കോടികള്‍ മുടക്കിയ ഓണപരസ്യങ്ങള്‍ വെള്ളത്തില്‍; അടി സിനിമയ്‌ക്കെങ്കിലും കൊണ്ടത് ബിസിനസ് ലോകത്തിനും

പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Image: Canva
Image: Canva
Published on

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം സിനിമ മേഖലയ്ക്ക് പുറത്തേക്കും. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ബ്രാന്‍ഡുകളും കേന്ദ്ര കഥാപാത്രമാക്കി പരസ്യം ചെയ്തവരും കൂടിയാണ് പ്രതിസന്ധിയിലായത്. പ്രമുഖ നടനെ ബ്രാന്‍ഡ് അംബാസിഡറാക്കി പുറത്തിറക്കിയ പരസ്യവും ഹോര്‍ഡിംഗ്സുകളും മാറ്റിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്സ്‌റ്റൈല്‍ ഗ്രൂപ്പാണ് കോടികള്‍ മുടക്കി താരത്തെ വച്ച് പരസ്യം ചെയ്തത്. ഈ പരസ്യങ്ങള്‍ ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വന്നു തുടങ്ങിയിരുന്നു. എന്നാല്‍ താരത്തിനെതിരേ ആരോപണവുമായി സഹപ്രവര്‍ത്തക രംഗത്തു വന്നതോടെ പരസ്യം പിന്‍വലിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ബ്രാന്‍ഡിന് സംഭവിച്ചത്.

സാമ്പത്തികനഷ്ടവും സല്‍പ്പേരും

വന്‍കിട കമ്പനികള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരെ തിരഞ്ഞെടുക്കുന്നത് അവരുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ്. ഏതെങ്കിലും താരത്തിന്റെയോ സ്പോര്‍ട്സ് താരത്തിനെയോ എത്തിക്കുന്നതുവഴി തങ്ങളുടെ ബ്രാന്‍ഡിനെ ജനഹൃദയങ്ങളില്‍ എത്തിക്കുകയെന്നതാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

ബ്രാന്‍ഡ് അംബാസിഡര്‍മാരായ വരുന്നവര്‍ വിവാദങ്ങളില്‍ അകപ്പെടുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ടൈഗര്‍ വുഡ്സ് മുതല്‍ ഫുട്ബോള്‍ താരം നെയ്മര്‍ വരെ ഇത്തരത്തില്‍ ആരോപണങ്ങളില്‍ അകപ്പെട്ടിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവരെ മാറ്റിനിര്‍ത്തുകയും പരസ്യങ്ങള്‍ പിന്‍വലിക്കുകയുമാണ് സാധാരണ ചെയ്യുന്നതെന്ന് പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് ഫേവര്‍ ഫ്രാന്‍സിസ് ധനംഓണ്‍ലൈനോട് പറഞ്ഞു.

വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് ബ്രാന്‍ഡുകളെ വളരെ നെഗറ്റീവായി ബാധിക്കും. ഓണം പടിവാതില്‍ക്കല്‍ നില്‍ക്കേ താരങ്ങള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ബ്രാന്‍ഡുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും തിരിച്ചടിയാകും. പൂര്‍ത്തിയാക്കിയ പരസ്യം റിലീസ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ സംജാതമാകും. വിവാദങ്ങള്‍ ബ്രാന്‍ഡുകളുടെ സല്‍പ്പേരിന് ദോഷം ചെയ്യുമെന്നതിനാല്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ മുന്‍പത്തേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഫേവര്‍ ഫ്രാന്‍സീസ് വ്യക്തമാക്കുന്നു.

സിനിമ താരങ്ങളെ കൊണ്ട് ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യിക്കുന്നത് ഇടക്കാലത്ത് വ്യാപകമായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി വിവാദം ചൂടുപിടിച്ചതോടെ സ്ഥാപനങ്ങളിലേക്ക് സിനിമക്കാരെ വിളിക്കുന്നത് കുറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി സിനിമ പ്രമോഷന് അവസരം നല്‍കുന്ന രീതിക്കും മാറ്റം വന്നിട്ടുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവാദം കഴിയുംവരെ അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല ഏജന്‍സികളും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ പരസ്യങ്ങള്‍ക്കു പകരം പുതിയത് ചെയ്യുന്ന തിരക്കിലാണ്. എന്തായാലും സിനിമയിലെ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com