ഇന്ത്യയില്‍ 167 കോടി രൂപ വാര്‍ഷിക ശമ്പളം വാങ്ങിയ കമ്പനി മേധാവിയുണ്ട്; പരിചയപ്പെടാം

കലാനിധി മാരനും ഭാര്യക്കും കൂടി പ്രതിഫലം 175 കോടി
Thierry Delaporte
Thierry Delaporte
Published on

മുന്‍നിര ഇന്ത്യന്‍ കമ്പനികളെ നയിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ശമ്പളാനുകൂല്യങ്ങള്‍ വാങ്ങുന്നത് ആരൊക്കെയാണ്? ഓഹരി വിപണിയില്‍ നിഫ്റ്റി-50 കമ്പനികളുടെ കാര്യമെടുത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് വിപ്രോയില്‍ നിന്ന് ഏപ്രിലില്‍ രാജിവെച്ച ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ട്, ഹീറോ മോട്ടോകോര്‍പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാള്‍, ബജാജ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ജെയിന്‍ എന്നിവരാണ്. ഒരു സാമ്പത്തിക വര്‍ഷം 100 കോടിയിലേറെ പ്രതിഫലം പറ്റിയവരുടെ പട്ടികയിലാണ് ഇവര്‍. ഇതില്‍ തന്നെ വിപ്രോ, ഹീറോ സാരഥിമാരുടെ ശമ്പളാനുകൂല്യങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഇരട്ടിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിപ്രോയുടെ ഡെലാപോര്‍ട്ട് മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ വാങ്ങിയത് 167 കോടി രൂപയാണ്. തൊട്ടു മുന്‍പത്തെ വര്‍ഷം പ്രതിഫലം 83 കോടിയായിരുന്നു. ബജാജ് ഫിനാന്‍സിന്റെ രാജീവ് ജെയിനിന്റെ പ്രതിഫലം 49 കോടിയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 101 കോടി രൂപയായി വര്‍ധിച്ചു.

ഇന്ത്യന്‍ സി.ഇ.ഒയുടെ ശരാശരി പ്രതിഫലം 10 കോടി

കഴിഞ്ഞ ഏതാനും വര്‍ഷമായി സി.ഇ.ഒമാരുടെ ശമ്പളാനുകൂല്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സി.ഇ.ഒമാരുടെ ശരാശരി വാര്‍ഷിക ശമ്പളം 10 കോടി രൂപയാണ്. എന്നാല്‍ ഇത് അമേരിക്കയില്‍ 120 കോടിയോളം രൂപ (1.50 കോടി ഡോളര്‍)യാണ്. പ്രവര്‍ത്തന മികവുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യയില്‍ മിക്ക കമ്പനികളും സി.ഇ.ഒമാര്‍ക്ക് ശമ്പളാനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നത്. വിപ്രോ സി.ഇ.ഒ സ്ഥാനം വഹിച്ച ഡെലാപോര്‍ട്ടിന്റെ നിശ്ചിത ശമ്പളം 24 കോടി രൂപയാണ്. എന്നാല്‍ കമീഷന്‍, ഇന്‍സന്റീവ്, വേരിയബിള്‍ പേ ഇനങ്ങളില്‍ വാങ്ങിയത് 42 കോടി. വിരമിക്കല്‍, വാര്‍ഷിക കോമ്പന്‍സേഷന്‍ ഇനങ്ങളിലാണ് 93 കോടി രൂപ വാങ്ങിയത്. അതേസമയം, വിപ്രോയുടെ വരുമാനം തൊട്ടുമുന്‍വര്‍ഷത്തെ 90,486 കോടിയില്‍ നിന്ന് 89,760 കോടി രൂപയായി താഴ്ന്നു. ലാഭത്തിലും കുറവുണ്ടായി. 11,372ല്‍ നിന്ന് 11,045 കോടി രൂപയായി ഇടിഞ്ഞു.

വിനീത് ജെയിനിന്റെ നിശ്ചിത പ്രതിഫലം 20 കോടി രൂപയാണ്. സ്‌റ്റോക് ഓപ്ഷന്‍ സ്‌കീമില്‍ പെടുത്തി നല്‍കിയ ഓഹരികളാണ് 52 കോടി. ബജാജ് ഫിനാന്‍സിന്റെ ലാഭം കഴിഞ്ഞ വര്‍ഷം 11,508 കോടിയില്‍ നിന്ന് 14,451 കോടിയായി ഉയര്‍ന്നു.

അദാനി എന്റര്‍പ്രൈസസ് സി.ഇ.ഒക്ക് 89.37 കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 കോടി രൂപയില്‍ കൂടുതല്‍ ശമ്പളാനുകൂല്യങ്ങള്‍ കൈപ്പറ്റിയ മറ്റ് ഏഴു പേര്‍ ഇവരാണ്: അദാനി എന്റര്‍പ്രൈസസിന്റെ സി.ഇ.ഒ വിനയ് പ്രകാശ് (89.37 കോടി രൂപ), ജെ.എസ്.ഡബ്‌ള്യു സ്റ്റീലിന്റെ സജ്ജന്‍ ജിന്‍ഡാല്‍ (73.39 കോടി), ഇന്‍ഫോസിസിന്റെ സലില്‍ പരേഖ് (66.25 കോടി), ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ സതീഷ് പൈ (64.71 കോടി), ഡിവിസ് ലാബിന്റെ മുരളി കെ. ഡിവി (64.06 കോടി), ബജാജ് ഓട്ടോയുടെ രാജീവ് ബജാജ് (53.75 കോടി), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ എസ്.എന്‍ സുബ്രഹ്‌മണ്യന്‍ (51.05 കോടി). തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനയാണ് ഇവര്‍ക്ക് ലഭിച്ചത്.

നിഫ്റ്റി-50യില്‍ പെടാത്ത കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളാനുകൂല്യങ്ങള്‍ കൈപ്പറ്റിയത് സണ്‍ ടി.വി നെറ്റ്‌വര്‍ക്കിന്റെ ചെയര്‍മാന്‍ കലാനിധി മാരനാണ് -87.50 കോടി രൂപ. ഭാര്യ കാവേരി കലാനിധിക്ക് മുഴുസമയ ഡയറക്ടര്‍ എന്ന നിലയില്‍ തത്തുല്യമായ ശമ്പളാനുകൂല്യങ്ങള്‍ (87.50 കോടി) നല്‍കി. ഇരുവര്‍ക്കും കഴിഞ്ഞ വര്‍ഷവും ഇതേ തുകയാണ് നല്‍കിയത്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവറിന്റെ നവീന്‍ ജിന്‍ഡാലിന് 84.99 കോടി രൂപ ലഭിച്ചു. അപ്പോളോ ടയേഴ്‌സിന്റെ എം.ഡി നീരജ് കന്‍വര്‍ കൈപ്പറ്റിയത് 64.28 കോടി രൂപ. അമരരാജ എനര്‍ജി ആന്‍ഡ് മൊബിലിറ്റി എം.ഡി ജയദേവ് ഗല്ല വാങ്ങിയത് 63.30 കോടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com