

ട്രെന്‍ഡിന് അനുസരിച്ച് ഷൂസുകളും വസ്ത്രങ്ങളും വാങ്ങുന്നവര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഇഷ്ട ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവില്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ കബളിപ്പിക്കപ്പെട്ടേക്കാം. ലോകോത്തര ബ്രാന്‍ഡുകളുടെ വ്യാജ ഷൂസുകള്‍ കടത്താനുള്ള വന്‍ ശ്രമം ഹോങ്കോങ്ങ് കസ്റ്റംസ് കഴിഞ്ഞ ദിവസം തകര്‍ത്തു. വിപണിയില്‍ 88 കോടിയിലധികം രൂപ (10 മില്യന്‍ ഡോളര്‍) വിലമതിക്കുന്ന 18,000ത്തോളം വ്യാജ സ്‌നീക്കറുകളാണ് കസ്റ്റംസ് പിടികൂടിയത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് വില്‍പ്പന നടത്താന്‍ ഒരുക്കി വെച്ചിരുന്നതാണ് ഇവയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രസിദ്ധമായ പല ബ്രാന്‍ഡുകളുടെയും പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നൈക്കി(Nike), ലൂയി വിറ്റണ്‍ (Louis Vuitton), ഡിയോര്‍ (Dior), ഗുച്ചി (Gucci), അഡിഡാസ് (Adidas) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടേതാണ് ഇവയില്‍ അധികവും. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാജ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി കസ്റ്റംസ് നടത്തിയ ഹോട്ട് ഷൂസ് എന്ന പ്രത്യേക ഓപ്പറേഷനിലാണ് വിവിധ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒളിപ്പിച്ച നിലയില്‍ ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ ട്രെന്‍ഡുകളും ഇത്തരം ആഡംബര വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കിടയിലെ ഡിമാന്‍ഡും മുതലെടുത്താണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിപണിയില്‍ പുറത്തിറങ്ങാത്തതോ അല്ലെങ്കില്‍ പുറത്തിറങ്ങി ഒരാഴ്ച മാത്രം പിന്നിട്ടതോ ആയ മോഡലുകളുടെ വരെ വ്യാജപ്പതിപ്പുകള്‍ പിടിച്ചെടുത്തവയിലുണ്ട്. പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരാനുള്ള ഉപയോക്താക്കളുടെ മാനസികാവസ്ഥയാണ് തട്ടിപ്പുകാര്‍ കൃത്യമായി മുതലെടുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വ്യാജ ട്രേഡ് മാര്‍ക്കുകളുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും, കയറ്റുമതി ചെയ്യുന്നതും, വില്‍ക്കുന്നതും ഹോങ്കോങ്ങില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവും 4.4 കോടി രൂപ (5,00,000 ഡോളര്‍) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വളരെ കുറഞ്ഞ വിലയ്ക്ക് ലിമിറ്റഡ് എഡിഷന്‍ ഷൂസുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് വ്യാജനാകാന്‍ സാധ്യതയുണ്ട്. ഓര്‍ക്കുക ഒരു കമ്പനിയും നഷ്ടം സഹിച്ച് നിങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കില്ല. ഒറിജിനല്‍ ഷൂസുകളുടെ പെട്ടി, സ്റ്റിച്ചിങ്, പശയുടെ ഉപയോഗം, ലേബലുകള്‍ എന്നിവയുടെ ഗുണനിലവാരം ശ്രദ്ധിച്ചാലും വ്യാജന്മാരെ തിരിച്ചറിയാന്‍ കഴിയും. ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഉത്പന്നങ്ങളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് വ്യത്യാസങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് കമ്പനി വാറണ്ടി, ഗ്യാരണ്ടി പോലുള്ളവ നല്‍കുന്നുണ്ട്. ഇതിനായി കൃത്യമായ ടാഗും സീരിയല്‍ നമ്പരും ബാര്‍കോഡുമെല്ലാം ഉത്പന്നത്തിനൊപ്പം തന്നെ നല്‍കിയിരിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലെത്തി ഉത്പന്നങ്ങളുടെ സീരിയല്‍ നമ്പര്‍ വെച്ച് വാറണ്ടി പരിശോധിക്കാവുന്നതാണ്. ഇതിനായി ലെജിറ്റ് ചെക്ക്, ചെക്ക് ചെക്ക് യൂസ് എ.ഐ എന്നീ ആപ്പുകളുടെ സേവനവും തേടാവുന്നതാണ്. വിദഗ്ധരുടെ റിവ്യൂകള്‍ പരിശോധിക്കുന്നതും നല്ലതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine