ഇസ്രയേലിലേക്കുള്ള മലയാളി ഒഴുക്ക് കുറയുന്നു; മുന്നില്‍ യു.പിക്കാര്‍, കേന്ദ്ര കണക്കുകള്‍ പുറത്ത്

യുദ്ധം തുടങ്ങിയശേഷം ഇസ്രയേലില്‍ ജോലിക്കാരുടെ ശമ്പളം വര്‍ധിച്ചു
ഇസ്രയേലിലേക്കുള്ള മലയാളി ഒഴുക്ക് കുറയുന്നു; മുന്നില്‍ യു.പിക്കാര്‍, കേന്ദ്ര കണക്കുകള്‍ പുറത്ത്
Published on

ഹമാസിനെതിരായ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിലേക്ക് ജോലിക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഗാസ യുദ്ധം ആരംഭിച്ച ശേഷം മാത്രം 12,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ വിമാനമിറങ്ങിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 32,000ത്തിന് മുകളിലാണ്. ഇതില്‍ 12,000 പേരാണ് യുദ്ധം ആരംഭിച്ച ശേഷം അങ്ങോട്ട് പോയത്.

ഈ വര്‍ഷം ഇസ്രയേലില്‍ ജോലിക്കു പോയ ഇന്ത്യക്കാരുടെ എണ്ണം 6,365 ആണ്. സംസ്ഥാനം തിരിച്ചുള്ള കണക്കും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ഈ വര്‍ഷം ഇസ്രയേലിലെത്തിയത്. 5,528 പേര്‍. തെലങ്കാനയാണ് രണ്ടാംസ്ഥാനത്ത്, 306 പേര്‍. ഹരിയാന (179), ബിഹാര്‍ (177) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പട്ടികയില്‍ കേരളം എട്ടാം സ്ഥാനത്താണ്. യുദ്ധം തുടങ്ങിയ ശേഷം 20 മലയാളികള്‍ മാത്രമാണ് ടെല്‍ അവീവില്‍ വിമാനമിറങ്ങിയത്.

യുദ്ധം വന്നപ്പോള്‍ ശമ്പളം കൂടി

അയല്‍രാജ്യങ്ങളുമായി യുദ്ധം തുടങ്ങിയത് ഇസ്രയേലില്‍ ജോലിക്കാര്‍ക്ക് ശമ്പളം കൂടുതല്‍ ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ കൂടുതലായി ഇസ്രയേലിലേക്ക് ജോലിക്കായി പോകാന്‍ കാരണവും ഇതാണ്. യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യക്കാരായ ജോലിക്കാര്‍ക്ക് താല്പര്യം കുറവാണ് ഇന്ത്യ ടുഡേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടിയ ശമ്പളം, ബോണസ്, മികച്ച സൗകര്യങ്ങള്‍ എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു ശേഷം പാലസ്തീനില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രയേല്‍ ഒഴിവാക്കിയിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പാലസ്തീനികള്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സ്ഥാനത്തേക്ക് ഇന്ത്യയില്‍ നിന്ന് നിരവധി പേരെയാണ് ഇസ്രയേല്‍ റിക്രൂട്ട് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com