തട്ടിപ്പില്‍ തട്ടിവീണ് മലയാളി, കുരുങ്ങാതിരിക്കാന്‍ എന്തുവേണം?

കേരളത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. മലപ്പുറത്തെ 1200 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പും തൃക്കാക്കരയിലെ 200 കോടിയുടെ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പും കോഴിക്കോട് ബാങ്ക് മാനേജര്‍ ഓണ്‍ലൈന്‍ ഗെയിമിനും സ്റ്റോക്കില്‍ ഊഹക്കച്ചവടം നടത്താനും വേണ്ടി കോടികള്‍ വെട്ടിപ്പ് നടത്തിയതും സംസ്ഥാനത്തെ ഒരിക്കലും അവസാനിക്കാത്ത തട്ടിപ്പു കഥകളിലെ ഏറ്റവും പുതിയ സംഭവങ്ങള്‍ മാത്രം. വാസ്തവത്തില്‍, ആഗോളതലത്തില്‍ തന്നെ കൊട്ടിഘോഷിക്കപ്പെട്ട ക്രിപ്റ്റോ കറന്‍സികളും തകര്‍ന്നടിയുകയാണ്.

ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ എഫ്.ടി.എക്സിന്റെ തകര്‍ച്ചയും അതിന്റെ സി.ഇ.ഒയായ സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ അറസ്റ്റുമാണ് ഈ സംഭവ പരമ്പരകളിലെ ഒടുവിലായി പുറത്തുവന്നിരിക്കുന്ന കാര്യം. ഒട്ടനവധി സാമൂഹ്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ കേരളം ഇന്ത്യയിലെ അങ്ങേയറ്റം വികസിതമായ ഒരു സംസ്ഥാനമാണ്. അതേസമയം അങ്ങേയറ്റം ഉത്കൃഷേച്ഛയുള്ള ജനത കൂടിയാണ്. സമ്പത്ത് ആര്‍ജിക്കാന്‍ മലയാളികള്‍ സദാ വഴികള്‍ തേടിക്കൊണ്ടേയിരിക്കും. പക്ഷേ പലപ്പോഴും നാം അതിവേഗം സമ്പന്നരാക്കാമെന്നു വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് പരിപാടികളുടെ പിന്നാലെ ഒന്നുമാലോചിക്കാതെ ഓടിപ്പോവുകയും കൈപൊള്ളുകയും ചെയ്യും.

ഓഹരി നിക്ഷേപത്തില്‍ കേരളം പിന്നില്‍

സാമ്പത്തിക സാക്ഷരത, അല്ലെങ്കില്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുക എന്നീ കാര്യങ്ങളില്‍ കേരളം പിന്നിലാണെന്നത് വാസ്തവമാണ്. ബി.എസ്.ഇയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ വെറും 2.38 ശതമാനം പേര്‍ മാത്രമാണ് ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ഇത് 20.12 ശതമാനവും ഗുജറാത്തില്‍ 10.17 ശതമാനവും ഉത്തര്‍പ്രദേശില്‍ 9.29 ശതമാനവുമാണ്. രാജ്യാന്തരതലത്തിലെ കണക്കുകളെടുത്താല്‍ ചൈന, കൊറിയ എന്നീ രാജ്യങ്ങളില്‍ 12-13 ശതമാനത്തോളം പേര്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്നു. അമേരിക്കയില്‍ ഇത് 32 ശതമാനമാണ്. ഈ കണക്കുകളെല്ലാം താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകും കേരളത്തിന്റെ ഈ കാര്യത്തിലെ പിന്നോക്കാവസ്ഥ.

