വിഴിഞ്ഞം, കൊളംബോ തുറമുഖങ്ങളുമായി ഇടിച്ചു നില്‍ക്കണം; പുതിയ പ്ലാനുമായി കൊച്ചിന്‍ തുറമുഖ അതോറിറ്റി

വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിലെ (ഐ.സി.ടി.ടി) കപ്പല്‍ ചാലിന്റെ (Shipping line) ആഴം കൂട്ടാനുള്ള പദ്ധതിയുമായി കൊച്ചിന്‍ തുറമുഖ അതോറിറ്റി (സി.പി.എ). വലിയ കപ്പലുകള്‍ക്ക് അടുക്കാവുന്ന വിധത്തില്‍ 16 മീറ്റര്‍ ആഴമാക്കാനാണ് പദ്ധതി. വല്ലാര്‍പാടം ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായിരിക്കും ആഴം കൂട്ടല്‍ പ്രവൃത്തികള്‍

. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാന്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ക്ഷണിച്ചുകൊണ്ട് തുറമുഖ അതോറിറ്റി ടെന്‍ഡര്‍ നോട്ടീസും പുറത്തിറക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള വിഴിഞ്ഞം തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പുകള്‍ക്ക് വരെ അടുക്കാനാവും. ഈ സാഹചര്യത്തില്‍ വല്ലാര്‍പാടം ടെര്‍മിലിന്റെ പ്രസക്തി നഷ്ടമാകാതിരിക്കാനാണ് തുറമുഖ അതോറിറ്റി പുതിയ പദ്ധതിയുമായെത്തിയത്. ഷിപ്പിംഗ് വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുവെന്നും കപ്പലുകളുടെ ശേഷി 15,000 ട്വന്റി ഫൂട്ട് യൂണിറ്റില്‍ (ടി.ഇ.യു) നിന്നും 21,000 ടി.ഇ.യുവിലേക്ക് വര്‍ധിച്ചതായി കൊച്ചിന്‍ തുറമുഖ അതോറിറ്റി അധികൃതര്‍ പറയുന്നു. (ടി.ഇ.യു - ചരക്കു കപ്പലുകളുടെ ശേഷി അളക്കുന്ന യൂണിറ്റ്. ഒരു ടി.ഇ.യു എന്നത് 6.10 മീറ്റര്‍ നീളവും 2.44 മീറ്റര്‍ വീതിയും 2.59 മീറ്റര്‍ ഉയരവുമുള്ള ഒരു കണ്ടെയ്നറാണ്) ഇത്തരം കപ്പലുകള്‍ അടുക്കാന്‍ തുറമുഖത്തിന് 16 മുതല്‍ 18 വരെ മീറ്റര്‍ ആഴം ആവശ്യമാണ്. ട്രാന്‍സ്ഷിപ്പ്‌മെന്റ് ചരക്കുനീക്കത്തിന് വല്ലാര്‍പാടത്തിന്റെ ആഴം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്ലാന്‍ ഇങ്ങനെ
2011 ഫെബ്രുവരിയില്‍ 14.5 മീറ്റര്‍ ആഴത്തിലാണ് ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തത്. 600 മീറ്റര്‍ നീളത്തില്‍ വാര്‍ഫും നിര്‍മിച്ചിരുന്നു. പുതിയ പദ്ധതിയനുസരിച്ച് ടെര്‍മിനലിന്റെ ആഴം 16 മീറ്ററാക്കും. നിലവിലുള്ള വാര്‍ഫിന്റെ നീളം 50 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. ഇതിന് പുറമെ 350 മീറ്റര്‍ നീളത്തില്‍ മറ്റൊന്ന് കൂടി നിര്‍മിക്കും. പദ്ധതിയിലൂടെയുള്ള സാമ്പത്തിക നേട്ടം, എത്രത്തോളം കപ്പലുകളെ ആകര്‍ഷിക്കാനാകും തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാകും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ലക്ഷ്യം കൊളംബോയും വിഴിഞ്ഞവും
ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായ വല്ലാര്‍പാടം തുടര്‍ വികസനം വേഗത്തിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. നിലവില്‍ ശ്രീലങ്കയിലെ കൊളംബോ തീരത്ത് കൂടി നടക്കുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് ചരക്കുനീക്കത്തിന്റെ ഒരു ഭാഗം ലഭിക്കണമെന്നും വിഴിഞ്ഞം തുറമുഖം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്നും. നിലവില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ വഴിയുള്ള ചരക്കുനീക്കം നേട്ടത്തിലാണ് മുന്നോട്ടുപോകുന്നത്. കൂടുതല്‍ സര്‍വീസുകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കാനായതാണ് നേട്ടമായത്. ഗള്‍ഫ്, കിഴക്കനേഷ്യ, യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന മെയിന്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കാനായത് ദുബായ് പോര്‍ട്ട് വേള്‍ഡ് മാനേജ്‌മെന്റിന് കീഴിലുള്ള വല്ലാര്‍പാടം ടെര്‍മിനലിന് കരുത്തായി. ഇതിന് പുറമെ രാജ്യത്തെ 12 തുറമുഖങ്ങളിലേക്കും ഇവിടെ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.

Related Articles

Next Story

Videos

Share it