സ്റ്റുഡന്റ്‌സ് വീസയിലെത്തിയവരെ കാനഡ നാടുകടത്തുന്നുവോ? മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആശങ്കയ്ക്ക് കാരണമുണ്ടോ?

ഈ വര്‍ഷം 7,000ത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഇത്തരത്തില്‍ വീസ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് സൂചന
Image Courtesy: x.com/CanadianPM
Image Courtesy: x.com/CanadianPM
Published on

കാനഡയില്‍ വീസ പദവിയില്‍ മാറ്റംവരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്കുന്ന നിയമം നിലവില്‍ വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡ പുതിയ വീസാചട്ടം കൊണ്ടുവന്നിരിക്കുന്നത്.

എല്ലാവിധ രേഖകളുമായി കാനഡയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ വീസ അനുമതി അപ്രതീക്ഷിതമായി റദ്ദാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വീസ അപേക്ഷകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. കൃത്യമായ അക്കാഡമിക് റെക്കോഡ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രതിസന്ധി നേരിടേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം 7,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഇത്തരത്തില്‍ വീസ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് സൂചന. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്നത്.

പ്രതിസന്ധിയിലാക്കിയത് സ്വകാര്യ കോളജുകള്‍

വിദേശ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്താന്‍ പ്രധാന കാരണം കാര്യമായ സൗകര്യങ്ങളില്ലാത്ത സ്വകാര്യ കോളജുകളാണെന്ന് ഫെയര്‍ഫ്യൂച്ചര്‍ ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. രാജ് ധനംഓണ്‍ലൈനോട് പറഞ്ഞു. കോവിഡിനുശേഷം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച നല്കി. ഇതോടെ ബിസിനസ് ലക്ഷ്യത്തോടെ നിരവധി സ്ഥാപനങ്ങളാണ് ഉയര്‍ന്നു വന്നത്. പല സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വര്‍ഷ കോഴ്‌സിന് ചേരുന്നവര്‍ക്ക് പഠന കാലയളവായി 7-8 മാസം മാത്രമാണ് ലഭിക്കുക. സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്റ്റേ ബാക്ക് സൗകര്യവും ലഭ്യമല്ല. പലരും താമസസൗകര്യം കണ്ടുപിടിക്കാന്‍ പോലും ബുദ്ധിമുട്ടി. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് കനേഡിയന്‍ സര്‍ക്കാര്‍ നിയമം കടുപ്പിച്ചത്. സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ല.

കാനഡയ്ക്ക് ഭാവിയില്‍ ആവശ്യമുള്ള മേഖലകളിലേക്കുള്ള കോഴ്‌സുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഈ കോഴ്‌സുകള്‍ക്ക് മാത്രമാകും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കിട്ടുക. പുതിയ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാതെ കാനഡയ്ക്ക് വിമാനം കയറിയവര്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ഡോ. എസ്. രാജ് കൂട്ടിച്ചേര്‍ത്തു.

ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് അധികാരം

വിദേശീയരുടെ കാര്യത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്ന രീതിയിലാണ് പുതിയ വീസ ചട്ടം കാനഡ പരിഷ്‌കരിച്ചിരിക്കുന്നത്. ഇ-വീസകള്‍ പോലുള്ള ഇലക്ട്രോണിക് യാത്രാരേഖകളും താല്‍ക്കാലിക റെസിഡന്റ് വീസകളും റദ്ദാക്കാനോ നിരസിക്കാനോ ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുതിയതായി രാജ്യത്തെത്തുന്നവരുടെ തൊഴില്‍ പെര്‍മിറ്റുകളും വിദ്യാര്‍ത്ഥിവീസയും റദ്ദാക്കാനും സാധിക്കുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

പഠിക്കാനും മറ്റും എത്തിയ പലരും വീസ കാലവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത്. പഠിക്കാനെത്തിയവര്‍ പഠനശേഷം നാട്ടില്‍ നിന്ന് പോകണമെന്ന നിലയിലേക്ക് കാനഡ മാറിയെന്ന സൂചനകളാണ് പുതിയ വ്യവസ്ഥകള്‍ നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com