേരളത്തിലും നിരവധി ആശുപത്രികളുടെ ഏറ്റെടുക്കലുകള്‍ തകൃതിയായി നടക്കുന്നുണ്ട്. കാരിത്താസ്, ലിസി, രാജഗിരി ഹോസ്പിറ്റല്‍സ് എന്നിങ്ങനെ കേരളത്തിലെ പേരുകേട്ട ആശുപത്രികള്‍ ചെറു ആശുപത്രികളെ ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ കാരിത്താസ് ഏറ്റുമാനൂരിലുള്ള മാതാ ഹോസ്പിറ്റലിനെയും മറ്റ് ചില ചെറിയ ആശുപത്രികളെയും ഏറ്റെടുത്തിരുന്നു. ലിസി നേരത്തെ തന്നെ പിവിഎസ് ആശുപത്രിയെ ഏറ്റെടുക്കുകയുണ്ടായി.

എല്ലാ പ്രമുഖ ആശുപത്രികളും സാറ്റ്‌ലൈറ്റ് ആശുപത്രികള്‍ സ്ഥാപിച്ചുകൊണ്ട് അതിവേഗത്തില്‍ വിപുലീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കാരണം ചികിത്സാ സേവനങ്ങള്‍ വേണ്ട ജനങ്ങളുടെ എണ്ണവും കൂടിവരികയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''രാജ്യത്തെ ജനസംഖ്യ അതിവേഗത്തില്‍ വളരുകയാണ്. 25 വയസില്‍ താഴെയുള്ള അഞ്ചിലൊരാള്‍ ഇന്ത്യക്കാരനാണ്. അടുത്ത 20ലേറെ വര്‍ഷക്കാലം രാജ്യത്തെ ജനസംഖ്യ വളര്‍ച്ച രേഖപ്പെടുത്തുക തന്നെ ചെയ്യും'', ഒരു പ്രമുഖ ദേശീയ ആശുപത്രി ശൃംഖലയുടെ മുതിര്‍ന്ന എക്സിക്യുട്ടീവ് പറയുന്നു.

കടുത്ത മത്സരവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും അത്യാധുനിക സാങ്കേതിക വിദ്യകള്‍ സജ്ജമാക്കാനും മികച്ച മാനവശേഷി ഉറപ്പാക്കാനും വലിയ തോതില്‍ നിക്ഷേപം വേണ്ടിവരുന്നത് പലരെയും ഈ മേഖലയില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വന്‍കിടക്കാരുമായി മത്സരിച്ച് പിടിച്ചുനില്‍ക്കുന്നത് ചെറുകിട ആശുപത്രികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി മാറുകയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സേവനം ലഭിക്കും.

ഏറ്റവും മികച്ച ആതുരശുശ്രൂഷ ലഭിക്കും. പക്ഷേ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രം. കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്ന ചെറുകിട ആശുപത്രികള്‍ പലതും അപ്രത്യക്ഷമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com