Begin typing your search above and press return to search.
നോക്കുകൂലി പ്രശ്‌നം ഇല്ലാതാക്കാന്‍ ഹൈക്കോടതി! 'സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ചുമട്ടുതൊഴിലാളികളാകാം'
നോക്ക് കൂലി പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും ആശ്വാസ നടപടിയെത്തി. നോക്ക് കൂലി പ്രശ്‌നമോ തൊഴില്‍ തര്‍ക്കങ്ങളോ ഇല്ലാതെ ഇനി സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ക്കു സ്വന്തം ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്ന് ഹൈക്കോടതി. ഹെഡ്ലോഡ് വര്‍ക്കേഴ്‌സ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്കു കയറ്റിറക്കു ജോലിയില്‍ മുന്‍പരിചയം നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ മേഖലയില്‍ ഏറ്റവും തടസ്സമായി നിന്നിരുന്നത് രജ്‌സ്‌ട്രേഷന്‍ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നു. എന്നാല്‍ കയറ്റിറക്കു ജോലി ചെയ്യാന്‍ സ്വന്തം ജീവനക്കാര്‍ക്ക് സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ല. അതേസമയം തൊഴില്‍ മേഖലയില്‍ നിന്നുള്ള മറ്റ് ജീവനക്കാരെ ഇതിനായി ഉപയോഗിക്കുവാനും കഴിയും.
കോടതി പറയുന്നത് നിലവില്‍ കയറ്റിറക്കു ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ റജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ എന്നു വന്നാല്‍ പുതിയ ആളുകള്‍ക്ക് ഈ രംഗത്തേക്കു വരാന്‍ കഴിയില്ലെന്നാണ്. രജിസ്‌ട്രേഷന്‍ അപേക്ഷ തള്ളിയതിനെതിരെ കൊല്ലം കെഇകെ കാഷ്യൂ ഉടമ ഇ. മന്‍സൂറും 3 തൊഴിലാളികളും നല്‍കിയ ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.
അവര്‍ പാക്കിംഗ് ജോലിക്കാരാണെന്നും കയറ്റിറക്കു ജോലി ചെയ്യുന്നവരല്ലെന്നുമുള്ള കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ഒരാളെ ചുമട്ടുതൊഴിലാളിയായി കണക്കാക്കാന്‍ റജിസ്‌ട്രേഷന്‍ വേണം. കയറ്റിറക്കു ജോലി ചെയ്തിട്ടുള്ളവര്‍ക്കു മാത്രമേ റജിസ്‌ട്രേഷന്‍ നല്‍കൂ എന്നുള്ളത് ഇനി ഇല്ലെന്നാണ് ഹൈക്കോടതി വിശദീകരണം. തീരുമാനം തികച്ചും സ്വാഗതാര്‍ഹമെന്ന് സംസ്ഥാനത്തെ വ്യാപാരവ്യവസായ മേഖലയിലെ നിരവധിപേര്‍ പ്രതികരിച്ചു.
'പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോഴും സംരംഭങ്ങളിലെ വിപുലീകരണപ്രവര്‍ത്തനങ്ങളിലും ഏറ്റവും വിലങ്ങുതടിയായിരുന്നത് ഇത്തരം പ്രശ്‌നങ്ങളാണ്. നിലവില്‍ കാസര്‍ഗോഡ് ജില്ലയില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കേസുകളായി രജ്‌സ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേരളമൊട്ടാകെ അനുഭവിച്ചിരുന്ന പ്രശ്‌നവുമാണ് ലോഡിംഗ് വര്‍ക്കേഴ്‌സിന് മാത്രം രജിസ്‌ട്രേഷന്‍ ലഭ്യമാകുകയുള്ളൂ എന്നത്. ഇതിനാല്‍ തന്നെ ട്രേഡ് യൂണിയനുകള്‍ക്ക് കീഴിലുള്ളവര്‍ക്കാണ് ഇതില്‍ മേല്‍ക്കോയ്മയുണ്ടായിരുന്നത്. അവരിലേക്കും അവസരങ്ങളെത്തണം. എന്നാല്‍ സംരംഭകരെ സ്വതന്ത്രമായി ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ഇത്തരക്കാര്‍ മനോഭാവം മാറ്റണം.'' ഹൈക്കോടതി തീരുമാനം ഇതിന് വഴിവയ്ക്കുമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷറീഫ് പ്രതികരിച്ചു.
കണ്ണുതുറപ്പിച്ച നടപടി
തിരുവനന്തപുരം ജില്ലയിലാണ് നോക്ക് കൂലിപ്രശ്‌നം അതിരൂക്ഷമായ ചില സംഭവങ്ങള്‍ ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. നസീര്‍ എന്ന പ്രവാസി സംരംഭകനും വി എസ് എസ് സിയിലെ ഉപകരണങ്ങള്‍ കൊണ്ടുവന്നപ്പോഴുമുണ്ടായ അനുഭവങ്ങളിലൂടെ കേരളം ഇത് കണ്ടതുമാണ്. നോക്കൂകൂലി നിരോധിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും അത് പുല്ലുവിലയാണ് കേരളത്തില്‍ കല്‍പ്പിക്കപ്പെടുന്നത്.
അന്നത്തെ ആ പ്രവാസി സംരംഭകന്‍ ഹൈക്കോടതി നിര്‍ദേശത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ് '29 വര്‍ഷം പ്രവാസിയായി കഷ്ടപ്പെട്ട് കൊണ്ട് വന്ന പണം കൊണ്ട് കോടികളുടെ പ്രോജക്റ്റും നിരവധി തൊവിലവസരങ്ങളുമാണ് ഞാന്‍ ലക്ഷ്യമിട്ടിരുന്നത്. നേരത്തെ തന്നെ നോക്കുകൂലി പ്രശ്‌നം നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ വിശ്വാസത്തിലാണ് പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയതും. എന്നാല്‍ ഒന്നര ലക്ഷം രൂപയ്ക്ക് മേല്‍ നഷ്ടമായെന്നത് മാത്രമല്ല, മാനസികമായി തളര്‍ന്നുപോകുന്ന പല സാഹചര്യവും ഞാനും എന്റെ കുടുംബവും നേരിട്ടു. കോടതിനിര്‍ദേശം ഞങ്ങള്‍ക്ക് നല്‍കുന്ന പ്രത്യാശ ജീവനോളം വിലപ്പെട്ടതാണ്'' നസീര്‍ അഭിപ്രായപ്പെട്ടു.
Next Story
Videos