സെറം ഇന്‍സ്റ്റിറ്റ്യൂട്ട്: ലാഭത്തില്‍ മുന്നില്‍; കോവിഡ് വാക്‌സിന്‍ വരുമാനം മൂന്നിരട്ടിയാക്കും

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു കേള്‍ക്കാത്താവര്‍ ഇന്ന് വിരളമായിരിക്കും. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കാളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പക്ഷേ ഏവര്‍ക്കും സുപരിചിതമായത് കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനത്തിലൂടെയാണെന്ന് മാത്രം. കൊവിഷീല്‍ഡ് എന്ന കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനം പേര് മാത്രമല്ല, ലാഭവും വര്‍ധിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോര്‍പറേറ്റ് ഡാറ്റബേസ് തയാറാക്കുന്ന കാപിറ്റലൈനിന്റെ കണക്ക് പ്രകാരം 5000 കോടിയിലേറെ വിറ്റുവരവുള്ള 418 ഇന്ത്യന്‍ കമ്പനികളില്‍ ലാഭത്തില്‍ മുന്നില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

2019-20 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വിറ്റുവരവ് 5926 കോടി രൂപയാണ്. 2251 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 41.3 ശതമാനമാണ് അദര്‍ പൂനവാല സാരഥ്യം വഹിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാഭ നിരക്ക്. 5000 കോടിയിലേറെ വിറ്റുവരവുള്ള കമ്പനികളിലെ ഏറ്റവും കൂടിയ നിരക്കാണിതെന്ന് കാപിറ്റലൈന്‍ വിലയിരുത്തുന്നു.
കൊവിഷീല്‍ഡ് വിപണിയിലിറക്കിയ 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം വന്‍ ലാഭത്തിലെത്തിയ കമ്പനിയല്ല സെറം. 2014 മുതല്‍ ലാഭത്തിലാണ് കമ്പനി. 2013-14 സാമ്പത്തിക വര്‍ഷം 1741.33 കോടി രൂപയായിരുന്നു സെറം ഇന്‍സ്റ്റ്യൂട്ടിന്റെ ലാഭം. തുടര്‍ന്ന് 2015 ല്‍ 1963.89 കോടി, 2016 ല്‍ 2179 കോടി, 2017 ല്‍ 2057 കോടി, 2018 ല്‍ 1912 കോടി, 2019 ല്‍ 2252 കോടി, 2020 ല്‍ 2251 കോടി രൂപയും ലാഭമുണ്ടാക്കി. 2014 സാമ്പത്തിക വര്‍ഷം 3636.2 കോടി രൂപയായിരുന്നു ആകെ വരുമാനമെങ്കില്‍ 2020 ല്‍ അത് 5926 കോടി രൂപയായി.
കൊവിഷീല്‍ഡിന്റെ വിപണനം കമ്പനിക്ക് വന്‍ ലാഭം ഉണ്ടാക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്‌സിന്‍ നല്‍കിയ സ്ഥാനത്ത് സംസ്ഥാനങ്ങള്‍ക്ക് 300 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് നല്‍കി വരുന്നത്. എന്നാല്‍ 150 രൂപയ്ക്ക് നല്‍കിയാല്‍ തന്നെ ലാഭമാണ്.
50 കോടി ഡോസ് 300 രൂപയ്ക്ക് വിറ്റാല്‍ തന്നെ 15000 കോടി രൂപ വിറ്റുവരവ് നേടാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാവും. 2020 സാമ്പത്തിക വര്‍ഷത്തില്‍ നേടിയതിന്റെ മൂന്നിരട്ടി. അടുത്ത ആറു മാസത്തിനിടെ കൊവിഷീല്‍ഡിന്റെ ഉല്‍പ്പാദനം 250 കോടി ഡോസായി വര്‍ധിപ്പിക്കാനാണ് അദര്‍ പൂനവാലയുടെ ശ്രമം.
ബ്ലൂംബെര്‍ഗ് തയാറാക്കിയ ബില്യണയേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം അദര്‍ പൂനവാലയുടെ പിതാവ് സൈറസ് പൂനവാലയുടെ ആസ്തി 16.2 ശതകോടി ഡോളറാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമേ ഹോഴ്‌സ് ബ്രീഡിംഗ്, റിയല്‍ എസ്‌റ്റേറ്റ്, ഏവിയേഷന്‍, ഫിനാന്‍സ് മേഖലകളിലും നിക്ഷേപമുണ്ട് ഇവര്‍ക്ക്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it