സെബി മേധാവി മാധബിക്ക് എതിരെ ഹിൻഡൻബർഗ് വീണ്ടും, ആരോപണങ്ങളില്‍ മൗനമെന്ന് വിമര്‍ശനം

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അടുത്തിടെ ഒന്നിലധികം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ന്യൂയോർക്ക് ആസ്ഥാനമായ ഷോർട്ട്സെല്ലിങ് കമ്പനി ഹിൻഡൻബർഗ് റിസർച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
"ഉയര്‍ന്ന എല്ലാ ആരോപണങ്ങളിലും ആഴ്ചകളോളം ബുച്ച് പൂർണ്ണ നിശബ്ദത പാലിക്കുകയാണ്" എന്നാണ് ഹിൻഡൻബർഗ് സമൂഹമാധ്യമമായ എക്‌സിലെ പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കൺസൾട്ടിംഗ് സ്ഥാപനം, ബുച്ച് സെബി അംഗമായിരുന്ന സമയത്ത് സെബി തന്നെ നിയന്ത്രിക്കുന്ന ഒന്നിലധികം ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിച്ചുവെന്നായിരുന്നു ആരോപണം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ. റെഡ്ഡീസ്, പിഡിലൈറ്റ് തുടങ്ങിയ കമ്പനികളില്‍ നിന്നാണ് പണം സ്വീകരിച്ചത്.

ബുച്ച് മനപ്പൂർവം കള്ളം പറയുന്നതായി കോണ്‍ഗ്രസ്

മാധബി പുരി ബുച്ച് പ്രമോട്ട് ചെയ്യുന്ന കൺസൾട്ടൻസി സ്ഥാപനം ഏകദേശം 3 കോടി രൂപ സമ്പാദിച്ചുവെന്നും ഇതിൽ ഭൂരിഭാഗവും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നാണ് സ്വീകരിച്ചതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ സമയത്ത് മാധബി പുരി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിന്റെ 99 ശതമാനം ഉടമസ്ഥാവകാശവും മാധബിയാണ് കൈവശം വച്ചിരുന്നത്. സജീവമായി ഉപദേശക/കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഇത്.
നടപടി മനപ്പൂർവം മറച്ചുവെക്കൽ മാത്രമല്ല, മനപ്പൂർവം കള്ളം പറയുന്ന കേസായി വേണം ഇത് പരിഗണിക്കാനെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. തീർത്തും ലജ്ജയില്ലാതെ നടപ്പിലാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് ഇതെന്നും പവൻ ഖേര പറഞ്ഞു. അതേസമയം, ആരോപണങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
Related Articles
Next Story
Videos
Share it