സ്ഥിരനിക്ഷേപം, മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്വിറ്റി അങ്ങേയറ്റം റിസ്‌കുള്ള നിക്ഷേപ മാര്‍ഗമായതുകൊണ്ടാണോ ഇത്? റിസ്‌കെടുക്കാന്‍ മടിയുള്ളവരാണ് മലയാളികളെങ്കില്‍ ഇത്രമാത്രം സാമ്പത്തിക തട്ടിപ്പുകളും കുംഭകോണങ്ങളും കേരളത്തില്‍ നടക്കുന്നതെങ്ങനെ? വാസ്തവത്തില്‍ സുരക്ഷിതമായ സ്ഥിരനിക്ഷേപം എന്ന പേരില്‍ മലയാളികള്‍ ഒരുതരത്തിലുള്ള ഭയവുമില്ലാതെ എന്‍.ബി.എഫ്.സികള്‍ പുറത്തിറക്കുന്ന ഹൈ റിസ്‌ക് ബോണ്ടുകളിലും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന അണ്‍ സെക്വേര്‍ഡ് സ്ഥിരനിക്ഷേപ പദ്ധതികളിലും പണം നിക്ഷേപിക്കുന്നു. ചൂതാട്ടം മലയാളികള്‍ക്കിടയില്‍ സാധാരണമായ കാര്യവുമാണ്.

എന്താണ് തട്ടിപ്പില്‍ പെടാനുള്ള കാരണം?

മലയാളികളെന്താണിങ്ങനെ നിരന്തരം സാമ്പത്തിക തട്ടിപ്പുകളില്‍ ചെന്ന് ചാടുന്നത്? മതിയായ സാമ്പത്തിക സാക്ഷരതയില്ലാത്തതാണ് മൂലകാരണമെന്ന് സാമാന്യബോധത്തോടെ ചിന്തിച്ചാല്‍ മനസ്സിലാകും. തട്ടിപ്പുകാര്‍ മലയാളികളുടെ ഈ കഴിവുകേടാണ് മുതലെടുക്കുന്നത്. ഇരുട്ടി വെളുക്കുമ്പോള്‍ വലിയ നേട്ടം വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവര്‍ മലയാളികള്‍ക്കുമുന്നില്‍ വെയ്ക്കുന്നത്. പെട്ടെന്ന് പണക്കാരനാകണമെന്ന മോഹവുമായി നടക്കുന്ന മലയാളികള്‍ ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമായുള്ള സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ശാസ്ത്രീയവും നിയമവിധേയവുമായ മാര്‍ഗം കാല്‍ക്കുലേറ്റഡ് റിസ്‌കെടുത്തുകൊണ്ടുള്ള നിക്ഷേപം നടത്തുകയെന്നതാണ്. അതിന് നല്ലൊരു മാര്‍ഗം ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിലുള്ള നിക്ഷേപവുമാണ്. ദൗര്‍ഭാഗ്യവശാല്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന കാര്യം പറയുമ്പോള്‍ മലയാളികള്‍ മുഖം തിരിഞ്ഞുനില്‍ക്കും. അടിയന്തരമായി കേരളത്തിലെ യുവ സമൂഹത്തെ, കാലങ്ങളായി തിളക്കമാര്‍ന്ന നേട്ടം സമ്മാനിച്ചുകൊണ്ടിരിക്കുന്ന വാല്യു ഇന്‍വെസ്റ്റിംഗ് എന്ന ഓഹരി നിക്ഷേപ തന്ത്രത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. ക്രിപ്റ്റോ കറന്‍സി പോലുള്ള സാഹസിക നിക്ഷേപങ്ങള്‍ ഒഴിവാക്കുക. സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള വലിയ അവസരങ്ങള്‍ തുറന്നുതരുന്നത് വാല്യു ഇന്‍വെസ്റ്റിംഗാണ്; പ്രത്യേകിച്ച് സ്മോള്‍ ക്യാപിലെ നിക്ഷേപങ്ങള്‍.

