

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ് യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കാനൊരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ചെയര്‍മാന്‍ പവന്‍ മുഞ്ചാള്‍ വ്യക്തമാക്കി. ഓഹരിയുടമകള്‍ക്കുള്ള ചെയര്‍മാന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, യു.കെ എന്നിവിടങ്ങളിലാകും കമ്പനി ആദ്യം സാന്നിധ്യം അറിയിക്കുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രാധാന്യം നല്‍കി മുന്നോട്ടു പോയിരുന്ന ഹീറോ മോട്ടോകോര്‍പ് വിപണി വലുതാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഹീറോ ശ്രദ്ധയൂന്നുന്നത്.
2024-25 സാമ്പത്തികവര്‍ഷം ദക്ഷിണേഷ്യന്‍, ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റില്‍ 43 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഹീറോയുടെ വളര്‍ച്ച മറ്റൊരു തലത്തിലേക്ക് വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ എന്‍ട്രിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂറോപ്പില്‍ പ്ലാന്റ് സ്ഥാപിക്കുമോയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഹീറോയുടെ ഇലക്ട്രിക് ബ്രാന്‍ഡായ വിഡ (Vida) കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്പനയില്‍ 200 ശതമാനം നേട്ടമുണ്ടാക്കിയെന്നും കമ്പനി അവകാശപ്പെട്ടു. മറ്റൊരു വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുമായുള്ള സഹകരണം കമ്പനിക്ക് ഗുണകരമായെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഹീറോ മോട്ടോകോര്‍പ് യൂലെര്‍ മോട്ടോഴ്‌സ് (Euler Motors) മുചക്ര വൈദ്യുത വാഹന കമ്പനിയില്‍ 525 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വിപണി വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായത്. രാജ്യത്തെ പ്രധാനപ്പെട്ട 30 നഗരങ്ങളില്‍ സാന്നിധ്യമുള്ള യൂലെര്‍ അടുത്തിടെ അവരുടെ ആദ്യ നാലുചക്ര വൈദ്യുത കാര്‍ഗോ വാഹനവും പുറത്തിറക്കിയിരുന്നു.
1984ലാണ് ഇന്ത്യന്‍ കമ്പനിയായ ഹീറോ സൈക്കിള്‍സ് ലിമിറ്റഡും ഹോണ്ട മോട്ടോര്‍ കമ്പനിയും ചേര്‍ന്ന് ഹീറോ ഹോണ്ട മോട്ടേഴ്സ് ലിമിറ്റഡ് എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നത്. 1985ല്‍ പുറത്തിറങ്ങിയ സി.ഡി 100 ആയിരുന്നു ഇരു കമ്പനികളുടെയും കൂട്ടുകെട്ടില്‍ നിരത്തിലെത്തിയ ആദ്യ മോട്ടോര്‍ സൈക്കിള്‍. 2011ല്‍ അവസാനിപ്പിച്ച് ഇരു കമ്പനികളും രണ്ട് വഴിക്ക് പിരിഞ്ഞു. ഹീറോയും ഹോണ്ടയും ഇരുചക്ര വാഹന വിപണിയില്‍ കടുത്ത മത്സരമാണ് നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine