Begin typing your search above and press return to search.
പാലാരിവട്ടം, കാക്കനാട് മേഖലയില്‍ ഗതാഗത കുരുക്ക് രൂക്ഷം, കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം 'ദുരിത പര്‍വ'മാകുന്നു
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുളള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മുന്നൊരുക്കങ്ങളുടെ അഭാവം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂക്ഷമായ ഗതാഗത കുരുക്കാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കാത്തു കിടന്നാണ് ആളുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നത്. അധികൃതര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയരുന്നത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സംസ്ഥാന പൊതുമരാമത്ത് വകുപ്പും മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യത്തിന് മുന്‍ഗണന നല്‍കിയില്ലെന്നും ജനങ്ങള്‍ പറയുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മേഖലയില്‍ പല പ്രദേശങ്ങളിലും വൈദ്യുതി തടസവും ഉണ്ടാകുന്നു. മെട്രോ ആദ്യഘട്ട നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പായി 22 റോഡുകളുടെയും നാല് പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടെ 258 കോടി രൂപ ചെലവിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും സമാന്തര റോഡുകൾ നിർമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തരത്തിലുളള വലിയ മുന്നൊരുക്കങ്ങള്‍ നടന്നിട്ടില്ലെന്നും പ്രദേശ വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഓരോ ദിവസവും ട്രാഫിക് ക്രമീകരണങ്ങള്‍ അവിചാരിതമായി മാറ്റുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏത് റൂട്ടുകളിലൂടെയാണ് വാഹനങ്ങള്‍ പോകേണ്ടതെന്ന് നേരത്തെ അറിയിക്കാന്‍ സാധിച്ചാല്‍ ഉപകാരപ്രദമായിരിക്കുമെന്നും ജനങ്ങള്‍ പറയുന്നു.
നാട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടില്‍
വികസന പ്രവർത്തനങ്ങൾക്ക് തങ്ങള്‍ എതിരല്ലെന്നും നാട്ടുകാര്‍ പറയുന്നു. കൊച്ചി നഗരത്തിലെ ഐ.ടി ഹബ്ബായ ഇൻഫോപാർക്കിലേക്കുള്ള മെട്രോ സർവീസ് ഉടൻ ആരംഭിക്കണമെന്നാണ് എല്ലാവര്‍ക്കും ആവശ്യമുളളത്.
തുടർച്ചയായി നീണ്ടുനിൽക്കുന്ന പവർകട്ടിനെ തുടർന്ന് വീടുകളിലും ഓഫീസുകളിലും ഉളളവരും പ്രദേശത്ത് റഫ്രിജറേറ്ററിൽ മരുന്ന് സൂക്ഷിക്കേണ്ടിവരുന്ന രോഗികളും ഉള്‍പ്പെടെ ബുദ്ധിമുട്ടുകയാണ്.
എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്സ് അസോസിയേഷന്‍ അപെക്‌സ് കൗൺസിൽ (EDRAAC), പ്രദേശത്ത് സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍, വ്യാപാരി അസോസിയേഷൻ, ടാക്സി, ഓട്ടോറിക്ഷാ യൂണിയൻ തുടങ്ങിയവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
Next Story
Videos