കേരളത്തില്‍ ഇ.വി കള്‍ ചാര്‍ജ് ചെയ്യാന്‍ ചെലവേറും, പൊതു സ്റ്റേഷനുകളില്‍ രാത്രിയില്‍ ഉയര്‍ന്ന നിരക്ക്, നീക്കത്തിനെതിരെ പ്രതിഷേധവും

സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം നടക്കുന്ന സമയങ്ങളില്‍ വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നീക്കം.
ev charging station representational image kseb logo
image credit : kseb , canva
Published on

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ക്രമാതീതമായ വില വര്‍ധന മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണത കൂടുകയാണ്. ഐസി എഞ്ചിനുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാമെന്നതാണ് ആളുകളെ പ്രധാനമായും ഇ.വി കളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇനി പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ വൈകുന്നേരവും രാത്രിയും ചാർജ് ചെയ്യുന്നതിന് ചെലവേറും. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾക്ക് ബാധകമായ താരിഫ് പരിഷ്കരണം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു. ഇതുവരെ പകലും രാത്രിയും വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് സ്റ്റേഷനുകൾ ഒറ്റ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. നിലവിൽ യൂണിറ്റിന് 5.50 രൂപ (കിലോവാട്ടിന് 100 രൂപ) എന്ന ഒറ്റ നിരക്കാണ് കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈടാക്കുന്നത്.

ഇതില്‍ നിന്ന് വ്യത്യസ്തമായി പകല്‍ ഒരു നിരക്കും (രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ) വൈകിട്ട് (വൈകുന്നേരം 4 മുതൽ രാവിലെ 9 വരെ) വേറെ നിരക്കും എന്ന നിലയിലാണ് ഈടാക്കുക. സോളാർ സമയങ്ങളില്‍ യൂണിറ്റിന് 5 രൂപയും സോളാർ അല്ലാത്ത സമയങ്ങളിൽ യൂണിറ്റിന് 9.30 രൂപയും എന്ന ക്രമത്തിലാണ് നിരക്ക് ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനായി കെഎസ്ഇബി മീറ്ററുകള്‍ സോളാർ, നോൺ-സോളാർ സമയങ്ങളിലേക്ക് പുനഃസജ്ജമാക്കേണ്ടതുണ്ട്. ടെസ്റ്റിംഗ് ലാബിൽ നിന്ന് പുതുതായി പ്രോഗ്രാം ചെയ്ത മീറ്ററുകൾ പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പുതുക്കിയ നിരക്കുകൾ ഈടാക്കി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ കമ്പനികൾ ചിലയിടങ്ങളില്‍ ഇതിനകം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും

സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം നടക്കുന്ന സമയങ്ങളില്‍ വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും രാത്രിയിലാണ് ചാര്‍ജ് ചെയ്യുന്നത്. പകൽ സമയത്ത് തടസമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായാണ് ഇവ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത്. പുതിയ പരിഷ്കരണം ഇത്തരം വാഹനങ്ങളില്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കെഎസ്ആർടിസി സ്വിഫ്റ്റ് ഇ ബസുകൾ പകല്‍ സമയങ്ങളില്‍ വ്യാപകമായി സര്‍വീസ് നടത്തുന്നതിനാല്‍ രാത്രിയാണ് ചാര്‍ജിംഗ് നടത്തുക. ഇ-ഓട്ടോകളെയും നീക്കം വലിയ തോതില്‍ ബാധിക്കും. ഓട്ടം കുറവുളള രാത്രി സമയങ്ങളാണ് ഇ-ഓട്ടോകള്‍‌ ഭൂരിഭാഗവും ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com