ഇന്നോ ഇന്നലെയോ തുടങ്ങുന്നതല്ല വാല്യു ഇന്‍വെസ്റ്റിംഗിന്റെ ചരിത്രം. ഏതാണ്ട് തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ബെഞ്ചമിന്‍ ഗ്രഹാം തുടക്കമിട്ട ഈ നിക്ഷേപ തന്ത്രത്തിന്റെ ഫിലോസഫിയിലും തത്വശാസ്ത്രത്തിലും വിശ്വാസം അര്‍പ്പിച്ചവരാണ് ലോകത്തിലെ വിജയികളായ നിക്ഷേപകരില്‍ ഭൂരിഭാഗവും. ആഗോളതലത്തില്‍ ഗ്രഹാം മുതല്‍ വാറന്‍ ബഫറ്റ് വരെയുള്ള നിക്ഷേപകരും ഇന്ത്യയിലെ ചന്ദ്രകാന്ത് സമ്പത്ത് മുതല്‍ പരാഗ് പരേഖ്, രാകേഷ് ജുന്‍ജുന്‍വാല എന്നിവരുമെല്ലാം ഈ സമ്പന്നമായ പാരമ്പര്യത്തെയാണ് മുറുകെ പിടിച്ചതും പിന്തുടര്‍ന്നതും.

അടിക്കുറിപ്പ്:

2010 കാലഘട്ടം. ഞങ്ങള്‍ പനമ്പിള്ളി നഗറിലെ പുതിയ ഓഫീസിലേക്ക് മാറിയതേയുള്ളൂ. അക്കാലത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ കുറച്ച് ചെറുപ്പക്കാരായ ട്രെയ്‌നികള്‍ ഇക്വിറ്റി ഇന്റലിജന്‍സില്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഒരു ട്രെയ്നി എന്റെ അടുത്ത് വന്ന് ആഗോള കറന്‍സികള്‍ക്ക് ബദലായി വളരാന്‍ കരുത്തുള്ള പുതിയൊരു ക്രിപ്‌റ്റോ കോയിന്‍, ''ബിറ്റ്‌കോയിന്‍'' നല്ലൊരു നിക്ഷേപം ആകുമെന്ന് അഭിപ്രായപ്പെട്ടു. അന്ന് ബിറ്റ്കോയിനിന്റെ വില 60-70 സെന്റാണ്. എനിക്ക് മനസ്സിലാകാത്ത കാര്യങ്ങളില്‍ ഞാന്‍ നിക്ഷേപിക്കാറില്ലെന്നും അവനും ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിയണമെന്നും സ്വല്‍പ്പം സ്വരം കനപ്പിച്ചു ഉപദേശിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു.

ബിറ്റ്കോയിന്‍ വില 10,000 ഡോളറിലെത്തിയപ്പോള്‍ ഞാനവനെ വിളിച്ചു. അവന്റെ കയ്യില്‍ കുറച്ച് ബിറ്റ്കോയിന്‍ അപ്പോഴുമുണ്ടെന്നും ഇക്വിറ്റി ഇന്റലിജന്‍സില്‍ വെച്ച് അവനോട് അക്കാര്യത്തില്‍ കടുപ്പത്തോടെ സംസാരിച്ചതില്‍ വിഷമമുണ്ടെന്നും അവന്‍ സൂചിപ്പിച്ചു. ബിറ്റ്കോയിന്‍, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ടുള്ള മാര്‍ക്കറ്റിന്റെ അഭിനിവേശം തിരിച്ചറിയുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുവെന്നത് സത്യമാണ്. എന്നിരുന്നാലും എനിക്കതില്‍ അല്‍പ്പം പോലും പശ്ചാത്താപമില്ല. അത് ഞാന്‍ പിന്തുടരുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ബിറ്റ്കോയിന്‍ ഒരു ഡോളര്‍ വില വന്നാല്‍ പോലും ഞാന്‍ വാങ്ങില്ല. കാരണം അതിന് യാതൊരു അടിസ്ഥാനമൂല്യവുമില്ല. സോവറിന്‍ പിന്തുണയില്ലാതെ ഒന്നും കറന്‍സിയാകില്ല.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles
Next Story
Videos
Share it