കേരളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് വീണ്ടും ഉയരും; പഴയ സ്വര്‍ണം വില്ക്കാന്‍ വലിയ തിരക്ക്

ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം വില കൂടിയതിനാല്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കാശാക്കാന്‍ പലരും താത്പര്യപ്പെടും
Airport gold smuggling
image credit : canva
Published on

സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ കള്ളക്കടത്ത് വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്ക. മുന്‍ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് കള്ളക്കടത്തിനെ ഒരുപരിധി വരെ നിരുത്സാഹപ്പെടുത്താന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വീണ്ടും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ സജീവമാകാന്‍ ഇടയാക്കിയേക്കും.

ഇന്ത്യയിലേക്ക് സ്വര്‍ണക്കള്ളക്കടത്ത് കൂടുതലായി നടന്നിരുന്നത് കേരളത്തിലെയും മുംബൈയിലെയും വിമാനത്താവളങ്ങളിലൂടെ ആയിരുന്നു. താഴ്ന്ന വരുമാനക്കാരായ പ്രവാസികളായിരുന്നു കള്ളക്കടത്ത് റാക്കറ്റിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. ഒരുകാലത്ത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് നിത്യസംഭവമായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെ കടത്ത് സംഘങ്ങള്‍ നിര്‍ജീവമായി.

സ്വര്‍ണം കടത്തിയാല്‍ ലഭിക്കുന്ന വലിയ ലാഭമാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇറക്കുമതി തീരുവ കുറച്ചതോടെ വളഞ്ഞ വഴിയില്‍ സ്വര്‍ണമെത്തിക്കുന്നത് ലാഭകരമല്ലാതായി മാറി. എന്നാല്‍ ഇപ്പോള്‍ തീരുവ 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയതോടെ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പിടിവള്ളിയായി മാറി.

നേപ്പാള്‍ വഴിയും തലവേദന

സ്വര്‍ണക്കടത്തുകാര്‍ കേരളത്തിലെ വിമാനത്താവളം വഴി മാത്രമല്ല തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാള്‍ വഴിയുള്ള കടത്തും വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കാര്യമായ ചെക്കിംഗ് ഇല്ലെന്നതാണ് നേപ്പാള്‍ തിരഞ്ഞെടുക്കാന്‍ കടത്തുകാരെ പ്രേരിപ്പിക്കുന്ന ഘടകം. നേപ്പാളില്‍ ബാലെന്‍ ഷായുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

നേപ്പാളിലേക്കുള്ള പ്രധാന അതിര്‍ത്തി കൂടാതെ നിരവധി ചെറുവഴികള്‍ സ്വര്‍ണം അടക്കം കടത്താന്‍ ഉപയോഗിക്കാറുണ്ട്. ഈ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചാല്‍ നികുതിയിനത്തില്‍ കോടികളുടെ നഷ്ടം സര്‍ക്കാരിനുണ്ടാകും. മാത്രമല്ല ഇന്ത്യവിരുദ്ധ ശക്തികള്‍ക്ക് പണം കണ്ടെത്താനുള്ള വഴിയായും സ്വര്‍ണം മാറും.

സ്വര്‍ണത്തിലെ ഇറക്കുമതി തീരുവ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തില്ലെന്നാണ് സ്വര്‍ണ കച്ചവടക്കാരുടെ പ്രതീക്ഷ. യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ മാറിയാല്‍ പഴയരീതിയിലേക്ക് തീരുവ മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല.

സ്വര്‍ണത്തിന്റെ വില കുത്തനെ കൂടിയതോടെ പഴയ സ്വര്‍ണ വില്പന കുതിച്ചുയരുമെന്നാണ് സൂചന. 25,000 ടണ്‍ സ്വര്‍ണം രാജ്യത്തെ കുടുംബങ്ങളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഒരുഭാഗം വിപണിയിലേക്ക് തിരിച്ചെത്തും. സ്വര്‍ണ പണയ വായ്പകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്.

ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം വില കൂടിയതിനാല്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കാശാക്കാന്‍ പലരും താത്പര്യപ്പെടും. വന്‍കിട ജുവല്ലറിക്കാരുടെ മൊത്തം വില്പനയുടെ 50 ശതമാനത്തോളം പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നതിലൂടെയാണ് നടക്കുന്നത്. കുടുംബങ്ങളുടെ കൈവശം ഉപയോഗിക്കാതെ വെച്ചിട്ടുള്ള സ്വര്‍ണത്തിന്റെ ചെറിയ ശതമാനമെങ്കിലും വിപണിയിലെത്തിയാല്‍ ഇറക്കുമതി കുറയ്ക്കാന്‍ വഴിയൊരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com