25 വര്‍ഷത്തിനിടെ ഇന്ത്യയെ ഞെട്ടിച്ചത് 3 പ്രധാന ആകാശ ദുരന്തങ്ങള്‍; മംഗളൂരു മുതല്‍ കോഴിക്കോട് വരെ രാജ്യം ഞെട്ടിയ അപകടങ്ങള്‍
അഹമ്മദാബാദ് വിമാനാപകട ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊതുവേ വിമാനാപകടങ്ങള്‍ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2000ന് ശേഷം വലുതെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് ആകാശദുരന്തങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചത് 2010 മെയ് 22ന് മംഗളൂരുവില്‍ നടന്നതാണ്. അന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് 737-8എച്ച്ജി വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ 158 പേരും അന്ന് മരിച്ചു.
മെയ് 22, 2010- എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഈ നൂറ്റാണ്ടില്‍ രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു 2010 മെയ് 22ന് നടന്നത്. യു.എ.ഇയിലെ ദുബൈ വിമാനത്താവളത്തില്‍ നിന്ന് 160 യാത്രക്കാരെയും ആറ് ജീവനക്കാരെയുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മംഗളൂരുവില്‍ അപകടത്തില്‍പ്പെട്ടത്. മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം.
വെറും എട്ടുപേര്‍ മാത്രമാണ് അന്ന് ജീവനോടെ രക്ഷപ്പെട്ടത്. വിമാനം രണ്ടായി പിളര്‍ന്ന് തീപിടിക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തിനടുത്തുള്ള കാട്ടില്‍ വീഴുമ്പോള്‍ വിമാനം പല കഷ്ണങ്ങളായി മാറിയിരുന്നു. ദുരന്ത സമയത്ത് മംഗളൂരു വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവും അപകടസാധ്യതയുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് കണ്ടെത്തിയ വിമാനത്താവളം കൂടിയാണ് മംഗളൂരുവിലേത്.
ജൂലൈ 17, 2000 അലയന്‍സ് എയര്‍ലൈന്‍സ്
ബോയിംഗ് 737 വിമാനം ബിഹാറിലെ പട്‌ന വിമാനത്താവളത്തിലാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 51 പേരും ഗ്രൗണ്ടിലുണ്ടായിരുന്ന അഞ്ചും അടക്കം 56 പേരാണ് മരിച്ചത്. 58 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
7 ഓഗസ്റ്റ്, 2020 കോഴിക്കോട്
മലയാളികളെ ഏറെ ഞെട്ടിച്ച വിമാനാപകടമായിരുന്നു 2020 ഓഗസ്റ്റ് ഏഴിന് സംഭവിച്ചത്. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലേക്ക് അമരുന്ന സമയത്തായിരുന്നു ദുരന്തം. 184 യാത്രക്കാരും 6 ജീവനക്കാരും അടക്കം 190 പേരുമായി ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പോന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
രണ്ട് പൈലറ്റുമാര്‍ അടക്കം 17 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പ്രദേശവാസികളുടെ സമയോചിത ഇടപെടലാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്.
Three major air disasters in India over 25 years — Mangalore, Patna, and Kozhikode — shocked the nation
Read DhanamOnline in English
Subscribe to Dhanam Magazine