1,166 കിലോമീറ്റര്‍ ദൂരം,₹3,593 കോടി ചെലവ്! 13 ജില്ലകളിലൂടെ മലയോര ഹൈവേ, ടൂറിസം-വ്യവസായ മേഖലക്ക് പുത്തനുണര്‍വാകുമോ?

കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ശനിയാഴ്ച തുറക്കും
newly built malayora highway
Facebook/PA Muhammed Riyas
Published on

പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന മലയോരപാതയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ചില്‍ ശനിയാഴ്ച മുതല്‍ വണ്ടിയോടും. 195 കോടി രൂപ ചെലവില്‍ നിര്‍മിച്ച 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 1,166.27 കിലോമീറ്റര്‍ നീളത്തില്‍ കാസര്‍കോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെയാണ് മലയോര ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. തന്ത്രപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം മലയോര മേഖലയുടെ വ്യാപാര, വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കാനും മലയോര ഹൈവേ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മലയോര ഹൈവേ

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാതയായ എസ്.എച്ച് 59ആണ് മലയോര ഹൈവേയായി പുനര്‍നാമകരണം ചെയ്തത്. 1,166.27 കിലോമീറ്റര്‍ നീളം. കിഫ്ബി സഹായത്തോടെ 54 റീച്ചുകളിലാണ് നിര്‍മാണം. 793.68 കിലോമീറ്റര്‍ റോഡിന് കിഫ്ബി 3,593 കോടി രൂപയുടെ സാമ്പത്തിക അനുമതി നല്‍കി. 506.73 കിലോമീറ്റര്‍ സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ ചെയ്യുകയും അതില്‍ 481.13 കിലോമീറ്റര്‍ നിര്‍മാണം ആരംഭിച്ചു. ഇതുവരെ പൂര്‍ത്തിയായ 166.08 കിലോമീറ്റര്‍ ഭാഗത്ത് ഗതാഗതം അനുവദിച്ചിട്ടുണ്ട്. 1,288 കോടി രൂപ ഇതുവരെ മലയോര പാതയുടെ നിര്‍മാണത്തിന് ചെലവായി. മലയോര ഹൈവേയുടെ ഏകദേശം 250 കിലോമീറ്റര്‍ ദൂരം ഇക്കൊല്ലം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ജനങ്ങള്‍ ഭൂമി നല്‍കി, വരുന്നത് ലോംഗ് ലാസ്റ്റിംഗ് റോഡ്

ജനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയിലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം. സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കി.ഭൂമിയേറ്റെടുത്തവരില്‍ മറ്റ് സ്ഥലങ്ങളില്‍ ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്കുള്ള പുനരധിവാസവും ഉറപ്പാക്കി. പൂര്‍ണമായും ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന പാതയില്‍ മെച്ചപ്പെട്ട റോഡ് പ്രതലവും മാര്‍ക്കിംഗുകളും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്.ഡി.ആര്‍) ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം.

ടൂറിസം മുതല്‍ വ്യവസായങ്ങള്‍ വരെ വളരും

കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് മലയോര മേഖല വഴി ആധുനിക നിലവാരത്തിലുള്ള പാത വികസിക്കുന്നത് സംസ്ഥാനത്തെ ടൂറിസം, വ്യവസായ മേഖലയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത 66ന് സമാന്തരമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നീളുന്ന പാത പ്രധാന നഗരങ്ങളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. മലയോര മേഖലയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുന്നതോടെ ഇവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളും വളരും. കൂടുതല്‍ വ്യവസായ സംരംഭങ്ങളും മലയോര മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കുനീക്കത്തിനും അന്തര്‍സംസ്ഥാന വ്യാപാര വാണിജ്യ രംഗത്തിനും പുത്തനുണര്‍വുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മലയോര മേഖലക്ക് പുത്തനുണര്‍വ്

കോഴിക്കോട് ജില്ലയുടെ മലയോര- കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കുന്ന പാത കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിലങ്ങാട്- കൈവേലി- കായക്കൊടി-കുറ്റ്യാടി- മരുതോങ്കര- പെരുവണ്ണാമൂഴി- ചക്കിട്ടപാറ-നരിനട- കൂരാച്ചുണ്ട്-കല്ലാനോട്- തലയാട്-കട്ടിപ്പാറ- മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയില്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാതയുടെ ഇരുവശങ്ങളിലും ഓട നിര്‍മിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍, ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, സൗരോര്‍ജ വിളക്കുകള്‍, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com