10,000 പേര്‍ക്ക് ജോലി, നിക്ഷേപകര്‍ക്ക് വന്‍ ഇളവുകള്‍: തമിഴ്‌നാടിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ കേരളത്തിനും ഗുണമാകും

തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്ത് ഐ.എസ്.ആര്‍.ഒയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായി, സമീപത്തെ മധുരൈ, തൂത്തുകുടി, തിരുനെല്‍വേലി, വിരുധനഗര്‍ ജില്ലകളെ 'സ്‌പേസ് ബേ' കളാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇതിനായി പത്ത് വര്‍ഷത്തിനുള്ളില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും നിക്ഷേപകര്‍ക്ക് വമ്പന്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയും പുതിയ ബഹിരാകാശ വ്യവസായ നയം 2024 (Tamil Nadu space industrial policy 2024) കഴിഞ്ഞ ദിവസം പുറത്തിറക്കി. ബഹിരാകാശ രംഗത്തെ നിര്‍മാണ, സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെല്ലാം ഇളവുകള്‍ ബാധകമാണെന്നും തമിഴ്‌നാട് വ്യവസായ വികസന കോര്‍പറേഷന്റെ (TIDCO) വെബ്‌സൈറ്റില്‍ പറയുന്നു.
നിക്ഷേപകര്‍ക്കുള്ള ഇളവുകള്‍ ഇങ്ങനെ
സ്‌പേസ് ബേകളില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് വിവിധ തരത്തിലുള്ള ഇന്‍സെന്റീവുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കമ്പനികള്‍ക്ക് 10 ശതമാനം സബ്‌സിഡിയും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഏഴ് വര്‍ഷത്തെ കാലാവധിയും നല്‍കും. ഭൂമി വിലയില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും. രജിസ്‌ട്രേഷന്‍, സ്റ്റാംപ് ഡ്യൂട്ടി, വൈദ്യുതി നിരക്ക് എന്നിവയിലും ഇളവുണ്ട്. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഏകജാലക സംവിധാനം വഴി വേഗത്തില്‍ അനുമതികളും ലഭ്യമാകും.
ബഹിരാകാശ രംഗത്തെ ഹെവി എഞ്ചിനീയറിംഗ് മേഖലയ്ക്ക് വേണ്ടി സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ഇതിനോടകം തന്നെ തിരുച്ചിറപ്പള്ളിയില്‍ (ട്രിച്ചി) ട്രീറ്റ് (TREAT) എന്ന പേരില്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കുലശേഖരപുരത്ത് വരാനിരിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന് സമീപം സമാനമായ ഒരു കേന്ദ്രം കൂടി സര്‍ക്കാര്‍ നിര്‍മിക്കും. ഉപഗ്രഹങ്ങളും അവയുടെ പേലോഡുകളും നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ കുലശേഖരപുരത്തും നിലവിലുള്ള വ്യവസായ ഹബ്ബുകളിലും ആരംഭിക്കും. നിക്ഷേപങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളെ രണ്ടായിട്ടാണ് തിരിച്ചിരിക്കുന്നത്. 50 മുതല്‍ 300 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളാണ് ആദ്യ വിഭാഗത്തില്‍. രണ്ടാമത്തേതില്‍ 300 കോടി രൂപക്ക് മേലുള്ള നിക്ഷേപങ്ങളുമാണ്.
സ്‌പേസ് പാര്‍ക്കുകള്‍
പ്രൊപ്പലന്റുകള്‍, ഉപഗ്രഹങ്ങള്‍, പേ ലോഡുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി രണ്ട് സ്‌പേസ് പാര്‍ക്കുകളാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മധുരൈ, തൂത്തുകുടി, തിരുനെല്‍വേലി, വിരുധനഗര്‍ ജില്ലകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിശ്വാസം. 10 വര്‍ഷത്തിനുള്ളില്‍ നേരിട്ടും അല്ലാതെയും 10,000 തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കും. ഗതാഗതം, കൃഷി, ദുരന്ത നിവാരണം, നഗരാസൂത്രണം എന്നീ മേഖലകളില്‍ ഉപഗ്രാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തും. 2030ല്‍ ഒരു ലക്ഷം കോടി ഡോളര്‍ (ഏകദേശം 83.5 ലക്ഷം കോടി രൂപ) നേട്ടത്തിലെത്താന്‍ തമിഴ്‌നാടിനെ സഹായിക്കുന്നതാണ് പദ്ധതികള്‍. ഫ്‌ളോറിഡയിലെ ബഹിരാകാശ തുറമുഖം പോലെ തമിഴ്‌നാടിനെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ബഹിരാകാശ രംഗത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ഇന്‍സെന്റീവ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിനും നേട്ടം
തമിഴ്‌നാട്ടിലെ ബഹിരാകാശ വ്യവസായം കേരളത്തിനും നേട്ടമാകുമെന്നാണ് വിദഗ്ധാഭിപ്രായം. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകളാണ് തിരുനെല്‍വേലിയും വിരുധനഗറും. തൂത്തുക്കുടിയും മധുരയും കേരളവുമായി കാലങ്ങളായി ബന്ധങ്ങളുള്ള ജില്ലകളുമാണ്. കൂടാതെ ഐ.എസ്.ആര്‍.ഒയുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണെന്നതും പരിഗണിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇത് വഴിയുള്ള ചരക്കുകടത്തും കൂടുതലാകും. ഈ ഘടകങ്ങള്‍ പരിഗണിച്ചാല്‍ തമിഴ്‌നാടിന്റെ തീരുമാനം കേരളത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
Related Articles
Next Story
Videos
Share it