റഷ്യന്‍ ടെക്‌നോളജിയില്‍ ഇന്ത്യയില്‍ പിറന്ന വജ്രായുധം : 35,000 എ.കെ 203 അസോള്‍ട്ട് റൈഫിളുകള്‍ കൂടി ഇന്ത്യന്‍ ആര്‍മിക്ക്

റഷ്യന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിച്ച 35,000 അത്യാധുനിക കലാഷ്‌നിക്കോവ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ പ്രതിരോധ വകുപ്പിന് കൈമാറി. ഇരുരാജ്യങ്ങളുടെയും സംയുക്ത സംരംഭമായ ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഉത്തര്‍ പ്രദേശിലെ അമേത്തിയിലെ പ്ലാന്റില്‍ തോക്കുകള്‍ നിര്‍മിച്ചത്. പരിശോധനകള്‍ക്ക് ശേഷം 10,000 തോക്കുകള്‍ സൈന്യത്തിന് കൈമാറി. ബാക്കിയുള്ളവയുടെ പരിശോധന പുരോഗമിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതികളുടെ ഭാഗമായി ആറുലക്ഷത്തോളം റൈഫിളുകള്‍ നിര്‍മിക്കുന്നതിന് 2021 നവംബറിലാണ് 5,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.
എകെ-203 റൈഫിള്‍
ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള എകെ-200 റൈഫിളുകളില്‍ ഉപയോഗിക്കുന്ന 7.62×39 എം.എം കാട്രിഡ്ജുകള്‍ ഇടാവുന്ന തരത്തിലാണ് എകെ-203 റൈഫിളിന്റെ നിര്‍മാണം. കലാഷ്‌നിക്കോവ് സീരിസില്‍ പെട്ട തോക്കുകളുടെ വിശ്വസ്തതയും എളുപ്പത്തില്‍ പരിപാലിക്കാമെന്ന പ്രത്യേകതയും എകെ-203 റൈഫിളിനുണ്ട്.
ഗ്യാസ് ഓപ്പറേറ്റഡ് റെട്ടേറ്റിംഗ് ബോള്‍ട്ട് സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. 3.8 കിലോ ഗ്രാമാണ് തൂക്കം. 690 മില്ലി മീറ്റര്‍ നീളമുള്ള തോക്ക് 930 മില്ലി മീറ്ററിലേക്ക് നീട്ടാനും കഴിയും. ഒരു മിനിറ്റില്‍ 700 റൗണ്ട് വെടിയുണ്ടകള്‍ പായിക്കാം. ഒരു മാഗസിനില്‍ 30 തിരകളാണുള്ളത്. ശത്രുവിനെ 800 മീറ്റര്‍ വരെ ദൂരെ നിന്ന് കീഴ്‌പ്പെടുത്താനാവുമെന്നതും ശ്രദ്ധേയമാണ്. മിഖായേല്‍ കലാഷ്‌നിക്കോവ് നിര്‍മിച്ച എകെ സീരീസിലെ ഏറ്റവും പുതിയ ഇനമാണിത്.
ഇന്‍സാസ് തോക്കുകള്‍ക്ക് പകരക്കാരന്‍
നിലവില്‍ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കുകള്‍ക്ക് പകരക്കാരനായാണ് എകെ 203യുടെ വരവ്. കാശ്മീര്‍ പോലുള്ള ശൈത്യമേഖലയില്‍ ഇന്‍സാസ് തോക്കുകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇവ പിന്‍വലിക്കാനുള്ള തീരുമാനം. വെടിയുതിര്‍ക്കുമ്പോള്‍ കണ്ണിലേക്ക് തെറിക്കുന്നതും അമിത ഭാരവും ഇന്‍സാസിന് വിനയായി.
ഇന്ത്യന്‍ സൈന്യത്തിന് കരുത്താകും
അതേസമയം, പുതിയ സീരീസിലുള്ള അസോള്‍ട്ട് റൈഫിളുകള്‍ എത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന് കരുത്താകും. അതിര്‍ത്തിയില്‍ പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. നേരത്തെ ഈയിനത്തില്‍പ്പെട്ട 70,000 തോക്കുകള്‍ ഇന്ത്യ നേരിട്ട് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. ഇന്‍സാസ് തോക്കുകള്‍ ഉപയോഗിച്ചുള്ള 'ഷൂട്ട് ടു ഇന്‍ജ്വര്‍' (പരിക്കേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ആക്രമണം) തന്ത്രത്തിന് പകരം 'ഷൂട്ട് ടു കില്‍' ( കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണം) ലേക്ക് മാറാന്‍ ഇന്ത്യന്‍ സൈന്യത്തിന് എ.കെ-203ലൂടെ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

Related Articles

Next Story

Videos

Share it