കൊച്ചിയില്‍ ഭവന വിലയില്‍ വലിയ കുറവ്, മറ്റ് നഗരങ്ങളില്‍ വില കൂടുമ്പോള്‍ യു ടേണില്‍ കേരളത്തിന്റെ മെട്രോ നഗരം!

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലവര്‍ധനയുള്ളത് കൊല്‍ക്കത്തയിലാണ്, 8.82 ശതമാനം. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ വിലവര്‍ധന 7.2 ശതമാനമാണ്
kochi city
Published on

രാജ്യത്ത് പ്രധാന മെട്രോ നഗരങ്ങളില്‍ ഭവനവില കൂടുമ്പോള്‍ കൊച്ചിയില്‍ വില കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2024ലെയും ഈ വര്‍ഷത്തെയും വിലകള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് പത്ത് പ്രധാന നഗരങ്ങളിലെ വീടുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്പന ഇടപാടുകള്‍ വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് ഓരോ പാദത്തിലും ഭവന വില സൂചിക പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ നിന്ന് ഈ സൂചികയില്‍ ഇടംപിടിച്ചിരിക്കുന്നത് കൊച്ചി മാത്രമാണ്.

2010-11 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഭവന വില സൂചിക കണക്കാക്കുന്നത്. ഈ അടിസ്ഥാന വര്‍ഷത്തില്‍ നിന്ന് എത്രത്തോളം വില ഉയര്‍ന്നുവെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ട്രെന്റ് മനസിലാക്കാനാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

വിലവര്‍ധനയില്‍ മുന്നില്‍ കൊല്‍ക്കത്തയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലവര്‍ധനയുള്ളത് കൊല്‍ക്കത്തയിലാണ്, 8.82 ശതമാനം. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ വിലവര്‍ധന 7.2 ശതമാനമാണ്. കേരളത്തില്‍ വിലക്കുറവ് 2.3 ശതമാനമാണ്. കാന്‍പൂര്‍ (-1.6), ഡല്‍ഹി (0.86) എന്നീ നഗരങ്ങളാണ് ഇക്കാര്യത്തില്‍ കൊച്ചിക്കു പിന്നില്‍. അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, ലക്‌നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

2024-25 സാമ്പത്തിക വര്‍ഷം റിയല്‍ എസ്റ്റേറ്റ് രംഗത്ത് വില്പനക്കാര്‍ക്ക് കൊച്ചി അത്ര സുഖകരമല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്നാംപാദത്തില്‍ സൂചിക അല്പം ഉയര്‍ന്നെങ്കിലും നാലാംപാദത്തില്‍ വീണ്ടും ഇടിഞ്ഞു. ഭവന വില കുറയുന്നത് വാങ്ങലുകാര്‍ക്ക് ഗുണം ചെയ്യുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്, ബില്‍ഡര്‍മാര്‍ എന്നീ മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com