ഹോട്ടലുകളും റസ്‌റ്റോറന്റുകളും തിങ്കളാഴ്ച അടച്ചിടും; പ്രതിസന്ധി മറികടക്കാന്‍ സപ്ലൈ ട്രാക്കര്‍

സിലിണ്ടര്‍ വിതരണം നിരീക്ഷിക്കുന്നതിന് 'കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും തിങ്കളാഴ്ച അടച്ചിടും; പ്രതിസന്ധി മറികടക്കാന്‍ സപ്ലൈ ട്രാക്കര്‍
Published on

പശ്ചിമേഷ്യന്‍ യുദ്ധം മൂലമുണ്ടായ പാചകവാതക ലഭ്യതക്കുറവ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയെ താറുമാറാക്കി. എല്‍പിജി സിലിണ്ടറുകള്‍ കിട്ടാതായതോടെ കൂടുതല്‍ ഹോട്ടലുകള്‍ക്ക് പൂട്ടുവീണു. പ്രവര്‍ത്തിക്കുന്നവയാകട്ടെ തീരെ കുറച്ച് വിഭവങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. വിറകടുപ്പിലേക്ക് മാറിയ ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകുന്നുണ്ട്.

നഗരമേഖലകളില്‍ വിറകടുപ്പിലേക്ക് മാറുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള നഗരങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത്. തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്നാണ് കേരള ഹോട്ടല്‍ ആന്‍ന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

നാളെ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. എല്‍.പി.ജി പ്രതിസന്ധിയുടെ കാര്യത്തില്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ വിഷയത്തില്‍ ഇടപ്പെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എല്‍പിജി സപ്ലൈ ട്രാക്കര്‍

എല്‍പിജി പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ശ്രമം ഊര്‍ജിതമാക്കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാന്‍ എറണാകുളത്ത് ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി നിലവില്‍ വന്നു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

സിലിണ്ടര്‍ വിതരണം നിരീക്ഷിക്കുന്നതിന് 'കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ പോര്‍ട്ടലിലൂടെ ഇന്ധനകമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിവരങ്ങള്‍ അറിയാന്‍ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രികള്‍, സ്‌കൂളുകള്‍, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സിലിണ്ടര്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കും. ലൈസന്‍സില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. കരിഞ്ചന്ത തടയുന്നതിനായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com