ഹിന്ദുജ സാമ്രാജ്യത്തിന്റെ അധിപൻ എസ്.പി ഹിന്ദുജ വിടവാങ്ങി

ആഗോളതലത്തില്‍ വൈവിദ്ധ്യങ്ങളായ നിരവധി വമ്പന്‍ ബിസിനസ് ശൃംഖലകളുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ശതകോടീശ്വരനുമായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്.പി. ഹിന്ദുജ (87) ലണ്ടനില്‍വച്ച് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് എസ്.പി. ഹിന്ദുജ. മുംബൈയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ഹിന്ദുജ സഹോദരന്മാരുടെ തട്ടകം ലണ്ടന്‍ ആണ്. ബ്രിട്ടീഷ് പൗരത്വമാണ് എസ്.പി. ഹിന്ദുജയ്ക്കുണ്ടായിരുന്നത്. എസ്.പി. ഹിന്ദുജയുടെ ഭാര്യ: മധു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കൾ - ഷാനു, വിനൂ.

എല്ലാവരുടെയും 'എസ്.പി'; തികഞ്ഞ മനുഷ്യസ്‌നേഹി
ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകൻ പര്‍മാനന്ദ് ദീപ് ചന്ദ് ഹിന്ദുജയുടെയും ജമുന ഹിന്ദുജയുടെയും മകനായി 1935 നവംബര്‍ 28നാണ് എസ്.പി. ഹിന്ദുജ ജനിച്ചത്. നിലവിലെ കോ-ചെയര്‍മാന്‍ ഗോപീചന്ദ് പി. ഹിന്ദുജ, ഹിന്ദുജ ഗ്രൂപ്പ് യൂറോപ്പ് ചെയര്‍മാന്‍ പ്രകാശ് പി. ഹിന്ദുജ, ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ത്യ ചെയര്‍മാന്‍ അശോക് പി. ഹിന്ദുജ എന്നിവര്‍ ഇളയ സഹോദരങ്ങളാണ്.
വിദ്യാഭ്യാസത്തിന് ശേഷം 1950കളിലാണ് എസ്.പി. ഹിന്ദുജ കുടുംബ ബിസിനസിലേക്ക് ചുവടുവച്ചത്. ഏവരും അദ്ദേഹത്തെ സ്‌നേഹത്തോടെ 'എസ്.പി' എന്നാണ് വിളിച്ചിരുന്നത്. വാഹനം (അശോക് ലെയ്‌ലാന്‍ഡ്, ഇലക്ട്രിക് വിഭാഗമായ സ്വിച്ച്), ലൂബ്രിക്കന്റ് ആന്‍ഡ് കെമിക്കല്‍ (ഗള്‍ഫ് ഓയില്‍, ക്വാക്കര്‍ ഹഫ്ടണ്‍), റിയല്‍ എസ്‌റ്റേറ്റ് (ഹിന്ദുജ റിയല്‍റ്റി വെഞ്ച്വേഴ്‌സ്), ഊര്‍ജം (ഹിന്ദുജ റിന്യൂവബിള്‍സ്, ഹിന്ദുജ നാഷണല്‍ പവര്‍), ഹെല്‍ത്ത് കെയര്‍ (ഹിന്ദുജ ഹോസ്പിറ്റല്‍), വ്യാപാരം (ബ്രിട്ടീഷ് മെറ്റല്‍ കോര്‍പ്പറേഷന്‍), മാദ്ധ്യമം (എന്‍.എക്‌സ്.ടി ഡിജിറ്റല്‍), നിക്ഷേപം (ഹിന്ദുജ ഇന്‍വെസ്റ്റ്‌മെന്റ്‌സ്), ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ലെയ്‌ലാന്‍ഡ് ഫിനാന്‍സ്, ഹിന്ദുജ ബാങ്ക് സ്വിറ്റ്‌സര്‍ലന്‍ഡ്), സൈബര്‍ സെക്യൂരിറ്റി (സൈക്യൂര്‍) എന്നീ ആഗോള ശ്രദ്ധേയ ബിസിനസ് ശൃംഖലകള്‍ക്ക് തുടക്കമിട്ടത് അദ്ദേഹവും സഹോദരന്മാരും ചേര്‍ന്നാണ്.
40ഓളം രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഹിന്ദുജ ബിസിനസ് ശൃംഖലകള്‍ക്ക് കീഴില്‍ രണ്ടുലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നു. മൊത്തം 3,200 കോടി ഡോളറാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി (ഏകദേശം 2.62 ലക്ഷം കോടി രൂപ). ബ്രിട്ടനിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ മുന്‍പന്തിയിലാണ് ഹിന്ദുജ സഹോദരന്മാര്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാണക്കമ്പനികളിലൊന്നാണ് അശോക് ലെയ്‌ലാന്‍ഡ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കാകട്ടെ ഇന്ത്യയിലെ ന്യൂജനറേഷന്‍ സ്വകാര്യബാങ്കുകളിലെ ആദ്യ ബാങ്കുമാണ്. മാനവക്ഷേമത്തിനും വലിയ പ്രാധാന്യമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുജ ഗ്രൂപ്പ് നല്‍കിവന്നത്. ഇന്ത്യയില്‍ ഗ്രാമീണ ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, കല, സംസ്‌കാരം, സാമൂഹികക്ഷേമം എന്നിവയ്‌ക്കെല്ലാം ഹിന്ദുജ ഫൗണ്ടേഷന്‍ മുഖേന സഹായഹസ്തങ്ങള്‍ അദ്ദേഹം നല്‍കി. അദ്ദേഹവും സഹോദരന്മാരും ആസ്തിയുടെ നിശ്ചിതപങ്ക് തന്നെ മാനവക്ഷേമത്തിനായാണ് വകയിരുത്തിയിട്ടുള്ളത്.
വിവാദങ്ങളും കുടുംബ തര്‍ക്കങ്ങളും
ബിസിനസ് വിപുലീകരിക്കുമ്പോഴും വിവാദങ്ങളും ഹിന്ദുജ സഹോദരന്മാരെ പിന്തുടര്‍ന്നിരുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ആയുധ നിര്‍മ്മാണക്കരാര്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വീഡിഷ് കമ്പനിയായ എ.ബി. ബോഫോഴ്‌സില്‍ നിന്ന് 8.1 കോടി സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന കേസ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കി.
ഹിന്ദുജ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കവും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എസ്.പി. ഹിന്ദുജയുടെ മക്കളായ ഷാനു, വിനൂ എന്നിവരും ഗോപിചന്ദ്, അശോക്, പ്രകാശ് എന്നിവര്‍ മറുഭാഗത്തും നിലയുറപ്പിച്ചായിരുന്നു തര്‍ക്കം. ''എല്ലാം എല്ലാവര്‍ക്കും കൂടിയുള്ളത്'' എന്ന ഹിന്ദുജ ഗ്രൂപ്പിന്റെ വില്‍പ്പത്ര തീരുമാനത്തിനെതിരെ എസ്.പിയുടെ മകള്‍ വിനൂ ഹിന്ദുജ രംഗത്തുവന്നതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്വത്ത് വിഭജനം പൂര്‍ണതോതിലെത്തുംമുമ്പേയാണ് എസ്.പിയുടെ വിടവാങ്ങല്‍.
Related Articles
Next Story
Videos
Share it