ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ സംഭവിക്കുന്നത്; മുബീനയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും നിലച്ചു
aadhar-logo
aadhar-logo
Published on

സര്‍ക്കാര്‍ ആനുകൂല്യത്തിനായി നല്‍കിയ തന്റെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ആരോ ദുരുപയോഗം ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് മുബീന ഫസലുല്‍ റഹ്മാന്‍ ഇപ്പോഴും മോചിതയായിട്ടില്ല. തമിഴ്നാട്ടിലെ  ഒരു സാധാരണ വീട്ടമ്മയായ തന്റെ പേരില്‍ സംസ്ഥാന നികുതി വകുപ്പില്‍ നാലര കോടി രൂപ കുടിശികയുണ്ടെന്നറിഞ്ഞതോടെ മുബീനയും കുടുംബവും പരിഭ്രാന്തിയിലാണ്. ഈ കുടിശിക കാരണം മുബീനക്ക് തമിഴ്നാട്  സര്‍ക്കാര്‍ മാസം തോറും നല്‍കി വന്നിരുന്ന ആയിരം രൂപയുടെ ആശ്വാസധനവും നഷ്ടമായി. സ്വകാര്യ രേഖകളുടെ ദുരുപയോഗം ഒരാളെ എന്തെല്ലാം അപകടങ്ങളില്‍ ചെന്നെത്തിക്കുമെന്നതിന്റെ പുതിയ ഉദാഹരണമാണ് തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശിനിയായ മുബീന എന്ന 31 കാരിയുടെ അനുഭവം.

രേഖകള്‍ ചോര്‍ത്തി കമ്പനിയുണ്ടാക്കി

തിരുപ്പത്തൂരിലെ വാടക വീട്ടിലാണ് മുബീനയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് നിയാസ് അഹമ്മദ് ലെതര്‍ ഫാക്ടറിയില്‍ തൊഴിലാളിയാണ്. മൂന്നു മക്കളുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം. തമിഴ്നാട്  സര്‍ക്കാരിന്റെ ധനസഹായ പദ്ധതിയില്‍ നിന്ന് മാസം തോറും കിട്ടുന്ന ആയിരം രൂപ ഏറെ ആശ്വാസം. ഈ പണം സ്വീകരിക്കാന്‍ മാത്രമായാണ് നാട്ടിലെ എസ്.ബി.ഐ ശാഖയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ഏതാനും ദിവസം മുമ്പ് മുബീനയുടെ ബാങ്ക് അകൗണ്ട് മരവിപ്പിച്ചതായി കാണിച്ച് ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. മുബീനയുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ ഉപയോഗിച്ച് തിരുപ്പത്തൂരില്‍ എം.ആര്‍.കെ എന്റര്‍പ്രൈസസ് എന്നൊരു കമ്പനി ആരോ ഉണ്ടാക്കിയിരിക്കുന്നു. ഈ കമ്പനിയുടെ പേരില്‍ നടത്തിയ ബിസിനസിന്റെ നികുതി കുടിശികയായ നാലര കോടി രൂപ മുബീനയുടെ പേരിലാണുള്ളത്.

ദുരുപയോഗം വ്യാപകം

ഇത്തരത്തില്‍ മറ്റൊരുടെയെങ്കിലും സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് കമ്പനി തുടങ്ങുന്നതും നികുതി വെട്ടിപ്പ് നടത്തുന്നതും വ്യാപകമായിട്ടുണ്ടെന്ന് വെല്ലൂര്‍ ജി.എസ്.ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തൊഴിലുറപ്പ് ജോലികള്‍ക്കും സര്‍ക്കാര്‍ ധനസഹായത്തിനും ഗ്യാസ് സബ്‌സിഡിക്കുമെല്ലമായി നല്‍കുന്ന രേഖകള്‍ പല രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. വ്യാജ കമ്പനികളുണ്ടാക്കി നിയമവിധേയമല്ലാത്ത ബിസിനസുകള്‍ നടത്തുന്നു. നികുതി വെട്ടിപ്പിനും ഇത്തരം അകൗണ്ടുകള്‍ മറയാക്കുന്നു. ഈ വര്‍ഷം ഇത്തരത്തിലുള്ള മൂന്നു പരാതികള്‍ ലഭിച്ചതായി തിരുപ്പത്തൂര്‍ പോലിസും വ്യക്തമാക്കി.

അക്കൗണ്ട് മരവിപ്പിക്കും

മുബീനയുടെ ബാങ്ക് അക്കൗണ്ട് ഇനി അവര്‍ക്ക് പെട്ടെന്ന് തിരിച്ചു കിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അത് മരവിപ്പിച്ച സ്ഥിതിയില്‍ തന്നെ തുടരും. നിലവില്‍ കുറ്റക്കാരിയാണെന്നതിനാല്‍ ആ പാന്‍ കാര്‍ഡ് ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങാനുമാകില്ല. നികുതി കുടിശിക വരുത്തിയ കമ്പനിയുമായി അവര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണത്തില്‍ തെളിയുമ്പോള്‍ മാത്രമേ ഇനി ബാങ്ക് മുഖേന ഇടപാടുകള്‍ നടത്താനാകൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com