

എണ്ണ നിക്ഷേപം കൊണ്ട് പുരോഗതി കൈവരിച്ച രാജ്യങ്ങള്‍ നിരവധിയാണ്. മിഡില്‍ ഈസ്റ്റ് -മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ എണ്ണ സമ്പത്ത് ഒരു ഭാരമായി കൊണ്ടുനടക്കുന്ന ഒരു ഒപെക് അംഗരാജ്യമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ നൈജീരിയ.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നൈജീരിയ അംഗമാവുന്നത് 1960ല്‍ ആണ്. ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നവരുടെ പട്ടികയില്‍ പതിനൊന്നാമതായ നൈജീരിയക്ക് പക്ഷെ കാര്യമായ നേട്ടം മേഖലയില്‍ നിന്ന് ഉണ്ടാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ്.
വില കൂട്ടേണ്ട, സബ്‌സിഡി സര്‍ക്കാര്‍ നല്‍കും
ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. അവസാനമായി രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് 2020 ഡിസംബറിലാണ്. 175 നൈരയാണ് (നൈജീരിയന്‍ കറന്‍സി) രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന്. അതായത് ഏകദേശം 31.5 ഇന്ത്യന്‍ രൂപ. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴൊന്നും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സബ്‌സിഡിയിലൂടെയാണ് ഇന്ധന വില വര്‍ധനവിനെ നൈജീരിയ മറികടക്കുന്നത്.
ഇതിനായുള്ള വരുമാനം കണ്ടെത്തുന്നതാകട്ടെ സര്‍ക്കാരിന് കീഴിലുള്ള നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പറേഷന്റെ ലാഭത്തില്‍ നിന്നും. എന്നാല്‍ ഈ വര്‍ഷം ഇതുവരെ കോര്‍പറേഷന്‍ സര്‍ക്കാരിന് പണമൊന്നും നല്‍കിയിട്ടില്ല. ഇന്ധന സബ്‌സിഡി ഇനത്തില്‍ നൈജീരിയന്‍ സര്‍ക്കാരിന് 2022ല്‍ 12.6 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് ലോക ബാങ്കിന്റെ കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ഇരട്ടിയോളമായിരിക്കും ഇപ്രാവശ്യത്തെ സബ്‌സിഡി ചെലവ്. അതായത് ക്രൂഡ് ഓയില്‍ വിലയില്‍ നിന്ന് കോര്‍പറേഷന് ഉണ്ടാകുന്ന നേട്ടങ്ങളെക്കാള്‍ കൂടുതലായിരിക്കും സര്‍ക്കാരിന് സബ്‌സിഡി ഇനത്തില്‍ ചെലവാകുക.
ഉല്‍പ്പാദനം കുറയുന്നു, ഉപഭോഗം വര്‍ധിക്കുന്നു
പുതുക്കിയ ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപദ്ധതി എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് നീക്കിവെക്കുന്ന തുകയെക്കാള്‍ കൂടുതലാണ് ഇന്ധന സബ്‌സിഡിക്കായി നൈജീരിയ മാറ്റി വെച്ചിരിക്കുന്നത്. ഇന്ധന വില കുറവായതുകൊണ്ട് തന്നെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ ഉപഭോഗം തുടര്‍ച്ചയായി ഉയരുകയാണ്. ഉപഭോഗം ഉയരുന്നതിന് അനുസരിച്ച് സ്വാഭാവികമായും സബ്‌സിഡി ഭാരവും വര്‍ധിക്കും. എണ്ണ വില്‍പ്പനയില്‍ നിന്നുള്ള രാജ്യത്തിന്റെ അറ്റവരുമാനം (Net Oil Revenue ) വര്‍ഷം തോറും കുറയുന്നതിനും ഈ സബ്‌സിഡി കാരണമാവുകയാണ്.
എണ്ണ നിക്ഷേപത്തില്‍ മുന്നിലാണെങ്കിലും രാജ്യം ഇന്ധന ക്ഷാമവും നേരിടുന്നുണ്ട്. ലാഭം മുഴുവന്‍ സബ്‌സിഡിക്ക് ചെലവാകുന്നതുകൊണ്ട് നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പറേഷന് ഉല്‍പ്പാദനം കൂട്ടാന്‍ സാധിക്കുന്നില്ല എന്നതും ഇന്ധന കള്ളക്കടത്തും ഈ മേഖലയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളാണ്. മേഖലയിലെ നിക്ഷേപത്തിന്റെ അഭാവം മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ദിവസം 1.5 മില്യണ്‍ ബാരലിനും താഴെയാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം. ആവശ്യത്തിനുള്ള് ക്രൂഡ് ഓയില്‍ റിഫൈനറികളും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ധനത്തിന്റെ വലിയൊരു ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്.
അനധികൃത റിഫൈനറികളും കള്ളക്കടത്തും
എണ്ണ യുദ്ധീകരണത്തിലെ പിന്നോക്കാവസ്ഥയെ മറികടക്കാന്‍ നൈജീരിയന്‍ ശതകോടീശ്വരന്‍ അലീകോ ഡാന്‍കോട്ടെ ഉള്‍പ്പെടെയുള്ളവര്‍ എണ്ണ ശുദ്ധീകരണ ശാല ആരംഭിക്കുന്നുണ്ട്. പക്ഷെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിഫൈനറികളെ തടയാനോ എണ്ണക്കള്ളക്കടത്ത് അവസാനിപ്പിക്കാനോ നൈജീരിയന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പ്രതിദിനം 108,000 ബാരല്‍ എണ്ണയാണ് രാജ്യത്ത നിന്ന് അനധികൃതമായി കടത്തുന്നുണ്ട് എന്നാണ് കണക്കുകള്‍. ആകെ ഉല്‍പ്പാദനത്തിന്റെ 7 ശതമാനത്തോളം വരും ഇത്.
നൈജീരയ ഉല്‍പ്പാദിപ്പിച്ച എണ്ണയുടെ 5-20 ശതമാനവും ഇത്തരത്തില്‍ കടത്തപ്പെട്ടന്നാണ് വിലയിരുത്തല്‍. പൗരന്മാര്‍ രാജ്യത്ത് നിന്ന് ഇന്ധനം വാങ്ങി അയല്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക വിറ്റ് നേട്ടമുണ്ടാക്കുന്നുണ്ട്. പ്രതിദിനം 180,000 ബാരല്‍ എണ്ണ കൈമാറുന്ന ട്രാന്‍സ് നൈഗര്‍ പൈപ്പ് ലൈന്‍ മോഷണം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അടച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് നൈജീരയയിലെ അനധികൃത റിഫൈനറികളില്‍ ജോലി ചെയ്യുന്നത്. സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ തുടങ്ങിയവരൊക്കെ ഈ എണ്ണ കള്ളക്കടത്തിന്റെ ഭാഗാണ്.
Read DhanamOnline in English
Subscribe to Dhanam Magazine