ക്രിസ്മസ്-പുതുവത്സര സീസൺ: കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വലിയ വര്‍ധന, ഫ്ലെക്സി നിരക്കെന്ന് വിശദീകരണം

വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷ സീസൺ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി യില്‍ അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വര്‍ധന. ഫ്ലെക്സി നിരക്ക് സംവിധാനം അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 56 ശതമാനം വരെ വർധനയുളളതായി യാത്രക്കാര്‍ പറയുന്നു.
വാരാന്ത്യങ്ങളിലും തിരക്കേറിയ ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കുന്ന ഫ്ലെക്സി സംവിധാനം രണ്ട് വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സി അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം-ബംഗളൂരു എ.സി മൾട്ടി ആക്‌സൽ സർവീസിൻ്റെ ടിക്കറ്റ് നിരക്ക് 1,360 രൂപയിൽ നിന്ന് 2,291 രൂപയായും എ.സി സ്ലീപ്പർ ബസുകളിലെ ടിക്കറ്റ് നിരക്ക് 1,700 രൂപയിൽ നിന്ന് 2,591 രൂപയായും ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ എല്ലാ അന്തർസംസ്ഥാന സർവീസുകളുടെയും ടിക്കറ്റ് നിരക്കിൽ വർധനയുളളതായി യാത്രക്കാര്‍ പറയുന്നു.

മിക്ക സര്‍വീസുകളിലും ബുക്കിംഗ് പൂര്‍ണം

ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകൾക്കാണ് കോര്‍പ്പറേഷന്‍ ഫ്ലെക്‌സി നിരക്കുകള്‍ ഈടാക്കുന്നത്. ഫ്ലെക്സി സംവിധാനം ആരംഭിച്ചപ്പോള്‍ ടിക്കറ്റ് നിരക്കില്‍ 10 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ ഇഷ്ടാനുസരണം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സ്വകാര്യ ബസുകളെ ഉപേക്ഷിക്കുന്ന യാത്രക്കാര്‍ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി യെയാണ്.
അതേസമയം, ഫ്‌ളെക്‌സി നിരക്കുകൾ ഈടാക്കുന്നുണ്ടെങ്കിലും സ്വകാര്യ ബസ് നിരക്കിനേക്കാൾ വളരെ കുറവാണെന്നാണാണ് കെ.എസ്.ആർ.ടി.സി യുടെ വിശദീകരണം. ചാർട്ട് ചെയ്ത മിക്ക സര്‍വീസുകളും ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ക്രിസ്മസ്-പുതുവത്സര സീസണിൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി 50 പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രത്യേക സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Related Articles
Next Story
Videos
Share it