ഹോട്ടല്‍ടെക് കേരള ത്രിദിന പ്രദര്‍ശത്തിന് കൊച്ചിയില്‍ തുടക്കം

ഉത്പന്നങ്ങളും സേവനങ്ങളുമായി 35ല്‍പ്പരം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു
ഹോട്ടല്‍ടെക് കേരളാ പ്രദര്‍ശനത്തിന്റെ 16-ാമത് പതിപ്പ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
ഹോട്ടല്‍ടെക് കേരളാ പ്രദര്‍ശനത്തിന്റെ 16-ാമത് പതിപ്പ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
Published on

ഹോട്ടല്‍സ്, റിസോര്‍ട്ട്‌സ്, റെസ്റ്റോറന്റസ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്റെ 16-ാം പതിപ്പിന് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച പ്രദര്‍ശനം സമാപിക്കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനസമയം.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്പിറ്റല്‍ ക്യാന്റീനുകള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുകയും പാചകത്തിനുള്ള ബയോഗ്യാസാക്കി മാറ്റുകയും ചെയ്യുന്ന മെഷീനറികള്‍ നിര്‍മിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ് ഇത്തവണത്തെ ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണം.

പ്രതിദിനം 500 കിലോ ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറന്തള്ളുന്ന ഒരു ഹോട്ടലിനോ ക്യാന്റീനോ തങ്ങളുടെ വെനെറേറ്റര്‍ എന്ന ബയോഗ്യാസ് പ്ലാന്റുപയോഗിച്ച് ഒരു കൊമേഴ്‌സ്യല്‍ എല്‍പിജി സിലിണ്ടറിനു തുല്യമായ പ്യൂരിഫൈഡ് ബയോഗ്യാസ് ഉണ്ടാക്കാനാവുമെന്ന് ഇടുക്കി മുരിക്കാശ്ശേരി ആസ്ഥാനമായ വിവിഫികയുടെ സഹസ്ഥാപകന്‍ റിനു തോമസ് പറഞ്ഞു.

കേരളാ ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ), ദി ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്‌സ് ഫോറം (എച്ച്പിഎംഎഫ്) കേരളാ ചാപ്റ്റര്‍, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനീയേഴ്‌സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.

അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ) പ്രസിഡന്റ് കെ ജെ ജോസഫ്, ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകള്‍ക്കുള്ള മത്സരത്തിന്റെ ജൂറി അംഗങ്ങളായ ശ്യാംകുമാര്‍ പി, അനിത മേരി പീറ്റര്‍, പ്രദര്‍ശനത്തിന്റെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com