

പൊതുവേ വമ്പൻ അഴിമതികളും തട്ടിപ്പുകളും ഒക്കെ വെളിച്ചത്തേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ ഔദ്യോഗിക ഏജൻസിക്കോ മാധ്യമങ്ങൾക്കോ രഹസ്യമായി വിവരം നൽകിയിട്ടുള്ള ഒരു ഇൻഫോർമറുടെ അല്ലെങ്കിൽ വിസിൽബ്ലോവറുടെ സാന്നിധ്യം കാണാനാകും. എന്നാൽ അത്തരം രഹസ്യ വിവരങ്ങളുടെ തുമ്പൊന്നും ഇല്ലാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ നൽകിയ സൗകര്യം പ്രയോജനപ്പെടുത്തി ആദായ നികുതി വകുപ്പിന്റെ ഹൈദരാബാദ് യൂണിറ്റ് കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് ഹോട്ടൽ മേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ നികുതിത്തട്ടിപ്പാണ്.
വളരെ ജനകീയമായ ബിരിയാണി കടകൾ ഉൾപ്പെടെയുള്ള ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകളുടെ 60 ടെറാബൈറ്റ് (60,000 ജിബി) അളവിലുള്ള ഇടപാട് സംബന്ധിച്ച വിവരശേഖത്തിൽ നിന്നും എഐ ടൂളുകളും ബിഗ് ഡേറ്റ അനാലിസിസും ഉപയോഗപ്പെടുത്തിയാണ്, കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ചുരുങ്ങിയത് 70,000 കോടി രൂപയുടെ എങ്കിലും വിറ്റുവരവ് കുറച്ചുകാണിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെയോ ഓഡിറ്റുകാരെയോ നിയോഗിച്ചിരുന്നെങ്കിൽ അനവധി വർഷങ്ങൾ ചെലവഴിച്ചുമാത്രം തെളിയിക്കാൻ സാധിക്കുന്ന തട്ടിപ്പു കണക്കുകളാണ് അതിവേഗത്തിൽ എഐ സാങ്കേതികവിദ്യ പുറംലോകത്തേക്ക് കൊണ്ടുവന്നത്.
കടകളിൽ കാണപ്പെടുന്ന തിരക്കിനൊത്ത നികുതി വരുന്നില്ലെന്ന സംശയത്തിൽ 2025 നവംബറിലാണ് ആദായ നികുതി ഉദ്യോഗസ്ഥർഅന്വേഷണം ആരംഭിച്ചത്. ഹൈദരാബാദിൽ പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 40 ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തിയ അന്വേഷണവും ഡിജിറ്റൽ പരിശോധനയും കഴിഞ്ഞപ്പോൾ സംശയം സ്ഥിരീകരിക്കുകയും അന്വേഷണം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ദേശീയ തലത്തിൽ ഹോട്ടലുകളിലെ ബില്ലിംഗിന് ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിൽ നിന്നും 1.77 ലക്ഷം റെസ്റ്റോറന്റ് ഐഡികളിലുള്ള 60 ടെറാബൈറ്റ് അളവിലുള്ള ഇടപാടുകളുടെ ബിൽ സംബന്ധിച്ച ഡേറ്റ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. തുടർന്ന് ജിഎസ്ടി കണക്കുകളും പൊതുയിടത്തിൽ ലഭ്യമായ വിവരങ്ങളുമായി ഒത്തുനോക്കുന്നതിനായി, ജനറേറ്റീവ് എഐ ഉൾപ്പെടെയുള്ള എഐ ടൂളുകളും അതിനൂതന അനലിറ്റിക്കൽ സംവിധാനങ്ങളും ഉപയോഗിച്ച് റെസ്റ്റോറന്റുകളുടെ ഇടപാടുകൾ ആഴത്തിൽ വിശകലനം ചെയ്തതോടെ, തട്ടിപ്പ് വെളിവാക്കുന്ന ബില്ലിങ് സോഫ്റ്റ്‍വെയറിലെ ചില പ്രത്യേക പാറ്റേണുകൾ തെളിഞ്ഞുവന്നു.
പണമായും യുപിഐ/ കാർഡ് വഴിയും നൽകുന്ന എല്ലാ ഇടപാടുകളും ബില്ലിംഗ് സോഫ്റ്റ്‍വെയർ മുഖേന ഹോട്ടലുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് അവരുടെ ജോലിക്കാർ കണക്ക് വെട്ടിക്കാതിരിക്കാനും കൂടി ചെയ്യുന്നതായിരുന്നു. തുടർന്ന് പണമായി നൽകിയിട്ടുള്ള ഇടപാടുകളിലെ വലിയൊരു പങ്കും ഹോട്ടൽ ഉടമകൾ സോഫ്റ്റ്‍വെയറിൽ നിന്നും ഡിലീറ്റ് ചെയ്യും. അതുപോലെ ഏതാനും ദിവസങ്ങളിലെ ബില്ലുകൾ മൊത്തമായും നീക്കം ചെയ്യും. എന്നിട്ട് യഥാർത്ഥത്തിലുള്ള വിറ്റുവരവിനേക്കാളും താഴ്ന്ന കണക്കുകൾ സമർപ്പിച്ച് നികുതി വെട്ടിക്കുമായിരുന്നു രീതി.
ബില്ലിംഗിലെ ഈ പാറ്റേൺ മനസ്സിലാക്കുകയും ഹോട്ടലിന്റെ ജിഎസ്ടി കണക്കുകളും പൊതുയിടത്തിൽ ലഭ്യമായിട്ടുള്ള വിവരങ്ങളും കോർത്തിണക്കി എഐ ടൂളുപയോഗിച്ച് വിശകലനം ചെയ്തതോടെ തട്ടിപ്പ് മറനീക്കി പുറത്തുവന്നു. 2019-20 മുതൽ 2025-26 വരെയുള്ള ആറ് സാമ്പത്തിക വർഷങ്ങൾക്കിടയിൽ 2.43 ലക്ഷം കോടി രൂപയുടെ വിറ്റുവരവിന്റെ കണക്കുകളാണ് പരിശോധിച്ചത്. ചുരുങ്ങിയത് 70,000 കോടി രൂപയുടെ വിറ്റുവരവ് ഹോട്ടലുകൾ മറച്ചുവെച്ചുവെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം.
ഇതിൽ ദേശീയതലത്തിൽ 13,300 കോടി രൂപയെങ്കിലും ബില്ല് ചെയ്ത ഇടപാടുകൾ ഡിലീറ്റ് ചെയ്ത് തട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിന് പുറമെ കർണാടക (2,000 കോടി) , തെലങ്കാന (1,500 കോടി), തമിഴ്നാട് (1,200 കോടി), മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ശതകോടിക്കണക്കിന് രൂപയുടെ ബിൽ വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ നിന്നും മൊത്തം വിറ്റുവരവിന്റെ 27 ശതമാനമെങ്കിലും കുറച്ചുകാണിച്ചുവെന്നാണ് അനുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine