Begin typing your search above and press return to search.
മാറിയത് 14 വര്‍ഷത്തെ പിണക്കം, കേരള അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം: ഈ വിമാനത്താവളം കളി മാറ്റും
പാലക്കാട് 3,806 കോടി രൂപയുടെ വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തില്‍ കേരളത്തിലെ വ്യവസായ മേഖലയ്ക്കും ഗുണകരമാണ് പുതിയ നീക്കം
കേന്ദ്രവുമായി 14 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിനൊടുവില്‍ കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്ത് തമിഴ്‌നാട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഡി.എം.കെ സര്‍ക്കാരിന്റെ നീക്കം. വ്യവസായങ്ങള്‍ക്ക് പേരുകേട്ട കോയമ്പത്തൂരിലെ വിമാനത്താവള വികസനം പ്രദേശത്തെ സംരംഭകര്‍ക്കും നേട്ടമാണ്. അതിര്‍ത്തിയില്‍ നിന്നും ഒരുമണിക്കൂര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം കൂടുതല്‍ വികസിക്കുന്നത് കേരളത്തിലെ വ്യവസായ മേഖലയ്ക്കും ഗുണകരമാണ്. പ്രത്യേകിച്ചും പാലക്കാട് 3,806 കോടി രൂപയുടെ വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തില്‍.
14 വര്‍ഷം തര്‍ക്കം, 600 ഏക്കര്‍ ഭൂമി കൊടുത്തത് ഫ്രീയായി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭൂമിയേറ്റെടുക്കലിലെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14 വര്‍ഷത്തോളമാണ് കോയമ്പത്തൂര്‍ വിമാനത്താവള വികസനം തടസപ്പെട്ടത്. ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന് തയ്യാറായ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ഉപാധികളുമില്ലാതെ സൗജന്യമായാണ് 600 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത്. ഇങ്ങനെ നല്‍കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ലീസിന് നല്‍കരുതെന്നായിരുന്നു തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ ഇത്തരത്തിലുള്ള നിബന്ധനകള്‍ ഒഴിവാക്കി 99 വര്‍ഷത്തേക്കാണ് ലീസിന് നല്‍കിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ക്ക് കൊടുത്താലോ എന്ന് പേടി
അതേസമയം, സര്‍ക്കാര്‍ ഭൂമിയില്‍ പണിത വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയാലോ എന്ന ആശങ്കയാണ് ഭൂമികൈമാറ്റത്തില്‍ തടസമായതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇങ്ങനെ കൈമാറിയാല്‍ വിപണി വില അനുസരിച്ച് ലീസ് തുക പുതുക്കണമെന്നും തമിഴ്‌നാട് നിലപാടെടുത്തിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇക്കാര്യത്തില്‍ നിലപാട് മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായി.
വ്യവസായങ്ങള്‍ക്ക് ഗുണമാകും
കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം രണ്ട് ദശാബ്ദക്കാലമായി വ്യവസായ ലോകം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. വലിയ വിമാനങ്ങള്‍ക്ക് കൂടി ലാന്‍ഡ് ചെയ്യാവുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാനും എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് പദ്ധതിയുണ്ട്. ഇതോടെ വിമാനത്താവളത്തിലെ വാര്‍ഷിക യാത്രക്കാുരുടെ എണ്ണം 1.5 കോടിയായി വര്‍ധിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. നിലവില്‍ ശരാശരി 35 ലക്ഷം പേരാണ് വിമാനത്താവളത്തിലെ സേവനങ്ങള്‍ ഒരോ വര്‍ഷവും ഉപയോഗിക്കുന്നത്. കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ തുടങ്ങാനും വികസനം വഴിവയ്ക്കും.
കേരളത്തിനും നേട്ടം
പാലക്കാട് ജില്ലയിലെ കേരള അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തിലാണ് കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇത് പാലക്കാട് ജില്ലയിലെ സംരംഭങ്ങള്‍ക്ക് ഗുണകരമാകും. മേഖലയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ ലോകത്തെവിടെയും എത്തിക്കാമെന്നത് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഇടയാക്കും. ലോജിസ്റ്റിക്‌സ് രംഗത്ത് വലിയ മാറ്റം വരുന്നതോടെ, പുതുതായി അനുമതി ലഭിച്ച പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയിലടക്കം, കൂടുതല്‍ നിക്ഷേപങ്ങളും വരും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story
Videos