
ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ തടസങ്ങളുണ്ടാക്കുമെന്ന ഭീതിക്കിടെ ആഗോള എണ്ണവില വന്‍തോതില്‍ ഉയരുന്നു. ഈ വര്‍ഷം ആദ്യമായി ക്രൂഡ് വില 80 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില നിലവില്‍ 78 ഡോളറിന് മുകളിലാണ്. വരും ദിവസങ്ങളില്‍ സംഘര്‍ഷം മുറുകിയാല്‍ വില ഇനിയും ഉയരുമെന്നാണ് നിഗമനം. ഇതുവരെ ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകളുടെ സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളൊന്നും ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ആഗോളതലത്തില്‍ എണ്ണ ആവശ്യകത കുറഞ്ഞ നിലയില്‍ തന്നെയാണ്. എണ്ണ ഇറക്കുമതിയിലെ മുമ്പന്മാരായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് താഴ്ന്നു നില്ക്കുന്നതാണ് ഇതിനു കാരണം. ഇറാക്ക്, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ ഉയര്‍ന്നത് എണ്ണലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഉക്രെയ്‌നെതിരായ യുദ്ധത്തിനുശേഷം റഷ്യ എണ്ണ ഡിസ്‌കൗണ്ട് തുടരുമെന്നതും വിലയെ സ്വാധീനിച്ച വലിയ ഘടകമാണ്.
പുതിയ രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് പരമ്പരാഗത എണ്ണ വിപണികളുടെ സ്വാധീനം കുറച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങള്‍ ഈ വര്‍ഷം എണ്ണ ഉത്പാദനം കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റി. ഉത്പദാനം കുറച്ചാലും ഡിമാന്‍ഡ് കൂട്ടാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ കൂടിയാണിത്. കൂടുതല്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതും വിതരണം മെച്ചപ്പെടാന്‍ കാരണമായി.
മെയ് മാസത്തില്‍ ഇന്ത്യയുടെ റഷ്യന്‍ ഇറക്കുമതി പ്രതിദിനം 1.96 മില്യണ്‍ ബാരലായിരുന്നു. ജൂണില്‍ ഇത് കൂടുമെന്നാണ് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ നിഗമനം. 2.2 മില്യണ്‍ ബാരലിലേക്ക് ഇത് ഉയര്‍ന്നേക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയതിലും കൂടുതല്‍ വരുമിത്.
അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ജൂണില്‍ കുതിച്ചുയര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെയില്‍ 2.8 ലക്ഷം ബാരലായിരുന്നു വാങ്ങിയിരുന്നതെങ്കില്‍ ജൂണിലിത് 4.39 ലക്ഷം ബാരലായി ഉയര്‍ന്നു. യുഎസില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇരട്ടിയായെന്ന് വ്യക്തം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജൂണിലെ എണ്ണവാങ്ങല്‍ കുറവായിരിക്കുമെന്നാണ് വിവരം.
ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനൊപ്പം യുഎസും ചേര്‍ന്നത് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്കിയിട്ടുണ്ട്. ഇത്തരത്തിലൊരു സാഹസത്തിലേക്ക് ഇറാന്‍ കടന്നാല്‍ എണ്ണ അടക്കമുള്ളവയുടെ വിതരണം താളംതെറ്റും. എണ്ണവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും.
എണ്ണവില കാര്യമായി ഉയര്‍ന്നാല്‍ ഇന്ത്യയെ പോലെ മൊത്ത ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അതു തിരിച്ചടിയാകും. രാജ്യത്ത് ഇന്ധനവില വര്‍ധനയ്‌ക്കൊപ്പം അവശ്യസാധനങ്ങളുടെ വില കൂടാനും ഇതു വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine